go

സഹികെട്ട് നാട് ഒന്നടങ്കം പറയുന്നു: ഇനി ഇങ്ങോട്ട് ‘തള്ളണ്ട’

Kottayam News
മാലിന്യം നിറഞ്ഞ ഉമ്പിഴിച്ചിറ തോട്
SHARE

ചങ്ങനാശേരി ∙ നഗരമധ്യത്തിലൂടെ ഒഴുകുന്ന ഉമ്പിഴിച്ചിറ തോട് മാലിന്യം തള്ളാനുള്ള ഇടമല്ലെന്ന അറിയിപ്പ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച തോട്ടിൽ നിന്നും ദുർഗന്ധം വ്യാപിച്ചു തുടങ്ങിയതോടെയാണ് തോടിന്റെ ഇരു കരകളിലുമുള്ള വ്യാപാരികളും നാട്ടുകാരും ബോർഡ് സ്ഥാപിക്കാൻ തീരുമാനിച്ചത്.ഒഴുക്ക് നിലച്ചതോടെ പ്രദേശത്ത് കൊതുകു ശല്യവും വർധിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക്, മാംസ അവശിഷ്ടങ്ങൾ‍, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങൾ തോട്ടിലേക്കു തള്ളുന്നതു പതിവു കാഴ്ചയാണ്.
തോടിന്റെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങളാണ് ‍ ഇതുമൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.പെരുന്ന സ്റ്റാൻഡിനു മുന്നിലൂടെ ഒഴുകുന്ന തോടിന്റെ ശോചനീയാവസ്ഥ ബസ് കാത്തു നിൽക്കുന്നവരെയും സമീപത്തുള്ള ടാക്സി ജീവനക്കാരെയും ബാധിക്കുന്നുണ്ട്.

ഒഴുക്കു നിലച്ചതിനാൽ അസഹനീയമായ ദുർഗന്ധവും ഉണ്ട്. റെയിൽവേ സ്‌റ്റേഷൻ മുതൽ മനയ്ക്കച്ചിറ വരെയുള്ള ഭാഗമാണ് കൂടുതൽ മലിനമായിരിക്കുന്നത്. ‍സമീപത്തുള്ള ഹോട്ടലുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മലിനജലക്കുഴലുകൾ തുറന്നു വച്ചിരിക്കുന്നതും തോട്ടിലേക്കാണ്.

മാലിന്യം നിറഞ്ഞതോടെ തോട്ടിലെ ഒഴുക്ക് പൂർണമായി നിലച്ച സ്ഥിതിയാണ്. മഴക്കാലം ആരംഭിക്കുന്നതോടെ തോട്ടിലെ മാലിന്യം എസി കനാലിലേക്ക് ഒഴുകിയെത്തും. പ്രാഥമിക ആവശ്യങ്ങൾക്കും മറ്റുമായി നിരവധി കുടുംബങ്ങൾ കനാലിലെ വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

മാലിന്യം കലർന്ന ജലം ഉപയോഗിക്കുന്നത് പകർച്ച വ്യാധികൾ പടരുന്നതിനും കാരണമാകും.കയ്യേറ്റവും തോടിന്റെ ശോചനീയാവസ്ഥയ്ക്കു കാരണമാകുന്നുണ്ട്. ഇരുവശങ്ങളും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കയ്യേറിയതോടെ തോടിന്റെ വീതി കുറഞ്ഞു.ചെളിയും മാലിന്യങ്ങളും നിറഞ്ഞ് തോടിന്റെ ആഴവും കുറഞ്ഞിട്ടുണ്ട്.

താലൂക്ക് വികസന സമിതിയിലും നഗരസഭാ കൗൺസിൽ യോഗങ്ങളിലും വിഷയം ചർച്ചയായിട്ടുണ്ട്.എന്നാൽ പരിഹാരം മാത്രം ഉണ്ടായില്ല.നഗരസഭയുടെ മൂക്കിൻ തുമ്പത്തുള്ള തോട്ടിലെ മാലിന്യം നീക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.തോട്ടിലെ മാലിന്യങ്ങൾ‍ നീക്കം ചെയ്ത്, ആഴം വർധിപ്പിക്കുകയും മാലിന്യം തള്ളുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ച തോട് സംരക്ഷിക്കുകയും ചെയ്യണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama