go

സത്യദേവ് എത്തിയത് ബാങ്ക് കൊള്ളയ്ക്ക്; ഡൽഹിയിൽ കവർച്ച നടത്തില്ല, കാരണം...

സത്യദേവ്
SHARE

കൊട്ടാരക്കര∙ ജില്ലയിലെ മാലപൊട്ടിക്കൽ കേസിൽ പി‌ടിയിലായ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ കുറ്റവാളി സത്യദേവിനെ (40) കോടതി റിമാൻഡ് ചെയ്തു. സുരക്ഷാ കാരണങ്ങളാൽ സത്യദേവിനെ കൊട്ടാരക്കര സബ് ജയിലിൽ നിന്നും സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ജയിൽ സൂപ്രണ്ട് കെ.സോമരാജൻ ജയിൽ ഡിജിപിക്ക് അപേക്ഷ നൽകി. മൂന്ന് കൂട്ടാളികൾക്കായി ഡൽഹിയിൽ കൊല്ലം റൂറൽ പൊലീസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. ഇവരും ഉടൻ പിടിയിലാകുമെന്നാണ് വിവരം.

സത്യദേവിന്റെ വിശ്വസ്ത ഡ്രൈവർ പൊലീസ് കസ്റ്റഡിയിലുണ്ട്. ബാങ്ക് കൊള്ള ഉൾപ്പെടെ വൻ കവർച്ച ലക്ഷ്യമിട്ടാണ് കേരളത്തിൽ സംഘം എത്തിയതെന്നാണ് വിവരം. കവർച്ചയ്ക്ക് മുന്നോടിയായി സ്ഥല പരിശോധനയ്ക്കാണ് എത്തിയത്. കേസുകളിൽ വൈകാതെ കുറ്റപത്രം നൽകാനാണ് പൊലീസ് തീരുമാനം. നടപടികൾ വേഗത്തിലാക്കുമെന്ന് എസ്പി ഹരിശങ്കർ അറിയിച്ചു. 90 ദിവസത്തിനകം കുറ്റപത്രം നൽകിയാൽ സംഘത്തിന്റെ ജയിൽമോചനം വൈകും. കഴിഞ്ഞ ദിവസം രാത്രിയിലാണ് സത്യദേവിനെ യാത്രാ വിമാനത്തിൽ സംസ്ഥാനത്തെത്തിച്ചത്.

എഴുകോൺ കുഴിമതിക്കാട് ജംക്‌ഷനുസമീപം കോമളാദേവിയുടെ മാല പൊട്ടിച്ച കേസിലാണ് സത്യദേവിനെ കോടതി റിമാൻഡ് ചെയ്തത്. 5 മാലപൊട്ടിക്കൽ കേസുകളും രണ്ട് ബൈക്ക് മോഷണ കേസുകളും ഇനിയുണ്ട്. സത്യദേവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് എഴുകോൺ പൊലീസ് കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം സ്ഥലത്തെ പെട്രോൾ പമ്പിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികൾ ഇവിടെ നിന്നു വാഹനത്തിൽ ഇന്ധനം നിറച്ചതായി സാക്ഷികൾ മൊഴി നൽകി. കസ്റ്റഡി അപേക്ഷയുമായി മറ്റ് പൊലീസ് സ്റ്റേഷനുകളിലെ ഓഫിസർമാരും വരും ദിവസങ്ങളിൽ കോടതിയെ സമീപിക്കും.

സത്യദേവ്  ‘സ്പെഷൽ’

∙ ആവശ്യപ്പെടുന്ന പണം നൽകിയാൽ ഏത് ക്വട്ടേഷനും സത്യദേവ് ഏറ്റെടുക്കും.
∙ മാല പൊട്ടിക്കൽ മുതൽ ആയുധക്കടത്ത് വരെയുള്ള കേസുകളിൽ പ്രതി.
∙ പ്രധാന പരിപാടി ക്വട്ടേഷൻ.
∙ കയ്യിൽ കാശു കുറയുന്ന സമയത്ത് കവർച്ച അടക്കം മറ്റ് കേസുകൾ ഏറ്റെ‌ടുക്കും.

∙ പൊലീസുമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഡൽഹിയിൽ കവർച്ച നടത്താറില്ല.
∙ രാജസ്ഥാൻ, ഹരിയാന, ഉത്തരാഞ്ചൽ സംസ്ഥാനങ്ങളിലാണ് സ്ഥിരം കവർച്ച.
∙ ക്വട്ടേഷൻ കേസുകളിൽ സത്യദേവിനെതിരെ പരാതി ഉണ്ടാകാറില്ല, കാരണം പേടി.
∙ ഉത്തരേന്ത്യയിലെ മുൻ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ക്വട്ടേഷൻ വരെ ഏറ്റെടുത്തിട്ടുണ്ട്.

∙ രണ്ട് കൊലപാതകക്കേസുകളിൽ പ്രതി
∙ ലഹരികടത്താണ് മറ്റൊരു മേഖല. ഹരിയാനയിൽ നിന്നു കുറഞ്ഞ വിലയുള്ള മദ്യം ഡൽഹിയിലെത്തിച്ച് കൂടിയ വിലയ്ക്കു വിതരണം. 150 കിലോ കഞ്ചാവുമായി മുൻപ് പിടിയിലായിട്ടുണ്ട്.
∙ സത്യദേവിന്റെ വലം കയ്യായ സഹായി   എതിർ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇതോടെ ദക്ഷിണേന്ത്യയിലേക്ക് പ്രവർത്തനം മാറ്റി പരീക്ഷിക്കാൻ സത്യദേവ് തീരുമാനിക്കുകയായിരുന്നു.
∙ സത്യദേവിന്റെ യാത്രകൾ വൻ ഗുണ്ടാസംഘത്തിന്റെ അകമ്പടിയോടെ. വിട്ടുപിരിയാത്ത 50 അംഗ സംഘം എന്തിനും തയാറായി ഒപ്പം.

ഉന്നത ബന്ധം സൂചിപ്പിച്ച് സമൂഹമാധ്യമങ്ങൾ

സത്യദേവിന്റെ മൊബൈലിലെ സമൂഹമാധ്യങ്ങളുടെ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് ഞെട്ടി. വാട്സാപ്പിൽ ഡൽഹി പൊലീസിലെ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള പൊലീസുകാർ ഫ്രണ്ട്സാണ്. ഒട്ടേറെ സുപ്രീംകോടതി അഭിഭാഷകർ ഫെയ്സ്ബുക് സുഹൃത്തുക്കൾ. ഉത്തരേന്ത്യയിൽ നിർണായക സ്വാധീനമുള്ള ഒട്ടേറെ പേർ ഇക്കൂട്ടത്തിൽ ഉണ്ട്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama