go

പണി നിലച്ച റോഡ് ചെളിക്കുളം; നിർമാണം അശാസ്ത്രീയം

KOLLAM~1
കരവാളൂർ പഞ്ചായത്തിൽ ചെളിക്കെട്ടായി മാറിയ പുത്തൂത്തടം ഭാഗം
SHARE

പുനലൂർ ∙ നിർമാണം പൂർത്തിയാക്കാതെ വന്നതോടെ മണ്ണ് ഇട്ടിരുന്ന റോഡ് ചെളിക്കുളമായി മാറി. ആറു മാസം മുൻപ് തുടങ്ങിയ പണിയാണ് പൂർത്തിയാകാതിരുന്നത്. പുത്തൂത്തടം ഭാഗത്താണ് ദുരിതാവസ്ഥ‌. ഇതുവഴി കാൽനടയാത്ര പോലും ദുഷ്ക്കരമായി. ആറരക്കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡിന് അഞ്ചര മീറ്റർ വീതിയാണ് നിശ്ചയിച്ചിരിക്കുന്നത്.

കരവാളൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ചാണ്ടി മുക്ക് മുതൽ മണലിൽ വരെയുള്ള 6 കിലോമീറ്റർ റോഡാണിത്. പൊതുമരാമത്ത് വകുപ്പ് അടയാളപ്പെടുത്തിയ സ്ഥലം പോലും ഏറ്റെടുക്കാതെ കരാറുകാരുടെ തന്നിഷ്ട പ്രകാരമാണ് പലയിടത്തും നിർമാണം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ആവശ്യമായ ഓടകൾ നിർമിക്കാതെ അശാസ്ത്രീയമായാണ് നിർമാണം പുരോഗമിക്കുന്നത്. മുപ്പത് വർഷം പഴക്കമുള്ള കലുങ്ക് പുതുക്കിപ്പണിയാതെ ഇതിന് മുകളിൽ സംരക്ഷണ ഭിത്തി കെട്ടിയതോടെ അധികഭാരത്താൽ കലുങ്കിന്റെ അടിഭാഗം പൊട്ടിപ്പിളർന്ന നിലയിലാണ്. കലുങ്ക് തകർന്നത് മറച്ചുവച്ചു നിർമാണം തുടർന്നതോടെ പാതയിൽ അപകടാവസ്ഥയുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു‌.

നിർമാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോ എൻജിനീയറോ സ്ഥലത്ത് എത്താറില്ലെന്നും നാട്ടുകാർ പറയുന്നു. 6 കിലോമീറ്റർ റോഡിൽ കുഞ്ചാണ്ടി മുക്ക് മുതൽ ഇരപ്പിൻകര വരെ മാത്രമാണ് നിലവിൽ റോഡ് നിർമാണം ഭാഗികമായി പൂർത്തിയാക്കിയത്. ഭൂരിഭാഗം വരുന്ന മറ്റു സ്ഥലങ്ങളിലെല്ലാം നിർമാണം പൂർത്തിയാക്കാതെ ഉപേക്ഷിച്ച നിലയിലാണ്.

നിർമാണം പൂർത്തിയാക്കാതെ വന്നതോടെ ഗ്രാമീണ മേഖലയിലെ പ്രധാന പാതയിലൂടെയുള്ള ഗതാഗതം കടുത്ത ദുരിതത്തിലാണ്. നിർമാണത്തിലെ അശാസ്ത്രീയതയും അഴിമതിയും ആരോപിച്ച് നാട്ടുകാർ സമരത്തിലേക്കു കടക്കുകയാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama