go

എല്ലാവർക്കുമായി തുറന്നിട്ട വീട്, ജീവിതവും

SHARE

കോട്ടയം∙ ‘ഏവർക്കും സ്വാഗതം’ എന്ന ബോർഡുമായി  വീടിന്റെ വാതിൽ തുറന്നിട്ട ജോയി ചെമ്മാച്ചേൽ സഹജീവികളോടുള്ള സ്നേഹത്തിന് ഒരിക്കലും അതിർത്തികൾ വരച്ചിരുന്നില്ല. 

നടൻ, കലാകാരൻ, സാംസ്കാരിക പ്രവർത്തകൻ, വ്യവസായി തുടങ്ങി പല വേഷങ്ങളിൽ ചുറ്റുമുള്ളവരുടെ ജീവിതത്തിൽ നിറഞ്ഞുനിന്നു അദ്ദേഹം. എൺപതുകളുടെ മധ്യത്തിൽ അമേരിക്കയിൽ എത്തി. 1992 ൽ അമേരിക്കയിലെ ആദ്യ മലയാളം ചാനൽ പ്രണാം ഭാരത് ടിവി ആരംഭിച്ചത് ജോയിയും കൂടി ചേർന്നാണ്. ബിസിനസ് തിരക്കുകളിൽ സജീവമായപ്പോഴും ഉള്ളിലെ അഭിനയമോഹത്തോട് വിട പറഞ്ഞില്ല. ആ ഇഷ്ടം ജോയിയെ ടിവി പ്രേക്ഷകരുടെ പ്രിയതാരമാക്കി.  

കൃഷിയുടെയും കൂട്ടുകാരനായിരുന്നു ജോയ്. പശു, എരുമ, എമു, കാട, ഗിനിപ്പന്നി, മുയൽ,  താറാവ്, ലൗബേഡ്‌സ് തുടങ്ങി വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും  ഒരു നീണ്ട നിരയ്ക്കാണ് നീണ്ടൂർ ജെഎസ് ഫാം കൂടൊരുക്കിയിരുന്നത്.  മികച്ച സമ്മിശ്ര മൃഗ പരിപാലനത്തിനും മൽസ്യ കർഷകനുമുള്ള അവാർഡ് ആ പടി കടന്നെത്തിയത് 2 തവണ. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനോയുടെ അമരക്കാരന് മണ്ണിന്റെ മണമുള്ള മനുഷ്യൻ എന്ന വിശേഷണത്തേക്കാളും കൂടുതൽ മറ്റൊന്നും യോജിക്കില്ലെന്നു തീർത്തു പറയും അടുപ്പമുള്ളവർ.

1999ൽ സംസ്ഥാന സർക്കാരിന്റെ മൈത്രീഭവൻ പദ്ധതിയുമായി ചേർന്ന് 12 പേർക്കു വീടു നിർമിച്ചു നൽകിയ ജോയി 2004 ൽ നീണ്ടൂരിൽ സ്വന്തം വീട് വച്ചത് ഒപ്പം  നാട്ടിലെ 52 ആളുകൾക്കു കൂടി ഭവനമൊരുക്കി  കൊടുത്തുകൊണ്ടാണ്.

പഠനസഹായവുമായും ചികിൽസാ സഹായമായുമൊക്കെ ജോയിയുടെ നന്മ പല വീടുകളുടെയും പടി കടന്നെത്തി. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന് വീട്ടിലെ പ്രവേശനകവാടത്തിനൊപ്പം ജോയി വെറുതെ എഴുതിച്ചേർത്തതായിരുന്നില്ല. ആ ദർശനം ജോയിയുടെ ജീവിതമായിരുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama