go

പത്തനാപുരം ഡിപ്പോ ഹബ്സ്റ്റേഷനാക്കിയില്ല, ബസുകൾ ആളില്ലാതെ ഓടുന്നു

കെഎസ്ആർടിസി ഡിപ്പോയിലേക്ക് വന്നുപോകുന്ന ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലം.
കെഎസ്ആർടിസി ഡിപ്പോയിലേക്ക് വന്നുപോകുന്ന ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലം.
SHARE

പത്തനാപുരം ∙ കെഎസ്ആർടിസി ഡിപ്പോ ഹബ്സ്റ്റേഷനാക്കി ഉയർത്തണമെന്ന ആവശ്യം നടപ്പായില്ല. ഫലമോ?, കെഎസ്ആർടിസിക്കു നഷ്ടം ലക്ഷങ്ങൾ. പുനലൂർ–കായംകുളം, പുനലൂർ–തിരുവല്ല, പുനലൂർ–കാഞ്ഞിരപ്പള്ളി–പൊൻകുന്നം എന്നീ പാതകളിൽ 20 മിനിറ്റ് ഇടവിട്ട് നടത്തുന്ന ചെയിൻ സർവീസാണു കാലിയായി ഓടുന്നത്. 3 പാതകളും പത്തനാപുരത്തു സംഗമിച്ച് ഒറ്ററോഡിലൂടെയാണു പുനലൂരിനു പോകുക. ഇതാണു കാരണം.കായംകുളം–എറണാകുളം, അടൂർ–കോട്ടയം–തൃശൂർ, പത്തനംതിട്ട–എരുമേലി–പാല എന്നിവിടങ്ങളിലേക്കു പോകുന്നതിന് ആര്യങ്കാവ് വഴിയെത്തുന്ന ഇതരസംസ്ഥാനക്കാർക്കടക്കം പത്തനാപുരം വഴിയാണ് എളുപ്പപാത.

പുനലൂരിൽനിന്നു പത്തനാപുരത്തെത്തിയാണു വഴിതിരിഞ്ഞു പോകുന്നത്. ഇതാണു പത്തനാപുരം ഡിപ്പോയെ ഹബ്സ്റ്റേഷനാക്കി ഉയർത്തി ബസുകളുടെ സമയം ക്രമപ്പെടുത്തി വിടണമെന്ന ആവശ്യത്തിനു കാരണം.നിലവിൽ 3 പാതകളിലൂടെയും വരുന്ന ബസുകൾ പത്തനാപുരത്തെത്തി പുനലൂരിലേക്ക് ഒന്നിനു പിറകെ ഒന്നായി പോകും. ഇതോടൊപ്പം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നു. ഫലത്തിൽ കാലിയായാണു ബസുകളുടെ യാത്ര. ഇതിനു പകരം പത്തനാപുരം ഡിപ്പോയിൽ സമയം ക്രമപ്പെടുത്തി വിട്ടാൽ ഇതു പരിഹരിക്കാനാകും.

ഇതു കൂടാതെ പുന്നല–പത്തനാപുരം–തലവൂർ–കൊട്ടാരക്കര, പത്തനാപുരം–കുന്നിക്കോട്–കൊട്ടാരക്കര ചെയിൻ സർവീസും ഇവിടെനിന്നു നടത്തുന്നു. പത്തനാപുരം–ഏനാത്ത്–കരുനാഗപ്പള്ളി ചെയിൻ സർവീസിന് അനുമതി ലഭിച്ചെങ്കിലും ബസും ജീവനക്കാരും ഇല്ലാത്തതാണു സർവീസ് ആരംഭിക്കുന്നതിനു തടസ്സം. ഇതു കൂടി ആരംഭിക്കുന്നതോടെ ജില്ലയിലെ പ്രധാന ഡിപ്പോയായി പത്തനാപുരം മാറും.അരമണിക്കൂർ ഇടവിട്ടു തിരുവനന്തപുരം, പ്രത്യേക ഇടവേളകളിൽ തെങ്കാശി, സർവീസുകളും, മലയോര മേഖലയിൽ കൂടുതൽ ദീർഘദൂര സർവീസ് നടത്തുന്ന ഡിപ്പോയെന്ന ഖ്യാതിയും പത്തനാപുരത്തിനു സ്വന്തം. വാളകം–ശബരി ബൈപാസ് വന്നതോടെ ഇതു വഴി തിരുവനന്തപുരത്തിനു കൂടുതൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.  സ്വകാര്യ ബസുകൾ ഇല്ലാത്ത ഒട്ടേറെ ഗ്രാമീണ പാതകളിലും സർവീസ് നടത്തുന്നു. എന്നിട്ടും ഹബ് സ്റ്റേഷനാക്കി ഉയർത്തണമെന്ന ആവശ്യത്തിൽ നടപടിയില്ലാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama