go

പത്തുവർഷം നീണ്ട നിർമാണം ; രാമപുരം പള്ളി ഇനി വിസ്മയം

SHARE

പാലാ ∙  കൂദാശയ്ക്കൊരുങ്ങി രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി.  75,000 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായാണ് ദേവാലയം പണി തീർത്തിട്ടുള്ളത്. 10 വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

13 ന് നടക്കുന്ന കൂദാശ കർമത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി, കർദിനാൾ ക്ലിമ്മീസ് മാർ ബസേലിയസ്, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തുടങ്ങി 50 ൽ പരം ബിഷപ്പുമാരും വികാരി റവ. ഡോ.ജോർജ് ഞാറക്കുന്നേൽ തുടങ്ങിയവർ പങ്കെടുക്കും.

അണിഞ്ഞൊരുങ്ങി പുണ്യഭൂമിക

വിശുദ്ധ ആഗസ്തീനോസ് പുണ്യവാളന്റെ മാധ്യസ്ഥം തേടി ആയിരങ്ങൾ പ്രാർത്ഥനയ്‌ക്കെത്തുന്ന ഇവിടെയാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും പാറേമ്മാക്കൽ തോമാക്കത്തനാരുടെയും കബറിടങ്ങൾ സ്ഥിതി ചെയ്യുന്നത്. കുഞ്ഞച്ചന്റെ കിടപ്പുമുറിയും സാധനങ്ങളും മ്യൂസിയമാക്കി സൂക്ഷിച്ചിരിക്കുന്നു.

3 നിലകളിലായുള്ള ദേവാലയത്തിന്റെ അടിനിലയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മ്യൂസിയമാണ്. കുഞ്ഞച്ചന്റെ ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. രണ്ടാംനിലയിൽ വിവിധ ഭക്ത സംഘടനകളുടെ ഓഫിസും  മീഡിയാ റൂമും  അതിഥി മുറികളും പ്രവർത്തിക്കും. 

ഉദാത്തം ശില്പ ചാരുത

ഗ്രീക്ക് ശില്പഭംഗിയിൽ തിളങ്ങുന്ന150 അടി ഉയരമുള്ള പള്ളിയുടെ മുഖവാരത്തിൽ വിശുദ്ധ ആഗസ്തീനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും രൂപങ്ങൾ നാടിനെ അനുഗ്രഹം ചൊരിഞ്ഞ് ഉയർന്നു നിൽക്കുന്നു. താഴെ മോണ്ടളത്തിൽ മാലാഖമാരും മാതാവും യൗസേപ്പിതാവും ഗ്ലാസ് പെയ്ന്റിങ്ങിൽ മിഴിവാർന്നു തെളിയും. ശബരിമലക്കാടുകളിൽ നിന്ന് ലേലത്തിൽ പിടിച്ച ചന്ദനത്തേക്ക് എന്ന ഒറ്റമരത്തിൽ തീർത്ത ആനവാതിലുകൾ പ്രൗഡിയോടെ ഉയർന്നു നിൽക്കുന്നു.

കൊത്തുപണികളിൽ വിസ്മയം തീർത്ത വാതിലുകൾ പിന്നിട്ട് അകത്തേക്ക് കടക്കുമ്പോൾ തൂവെള്ളക്കല്ലുകൾ പതിച്ച തറയിൽ മുഖം നോക്കാം. അകത്തും ബാൽക്കണിയിലുമായി അയ്യായിരത്തോളം പേർക്ക് ദിവ്യബലിയിൽ പങ്കെടുക്കാം. ഭിത്തിയിലിരുവശങ്ങളിലും മാതാവിന്റെ വിവിധ ചിത്രങ്ങൾ ഗ്ലാസിൽ തീർത്തിരിക്കുന്നു. അതിനുമുകളിൽ വരിയായി കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഛായാചിത്രങ്ങൾ. രൂപങ്ങൾ പരാമാവധി ഒഴിവാക്കി ഗ്ലാസുകളിലും കാൻവാസിലും നിറയുക.യാണ് ഭക്തിസാന്ദ്രമായ ചിത്രങ്ങൾ. 

110 അടി ഉയരമുള്ള തോറ പള്ളിയുടെ പ്രധാന പ്രത്യേകതയാണ്.  20 ജപമാല രഹസ്യങ്ങളും 12 ശിഷ്യൻമാരും 4 സുവിശേഷകരും ചിത്രങ്ങളായി പള്ളിയിൽ നിറയുന്നു. ജ്ഞാനസ്നാനവും കാനായിലെ കല്യാണവും കടലിനുമീതെ നടന്നതും കാൻവാസിൽ കലാകാരൻമാർ  ജീവൻതുടിക്കുന്ന മിഴിവോടെ ചിത്രീകരിച്ചിരിക്കുന്നു.

14 അടി നീളമുള്ള ഈട്ടിയിൽ തീർത്ത ബലിപീഠത്തിൽ അന്ത്യത്താഴരംഗം കൊത്തിയെടുത്തിരിക്കുന്നു. എറണാകുളത്തുനിന്നുള്ള കലാകാരൻമാരാണ് ആ ശില്പചാരുതയ്ക്ക് പിന്നിൽ. ഗ്രീക്ക്, പോർച്ചുഗീസ്, ജർമൻ, ബൈസന്റൈൻ കലകൾ ദേവാലയത്തിൽ സമ്മേളിച്ചിരിക്കുന്നു. 

ആത്മീയ വിശുദ്ധിയുടെയും മതമൈത്രിയുടെയും സംഗമവേദിയായ രാമപുരത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്  വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ. പഴയദേവാലയവും സ്മാരകങ്ങളും സംരക്ഷിച്ചുകൊണ്ടാണ് പുതിയ ദേവാലയം പണിതിരിക്കുന്നതെന്ന് ഇടവക വികാരം ഫാ.ജോസഫ് ഞാറക്കുന്നേൽ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama