go

വിണ്ണോളം തലപ്പൊക്കത്തിൽ കാളകൾ ; ഓച്ചിറയിൽ മനം നിറഞ്ഞു പുരുഷാരം

kollam news
മനംനിറഞ്ഞ് വിണ്ണോളം... ഇരുപത്തെട്ടാം ഓണത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ നടന്ന കാളകെട്ടുത്സവം. ചിത്രം: രാജൻ.എം. തോമസ്∙മനോരമ
SHARE

ഓച്ചിറ∙ പരബ്രഹ്മ ഭൂമിയിൽ വിണ്ണോളം തലപ്പൊക്കത്തിൽ ചുവപ്പിലും വെളുപ്പിലും ഉടുത്തൊരുങ്ങി ഓണാട്ടുകരയുടെ സ്വന്തം കാളകൾ. കെട്ടുത്സവത്തിന്റെ ആരവം തലയിലേറ്റി പുരുഷാരം. എങ്ങും കാഴ്ചയുടെ വർണപ്പൂരം . പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോട് അനുബന്ധിച്ച് കാഴ്ചയുടെ വർണോത്സവമാണ് ഓച്ചിറ പടനിലത്ത് അരങ്ങേറിയത്. ഇടവഴികളിലും പ്രധാന നിരത്തുകളിലും കെട്ടു കാളകൾക്കൊപ്പം പടനിലത്തേക്കു ജനങ്ങളുടെ ഒഴുക്കു രാവിലെ മുതൽ തുടങ്ങി. വനിതാ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കൂറ്റൻ കെട്ടു കാളകളെ എഴുന്നള്ളിച്ചത് ഈ വർഷത്തെ വേറിട്ട കാഴ്ചയായി.

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വാദ്യ, നൃത്ത കലാകാരൻമാർ കെട്ടുകാഴ്ചകൾക്ക് അകമ്പടിയായി. ലോക റെക്കോർഡ് നേടിയ കൃഷ്ണപുരം മാമ്പ്രക്കന്നേൽ യുവജന സമിതിയുടെ ഓണാട്ടുകതിരവനാണ് ആദ്യം പടനിലത്ത് എത്തിയത്. തുടർന്ന് നിര നിരയായി ചെറുതും വലുതുമായ കെട്ടുകാളകൾ എത്തി. രാത്രി വൈകിയും കെട്ടു കാഴ്ചകൾ പടനിലത്തേക്ക് എത്തിക്കൊണ്ടിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ കെട്ടു കാളയായ കാലഭൈരവൻ രാത്രി വൈകിയും പടനിലത്ത് എത്തിച്ചേർന്നില്ല.

കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി പടർന്നു കിടക്കുന്ന ഓണാട്ടുകരയിലെ 52 കരക്കാർ പരബ്രഹ്മ ഭൂമിയിലേക്ക് ഇക്കുറി എഴുന്നള്ളിച്ചത് 200 കെട്ടു കാളകളെയാണ് . വലിയ കെട്ടുകാഴ്ചകൾ ഇന്നുകൂടി പടനിലത്ത് പ്രദർശിപ്പിക്കും. ചില കരക്കാർ ക്രെയിനിന്റെ സഹായത്തോടെയാണ് കെട്ടുകാഴ്ചകൾ എഴുന്നള്ളിച്ചത്. കനത്ത വെയിൽ വകവയ്ക്കാതെ താളമേളങ്ങൾക്കൊപ്പം ചെറു കെട്ടു കാളകളെ കരക്കാർ തോളിലേറ്റി ആൽത്തറകൾക്ക് വലം വച്ചശേഷം ക്ഷേത്ര ഭരണസമിതി അനുവദിച്ച സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചു.

10നു ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ സ്ഥാനികൾ, അവകാശികൾ എന്നിവർ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഋഷഭ ഘോഷയാത്രയായി എത്തി കെട്ടു കാളകളെ സ്വീകരിച്ചു. ഭാരവാഹികളായ പ്രഫ.എ.ശ്രീധരൻപിള്ള, ആർ.ഡി.പത്മകുമാർ, കളരിക്കൽ ജയപ്രകാശ്, എം.ആർ.ബിമൽ ഡാനി, എം.സി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കരക്കാർക്കു സമ്മാനങ്ങൾ നൽകി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama