go

നൊന്തുനീറി ഒരു മണിക്കൂർ; യുവതിയുടെ വിരലുകൾ യന്ത്രത്തിൽ കുടുങ്ങി

KottayamNews
1.ജ്യൂസ് യന്ത്രത്തിൽ കൈവിരലുകൾ കുടുങ്ങിയ ഗീതയുടെ സങ്കടക്കാഴ്ച. 2. പരുക്കേറ്റ വിരലുകൾ കാണാതിരിക്കാൻ ഗീതയുടെ കണ്ണു മറച്ചു നാട്ടുകാർ. നോവുംകാഴ്ച കാണാനാവാതെ കണ്ണുപൊത്തുന്ന ഭർതൃസഹോദരൻ വിനോദ് സമീപം.
SHARE

മണർകാട് ∙ കരിമ്പി‍ൻ ജ്യൂസ് അടിക്കുന്നതിനിടെ യന്ത്രത്തിൽ കൈവിരലുകൾ കുടുങ്ങിയ ഗീത (36) അനുഭവിച്ചത് വേദനയുടെ ഒരു മണിക്കൂർ. മണർകാട് ഐരാറ്റുനടയ്ക്കു സമീപം വഴിയരികിൽ കരിമ്പിൻ ജ്യൂസ് കച്ചവടം നടത്തുകയാണ് ഗീത. ജ്യൂസ് തയാറാക്കാനായി യന്ത്രത്തിലേക്കു കരിമ്പു കയറ്റുമ്പോൾ അബദ്ധത്തിൽ വലതുകൈ വിരലുകളും കയറിപ്പോയി.

kottayam-geetha-vinodh
വിരലുകൾ യന്ത്രത്തിൽ നിന്നു പുറത്തെടുക്കുമ്പോൾ വേദനയാൽ തളർന്ന ഗീത കാണാതിരിക്കാൻ കണ്ണു മറച്ചു നാട്ടുകാർ. സങ്കടക്കാഴ്ച കാണാനാവാതെ കണ്ണുപൊത്തുന്ന ഭർതൃസഹോദരൻ വിനോദ് സമീപം.

നിലവിളിച്ച ഗീത യന്ത്രം ഓഫ് ചെയ്തെങ്കിലും വിരലുകൾ കുടുങ്ങിനിന്നു. ബസുകളിൽ വന്നവർ പോലും സംഭവം അറിഞ്ഞ് ഇറങ്ങി സഹായിക്കാനെത്തി.എല്ലാവരും ശ്രമിച്ചെങ്കിലും ഗീതയുടെ വിരലുകൾ യന്ത്രത്തിനുള്ളിൽനിന്ന് എടുക്കാനായില്ല. ഗീതയുടെ അസഹ്യമായ വേദന, കണ്ടുനിന്നവരെയും സങ്കടത്തിലാക്കി. മണർകാട്ടുനിന്ന് എസ്ഐ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ പൊലീസും കോട്ടയം ഫയർഫോഴ്സ് ഫയർസ്റ്റേഷൻ ഓഫിസർ ശിവദാസിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയുമെത്തി.

ഫയർഫോഴ്സ് ഉദ്യോഗസ്ഥർ യന്ത്രത്തിന്റെ മുകൾഭാഗം അഴിച്ചെടുത്തു കൈ പുറത്തെടുത്തു. ഗീതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ടു വിരലുകൾ പൂർണമായി ചതഞ്ഞു. വിരലുകളിലെ ഞരമ്പു മുറിഞ്ഞിട്ടുമുണ്ട്. ഇല്ലിവളവ് പാറയ്ക്കൽ സന്തോഷിന്റെ ഭാര്യയാണ് ഗീത.

കരിമ്പിൻ ജ്യൂസ് യന്ത്രം
കരിമ്പിൻ ജ്യൂസ് യന്ത്രം

സന്തോഷിനു കോട്ടയത്ത് ലോട്ടറി വിൽപനയാണ് ജോലി. ഒരു മാസം മുൻപാണു ഗീത ഐരാറ്റുനടയ്ക്കു സമീപം കരിമ്പിൻ ജ്യൂസ് വിൽപന ആരംഭിച്ചത്. അസി.സ്റ്റേഷൻ ഓഫിസർ സജിമോൻ ടി.ജോസഫ്, ഫയർമാൻമാരായ ഉദയഭാനു, പ്രവീൺരാജ്, അനി‍ൽകുമാർ, മനു, പ്രവീൺ, ഷെഫീഖ്, രഞ്ജിത്, ജിജി, അബ്ദുൽ റഷീദ് എന്നിവരാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama