go

പൊലീസുകാരനെതിരെ‌ നിസ്സാര വകുപ്പുകൾ ചുമത്തി കേസ്

kollam-siddque
1-പൊലീസ് ലാത്തിയെറിഞ്ഞതു മൂലം, കൊല്ലം കടയ്ക്കലിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സിദ്ദിഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ. 2- കടയ്ക്കൽ കാ‍ഞ്ഞിരത്തുംമൂട്ടിൽ വാഹന പരിശോധനയ്ക്കിടയിൽ കൺട്രോൾ റൂം വെഹിക്കിൾ സംഘത്തിലെ പൊലീസുകാരന്റെ ലാത്തിയേറിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിൽ ഇടിച്ച നിലയിൽ. 3- സിദ്ദിഖ്.
SHARE

കടയ്ക്കൽ ∙ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനു നേരെ ലാത്തിയെറിഞ്ഞ പൊലീസുകാരനെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി ക്രിമിനൽ കേസെടുത്തു. കൺട്രോൾ റൂം വെഹിക്കിൾ സംഘാംഗവും കടയ്ക്കൽ സ്റ്റേഷൻ സിവിൽ പൊലീസ് ഓഫിസറുമായ ചന്ദ്രമോഹനനെതിരെയാണു കേസെടുത്തത്. അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ചിതറ കിഴക്കുംഭാഗം പന്തുവിള ജാസ്മി മൻസിലിൽ സുലൈമാന്റെ മകൻ സിദ്ദീഖിന്റെ (19) മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുമെന്നു റൂറൽ എസ്പി പറഞ്ഞു. സംഭവത്തിൽ പുനലൂർ ഡിവൈഎസ്പി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുക്കാതെ ചെയ്യുന്ന പ്രവൃത്തി മൂലം അപകടമുണ്ടായാൽ ചുമത്തുന്ന ഐപിസി 336, 337 വകുപ്പുകളാണു പൊലീസുകാരനെതിരെ ചുമത്തിയത്. ചന്ദ്രമോഹൻ എറിഞ്ഞ ലാത്തി ശരീരത്തിൽ കൊണ്ടില്ലെന്നും ബൈക്കിനു മുന്നിൽ വീണതോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നും ഉള്ള റിപ്പോർട്ട് അനുസരിച്ചാണു കേസെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

സംഭവം അന്വേഷിക്കുന്ന കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ലാത്തിയെറിഞ്ഞ സംഭവത്തിൽ പരിശോധനാ സംഘത്തിലെ എഎസ്ഐ ഷിബുലാൽ, എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ സിറാജ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന സിദ്ദിഖ് അപകടനില തരണം ചെയ്തു. കാലിന്റെ ശസ്ത്രക്രിയ പൂർത്തിയായെങ്കിലും മുഖത്തേറ്റ പരുക്കുകൾ കാഴ്ചയെ ബാധിക്കുമോയെന്ന് അറിയാൻ വിശദ പരിശോധന വേണമെന്നു ഡോക്ടർമാർ പറ‍ഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർ‌ച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ലാത്തി വീശി.

∙പൊലീസുകാരനെതിരെ ചുമത്തിയ വകുപ്പുകൾ
∙ഐപിസി 336 – ശിക്ഷ – 3 മാസം തടവോ 250 രൂപ
പിഴയോ രണ്ടും കൂടിയോ
∙ഐപിസി 337 – ശിക്ഷ – 6 മാസം തടവോ 500 രൂപ

പിഴയോ രണ്ടും കൂടിയോ
പൊലീസ് വാഹനത്തിന്റെ അടുത്തെത്തിയപ്പോൾ ലാത്തി വലിച്ചെറിയുകയായിരുന്നു. കൈകൊണ്ടുപോലും നിർത്താൻ ആവശ്യപ്പെട്ടില്ല. പരുക്കേറ്റ് രക്തം വാർന്ന് റോഡിൽ കിടന്നിട്ടും നാട്ടുകാർ ബഹളം വച്ച ശേഷമാണ് ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായത്. എന്നാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച ഉടൻ മുങ്ങി. അടുത്ത ആഴ്ച ജോലിക്ക് കയറാനിരിക്കെ ഉണ്ടായ അപകടം പ്രതീക്ഷകളെല്ലാം തകർത്തു.
സിദ്ദിഖ്

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama