ചരിത്രത്തിനു മേലെ താഴത്തങ്ങാടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിശ്വാസികളായ സ്ത്രീകൾക്കു പ്രവേശിക്കാനായി  താഴത്തങ്ങാടി പള്ളി ഇന്നും മേയ് എട്ടിനും  തുറന്നുകൊടുക്കുന്നു. രാവിലെ എട്ടുമുതൽ 12 വരെയും  ഉച്ചകഴിഞ്ഞ് ഒന്നു മുതൽ മൂന്നര വരെയും  4.30 മുതൽ ആറു വരെയുമാണു സന്ദർശനസമയം. വിശ്വാസികളായ സ്ത്രീകൾക്കു പ്രവേശിക്കാനായി താഴത്തങ്ങാടി പള്ളി ഇന്നും മേയ് എട്ടിനും തുറന്നുകൊടുക്കുന്നു. രാവിലെ എട്ടുമുതൽ 12 വരെയും ഉച്ചകഴിഞ്ഞ് ഒന്നു മുതൽ മൂന്നര വരെയും 4.30 മുതൽ ആറു വരെയുമാണു സന്ദർശനസമയം.

മീനച്ചിലാറിന്റെ കൈവഴിയിൽ നിന്നു കാൽകഴുകി കയറാവുന്നത്ര അരികിലായിരുന്നു അന്നു താഴത്തങ്ങാടി മുസ്‌ലിം പള്ളി. ഇടയ്ക്കാട്ടു മുതൽ പള്ളിക്കോണം വരെ കരതൊട്ടും കനപ്പെട്ടും ആ കൈവഴി നീണ്ടു. കാലം കുത്തിയൊലിച്ച് ഒഴുകിമറ‍ഞ്ഞു, പിന്നെ കൈവഴി മണ്ണുമൂടി അനാഥപ്പെട്ടു. അപ്പോഴും തളിയിൽ ക്ഷേത്രത്തിലെ ശംഖൊലിയും പള്ളിയിലെ മഗ്‌രിബ് ബാങ്കൊച്ചയും ഒരേ സ്ഥായിയിൽ. തൊട്ടരികെ വലിയ പള്ളിയിൽ നിന്നു മണിമുഴക്കം ഒപ്പം വന്നു. സഹസ്രാബ്ദത്തിന് അപ്പുറം നിന്നേയുണ്ട് പ്രാർഥനകളുടെ ഈ തെളിനീരൊഴുക്ക്. മാലികിബ്നു ദിനാറും ഹബീബ്നു ദിനാറും അവധൂതസംഘവും കപ്പലേറി വന്ന കാലത്തിന്റെ ഓർമയിൽ നിന്നു തുടങ്ങുന്നു ഇക്കാണുന്ന പള്ളിയുടെ ചരിത്രം. കേരളീയ വാസ്തുകലയുടെ ഉളിയെഴുത്തുകൾ നിറഞ്ഞ മുഖപ്പുകളുമായി ചരിത്രത്തിനൊപ്പം നിന്നതു സലാം പറയുന്നു.

കരിങ്കൽപ്പാളികളിൽ തീർത്തതാണു പ്രധാന കവാടം. വടക്കുദിക്കിലെ ഹൗളിൽ അംഗശുദ്ധി വരുത്തിയാണു പ്രവേശനം. ഒറ്റക്കല്ലിൽ തീർത്തൊരു വിസ്മയനിർമിതിയാണ് ഈ ഹൗള്. അംഗശുദ്ധിക്കായുള്ള ജലസംഭരണിയാണിത്. ഹൗളിൽ നിന്നെത്തുന്നത് പള്ളിയുടെ ആദ്യത്തെ അകമുറിയിലേക്ക്. കടഞ്ഞെടുത്ത ഒറ്റത്തടിയുടെ കാതലിൽ തീർത്ത എട്ടു തൂണുകളുടെ ഉള്ളുറപ്പിലാണു പള്ളിയുടെ നിൽപ്. ഭാരമേറിയ അഞ്ച് എടുപ്പുകളുണ്ട്. മേൽക്കൂരയിലും കഴുക്കോലുകളിലും കാലത്തിനു കൈതൊടാനാവാത്ത വിധമൊരു വിശുദ്ധഭംഗിയോടെയാണു കൊത്തുവേലകൾ.

അകമുറിയുടെ ആദ്യഭാഗത്തെ മറച്ചൊരു തടിഭിത്തിയുണ്ട്. അറബി കാലിഗ്രാഫിയിൽ ഖുർആൻ വചനങ്ങളുടെ വെണ്മയാർന്ന എഴുത്തുകൾ കാണാമവിടെ. നാളുകളനേകം ക്ഷമാപൂർവം കൊത്തിയൊതുക്കിയെടുത്ത തടിമിനുക്കുകൾ അരയിഞ്ചു പണിക്കുറ്റമില്ലാതെ മുന്നിൽ തെളിയുന്നു. വിടർന്ന താമരപ്പൂവുകൾ അലിഫിൽ തുടങ്ങുന്ന അറബി അക്ഷരക്കൂട്ടത്തിനരികെ ഭംഗി ചാർത്തുന്നു. പരമകാരുണികനായ ദൈവത്തിന്റെ വിശുദ്ധഗേഹത്തെ പരിപാലിക്കുന്നതിലുള്ള ശ്രദ്ധയെക്കുറിച്ചുള്ള ഉണർത്തലുകളുണ്ട് അതിൽ.

പള്ളിയുടെ ഉള്ളിലെ പ്രാർഥനാമുറി പള്ളിയുടെ ഉള്ളിലെ പ്രാർഥനാമുറി

പ്രാർഥനകൾക്കു നേതൃത്വമേകുന്ന ഇമാം ഖുതുബാ പ്രഭാഷണത്തിന് എത്തുന്ന മിമ്പറും മിഹ്റാബുമുള്ള പ്രധാനയിടത്തിന്റെ ഇടതുവശത്തെ വാതിലിനു വിശേഷപ്പെട്ടൊരു സാക്ഷ. ചതുരാകൃതിയിൽ മരത്തിൽതീർത്ത വാതിൽപ്പൂട്ടിനു പുറമേക്കു മൂന്നു തള്ളലുകളുണ്ട്. മുകളിലെ തള്ളലിൽ വിരലമർത്തിയാൽ മറ്റു രണ്ടു തള്ളലുകളും താനേ തുറന്നുവരുന്നൊരു വിസ്മയവിദ്യതന്നെ. പഴയ തച്ചാശാൻമാരുടെ കൈയൊതുക്കം ഇവിടെ കെട്ടിപ്പൂട്ടിവച്ച പോലെയുണ്ട്. തെക്കുംകൂർ രാജാവു സമ്മാനിച്ച വാൾ ചരിത്രത്തിന്റെ വെള്ളിത്തിളക്കവുമായി മുന്നിൽ.

താഴത്തങ്ങാടി മുസ്‌ലിം പള്ളിയുടെ മുഖപ്പ് താഴത്തങ്ങാടി മുസ്‌ലിം പള്ളിയുടെ മുഖപ്പ്

മാളികപ്പുരയിലേക്കുള്ള തടിപ്പടവുകൾ ശ്രദ്ധയോടെ വേണം കയറിപ്പോകാൻ. കൽക്കെട്ടാണു താഴെയെങ്കിൽ ഇവിടെ തടിയിലാണു നിർമിതി. തൂണുകളൊക്കെയും ഒറ്റത്തേക്കിൽ തീർത്തത്. കഴുക്കോലുകളിൽ ഓരോന്നിലും വേറിട്ട ശിൽപഭംഗികൾ. തടിപ്പലകയെ അതീവ്രശ്രദ്ധയുടെ തുളച്ചുരാകിയെടുത്ത ‘വലകൾ’ തെക്കുകിഴക്കൻ കാറ്റിനെ മാളികപ്പുരയിലേക്ക് ഒരു അരിപ്പയിലൂടെന്ന പോലെ കടത്തിവിടുന്നു. താഴത്തെ മച്ചിനും അരികുഭിത്തികൾക്കും ഇടയിൽ നാലുവശത്തായി ശൂന്യമായൊരു പാത്തിയുണ്ട്. അതിലൂടെ കാറ്റിന്റെ സുഗമസഞ്ചാരം അറിയാതൊരു കുളിർമ അറിയിക്കുന്നു. പ്രാർഥനയ്ക്കൊപ്പം ഒരീറൻകാറ്റ് നമ്മെ തൊടുംപോലെ. തിരികെപ്പടവിറങ്ങുമ്പോൾ മോന്തായത്തിൽ കൂർത്ത ഉളി തറച്ചിരിപ്പതു കാണാം. ശിൽപികളുടെ മഹാരഹസ്യം ഒളിപ്പിച്ചുവച്ചപോൽ.

 പള്ളിയുടെ ഇടഭിത്തിയിലെ വാതിലിലുള്ള മണിച്ചിത്രത്താഴും വാസ്തുകലകളും പള്ളിയുടെ ഇടഭിത്തിയിലെ വാതിലിലുള്ള മണിച്ചിത്രത്താഴും വാസ്തുകലകളും

ഘടികാരങ്ങളില്ലാതിരുന്ന കാലത്തിന്റെ നിത്യസ്മാരകമായി ശിലാഘടികാരമുണ്ട് മുറ്റത്ത്. നിഴൽ നോക്കി സമയമറിയാനൊരു കൽത്തറ. ഈ വളച്ചുകെട്ടിനുള്ളിൽ നിഴലില്ലാത്ത നേരം സൂര്യന്റെ ചായ്‌വു തെക്കോട്ടായാലും വടക്കോട്ടായാലും കൃത്യം 12 മണിയായിരിക്കും. ആ നേരക്കണക്കുവച്ചാണ് എത്രയോകാലം ഇവിടെ അഞ്ചുനേരവും നിസ്കാരത്തിനു ബാങ്ക് മുഴങ്ങിയത്.കിഴക്കേ വാതിലിലൂടെ പള്ളിമുറ്റത്തെത്തുമ്പോൾ അനേകം കബറുകൾ, മീസാൻകല്ലുകൾ. ആ ശിലാരേഖകളിൽ എന്നേക്കുമായി മണ്ണിടംവിട്ടുപോയവരുടെ പേരുകൾ. പച്ചപ്പുല്ലു മൂടിയ വഴികൾ ആ കബറിടങ്ങളിലേക്കാണ്, മരിക്കാത്ത ഓർമകളിലേക്കാണ്, അവർക്കായുള്ള പ്രാർഥനകളിലേക്കാണ്.

Your Rating: