go

6000 കിലോമീറ്റർ താണ്ടി കവർച്ചാസംഘം; ‘തോക്കിനകത്തു കയറി’ വെടിപൊട്ടിച്ച് പൊലീസ്

police-file
SHARE

കൊട്ടാരക്കര∙ തോക്കുചൂണ്ടി ആറിടത്തു മാല മോഷണം നടത്തിയ കേസുകളിലെ മുഖ്യപ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ സത്യദേവിനെ പൊലീസ് കുടുക്കിയത് കൃത്യമായ അന്വേഷണ മികവിലൂടെ. പൊലീസിന്റെ പിടിയിൽ നിന്നു കടന്നുകളയാനുള്ള സത്യദേവിന്റെ സ്ഥിരം പരിപാടികളൊന്നും ഇക്കുറി വിലപ്പോയില്ല. കേരളത്തിൽ നിന്നുള്ള സ്ക്വാഡ‍്, ഡൽഹി പൊലീസിലെ ആംഡ് പൊലീസ് സഹായത്തോടെയാണ് സത്യദേവിനായി വല വിരിച്ചത്. പിഴവു പറ്റാത്ത നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കറും.

6000 കിലോമീറ്ററോളം താണ്ടി കവർച്ചാസംഘം കേരളത്തിലെത്തിയ വാ‍ൻ, തകരാറോടെയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. റിപ്പയറിങ്ങിനായി വാഹനം കമ്പനി വർക്ക് ഷോപ്പിലേക്ക് മാറ്റി. വാഹന നമ്പർ കൈവശം ഉണ്ടായിരുന്ന ജില്ലാ പൊലീസ് വാഹനവിവരങ്ങൾ ശേഖരിച്ച് വാൻ കമ്പനിയുമായി ബന്ധപ്പെട്ടു. വർക്ക്ഷോപ്പിൽ വാഹനം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി. വാഹനം നന്നാക്കിയ വിവരം അറിയിച്ചതിനെ തുടർന്ന് സത്യദേവ് തന്നെ നേരിട്ട് എത്തുകയായിരുന്നു. ഇവിടെ വച്ചാണ് സത്യദേവിനെ പൊലീസ് കീഴ്പ്പെടുത്തുന്നത്. തുടർന്ന് 15 മിനിട്ട് യാത്ര പൊലീസ് സ്റ്റേഷനിലേക്ക്. സ്റ്റേഷനിലെത്തിയപ്പോഴേക്കും സത്യദേവിന്റെ രണ്ട് ഭാര്യമാരും സുപ്രീം കോ‌ടതി അഭിഭാഷകനും എത്തിയിരുന്നു.

എല്ലാ കേസുകളിലെയും പോലെ ജാമ്യം നേടാമെന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷ പൊലീസ് തെറ്റിച്ചു.ഡൽഹിയിലെ ചോദ്യംചെയ്യലിൽ സംഭവം വീശദീകരിച്ചെങ്കിലും കൂട്ടുപ്രതികളെക്കുറിച്ച് യഥാർഥ വിവരം നൽകിയില്ല. കൂട്ടുപ്രതികൾ സമീപകാലത്ത് സംഘത്തിൽ ചേർന്നവരാണെന്നായിരുന്നു വിവരം. ചില വ്യാജപേരുകൾ നൽകി. സത്യദേവ് പറഞ്ഞ വിലാസം അന്വേഷിച്ച് നടന്ന സ്ക്വാഡിന് കൃത്യമായ വിവരം ലഭിച്ചില്ല. ഉത്തരേന്ത്യയിലെ കൊടും കുറ്റവാളിയെ ലാഘവമായി ചോദ്യം ചെയ്താൽ ഉത്തരം കിട്ടില്ലെന്ന് മനസ്സിലാക്കിയ പൊലീസ് തന്ത്രം മാറ്റി.

സത്യദേവിനെ എങ്ങനെയും എത്രയും വേഗം  കേരളത്തിലെത്തിക്കാനായി ശ്രമം. കൊട്ടാരക്കരയിൽ എത്തിച്ച് എസ്പി ഹരിശങ്കർ നേരിട്ട് ചോദ്യം ചെയ്തു. ആദ്യം നൽകിയ കൂട്ടുപ്രതികളുടെ ചിത്രങ്ങൾ ‍ഡൽഹിയിലേക്ക് അയച്ചു. യഥാർഥ പ്രതികളല്ലെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മോഷ്ടിച്ച സ്വർണം വിറ്റ ഇനത്തിൽ ലഭിച്ചതിൽ നിന്നും 10000 രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തി. ഇതോടെ ഗർഭിണിയായ ഭാര്യയും പ്രതിയാകുമെന്ന് അറിയിച്ചു. ഇതോടെ ജില്ലയിൽ മാലപൊട്ടിക്കൽ നടത്തിയ യഥാർഥ പ്രതികളുടെ വിവരങ്ങൾ പൊലീസിന് കൈമാറി. 

പൊലീസും ട്രോളി; ‘വടേം ചായേം ഇവിടെ തരും’

മാല പൊട്ടിക്കൽ സംഘത്തിലെ പ്രധാനിയെ താവളത്തിൽ പോയി കീഴ്പ്പെടുത്തിയ പൊലീസിനു സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. പ്രധാന പ്രതി ഡൽഹി സ്വദേശി സത്യദേവിനെ പിടികൂടിയ വിവരം കാണിച്ചു ജനമൈത്രി പൊലീസ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനൊപ്പം പൊലീസ് വക ട്രോളും ഉണ്ടായിരുന്നു. ‘ആക‌്ഷൻ ഹീറോ ബിജു’ എന്ന സിനിമയിൽ നായകൻ നിവിൻ പോളിയുടെ രംഗം സഹിതമായിരുന്നു ട്രോൾ.

ട്രോൾ വാചകങ്ങൾ ഇങ്ങനെ– ‘ കേരളത്തിൽ വന്നു കളിച്ചേച്ചു അങ്ങനങ്ങു പോകാമെന്നു വിചാരിച്ചോ ? ആ കളിക്കുള്ള വടേം ചായേം ഇവിടെ കൊണ്ടുവന്നു തന്നെ ഞങ്ങൾ തരും. ഇത് കേരളമാണ് ഭായ്. ഞങ്ങൾ കേരള പൊലീസും...’ പോസ്റ്റ് വന്നതിനു പിന്നാലെ ലൈക്കിന്റെയും അഭിനന്ദന സന്ദേശങ്ങളുടെയും പ്രവാഹമായി. മറ്റു ചില കേസുകൾ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചവരും ഇല്ലാതില്ല. കൊല്ലം റൂറൽ പൊലിസും അറസ്റ്റു വിവരം പ്രതിയുടെ പടം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama