go

‘വെള്ളത്തിലാണ് ’ജീവിതം!... കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ

kottayam-flood
വേനൽക്കാലത്ത് ബോട്ട് വാങ്ങിയാൽ പ്രളയകാലത്ത്...! വെള്ളപ്പൊക്കത്തെ തുടർന്നു ഇളങ്കാവ് തൈയ്യിൽ വീട്ടിൽ വിനോദ് ഡാനിയേലും കുടുംബവും അയൽവാസികളും വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുന്നു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കമുണ്ടായതിനാൽ ഇൻഫ്ലേറ്റബിൾ (കാറ്റ് നിറച്ച് ഉപയോഗിക്കുന്നത്) ബോട്ടും വാങ്ങിയാണ് മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ വിനോദ് ഇപ്രാവശ്യം അവധിക്കെത്തിയത്.
SHARE

കോട്ടയം ∙ മഴ കുറഞ്ഞെങ്കിലും ദുരിതപ്പെയ്ത്ത് കുറയാതെ ജില്ല. പടിഞ്ഞാറൻ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിൽ. ജില്ലാ ഹൈഡ്രോളജി വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം കുമരകം പ്രദേശത്ത് ഇന്നലെ 9 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലകളിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നതു മൂലം പടിഞ്ഞാറൻ കായലോര മേഖലകളിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖല, കുമരകം, ആർപ്പൂക്കര, അയ്മനം, ചെങ്ങളം, തിരുവാർപ്പ്, തിരുവഞ്ചൂർ, പേരൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, പാലാ മേഖലകളിലാണ് വെള്ളപ്പൊക്ക ദുരിതം രൂക്ഷമായത്. 

ശുദ്ധജലക്ഷാമം

വൈദ്യുതിയില്ലാത്തതിനാൽ വെള്ളപ്പൊക്ക മേഖലകളിലെ വീടുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്.  ജല അതോറിറ്റി പേരൂർ പമ്പ് ഹൗസിൽ നിന്നു മെഡിക്കൽ കോളജിലേക്കുള്ള പമ്പിങ് നിർത്തിവച്ചു.

ദുരിതാശ്വാസ ക്യാംപ്

സന്നദ്ധ സംഘടനകൾ എത്തിക്കുന്ന ഭക്ഷ്യവസ്തുകൾ ലഭിക്കുന്നുണ്ടെങ്കിലും ദുരിതാശ്വാസ ക്യാംപുകളിൽ ഒട്ടേറെ പ്രശ്നങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഏറ്റവും വലിയ വെല്ലുവിളി ശുചിമുറികളുടെ കുറവാണ്. നൂറിലധികം കുടുംബങ്ങൾ കഴിയുന്ന ക്യാംപുകളിലുള്ളത് വെറും മൂന്നും നാലും ശുചിമുറികൾ. 

കൃഷിമേഖല

വെള്ളപ്പൊക്കത്തിൽ കൃഷിമേഖലയിൽ വ്യാപക നഷ്ടം. 2161 ഹെക്ടറിലെ കൃഷി പൂർണമായും നശിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. 7136 കർഷകരെ നഷ്ടം നേരിട്ട് ബാധിച്ചു. 16.5 കോടി രൂപയുടെ വാഴക്കൃഷി നശിച്ചു. 1.6 കോടി രൂപയുടെ പച്ചക്കറിക്കൃഷിയും നശിച്ചു. 100 ഏക്കർ വരുന്ന ആർപ്പൂക്കര മണിയാപറമ്പ് ആര്യാട്ടുഴം പാടശേഖരത്തിൽ മട വീണതിനെ തുടർന്ന് 90 ദിവസം പ്രായമായ നെൽക്കൃഷി നശിച്ചു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

kottayam-flood-
ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന വാടകവീട്ടിൽ വെള്ളം കയറിയപ്പോൾ. ചിത്രം: മനോരമ

മറ്റു മേഖലകൾ

മൃഗസംരക്ഷണ വകുപ്പിന്റെ നഷ്ടം 4 ലക്ഷം. കണക്ക് ഇങ്ങനെ – 2 പശു, ഒരു കിടാവ്‌, 77 കോഴികൾ, 36 താറാവ്, 3 തൊഴുത്ത് പൂർണം, 6 തൊഴുത്ത് ഭാഗികം. ഫിഷറീസ് വകുപ്പിന്റെ 21 ഹെക്ടർ മേഖലകളിലെ മത്സ്യക്കൃഷി നശിച്ചു.

മഴക്കണക്ക്

ജില്ലയിൽ ഇന്നലെ 50.6 മില്ലിമീറ്റർ ആയിരുന്നു ശരാശരി മഴ. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് കോഴായിലാണ്. 82.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

മറ്റു സ്ഥലങ്ങളിലെ മഴ (മില്ലീമീറ്ററിൽ)

∙ കോട്ടയം: 51.0

∙ പാമ്പാടി: 42.8

∙ മുണ്ടക്കയം: 32.4

∙ കാഞ്ഞിരപ്പള്ളി: 23.7

∙ ഈരാറ്റുപേട്ട: 57.0

∙ തീക്കോയി: 60.0

പടിഞ്ഞാറൻ കായൽ മേഖലകളിൽ ജലനിരപ്പ് ഉയരുകയാണെങ്കിലും മീനച്ചിൽ, മണിമലയാറുകളിൽ നേരിയ തോതിൽ ജലനിരപ്പ് താഴുന്നുണ്ട്.

ആശുപത്രി

പാറമ്പുഴ, അയ്മനം, ഉദയനാപുരം ആരോഗ്യ കേന്ദ്രങ്ങളിൽ വെള്ളം കയറി ചികിത്സ പ്രതിസന്ധിയിലായി. പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. ആശുപത്രിക്കുള്ളിൽ വെളളം കയറിയതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപും മാറ്റി. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റി.

സ്കൂളുകൾ

ജില്ലയിൽ 5 സ്കൂളുകൾ വെള്ളത്തിൽ– ഗവ.എൽപി സ്കൂൾ വേളൂർ, സെന്റ് ജോൺസ്. യുപി സ്കൂൾ വേളൂർ, ഗവ.എച്ച്എസ്എസ് ചെങ്ങളം, തലയോലപ്പറമ്പ്, പേരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ. ഇളങ്കാവ് യുപിഎസ് കടപ്ലാമറ്റം ടെക്നിക്കൽ സ്കൂൾ.

റേഷൻ കടകൾ

കോട്ടയം, മീനച്ചിൽ താലൂക്കുകളിലെ 30 റേഷൻ കടകളിൽ വെള്ളം കയറി. കോട്ടയത്ത് 16 കടകളിലും മീനച്ചിലിൽ 14 കടകളിലുമാണ് വെള്ളം കയറിയത്. റേഷൻ കടകളുടെ പ്രവർത്തനം മുടങ്ങരുതെന്നും ജില്ലാ സപ്ലൈ ഓഫിസർ നിർദേശം നൽകി.

വെള്ളം കയറി

∙ അയർക്കുന്നം കൃഷി ഭവൻ 

∙ പേരൂർ തപാൽ ഓഫിസ്  

∙ പേരൂർ മൃഗസംരക്ഷണ ഓഫിസ്  

∙ പാറമ്പുഴ വനംവകുപ്പ് ഓഫിസും  തേക്ക് ഡിപ്പോയും 

∙ പാലാ മൃഗാശുപത്രിയിൽ 3 ദിവസമായി പ്രവർത്തനം തടസ്സപ്പെട്ടു.

വെള്ളം ഇറങ്ങിയിട്ടും ബസ് ഇറങ്ങിയില്ല

പടിഞ്ഞാറൻ മേഖലയിൽ ബസ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ അവധിയായതിനാൽ യാത്രക്കാർ കുറവാണെന്ന കാരണം പറഞ്ഞ് വെള്ളമിറങ്ങിയ റോഡുകളിൽപോലും സ്വകാര്യ ബസുകൾ സർവീസ് മുടക്കിയത് യാത്രക്കാരെ വലച്ചു.

∙ ചങ്ങനാശേരി – ആലപ്പുഴ (എസി റോഡ്) വഴി ബസ് സർവീസ് ഭാഗികം (വെള്ളത്തിന്റെ സ്ഥിതി നോക്കി ചങ്ങനാശേരിയിൽ നിന്ന് കിടങ്ങറ വരെ സർവീസ്)

∙ കെകെ റോഡിൽ ബസുകൾ മുണ്ടക്കയം വരെ മാത്രം സർവീസ്.

∙ കോട്ടയം –തിരുവാർപ്പ് സർവീസ് നിലച്ചു

∙ പരിപ്പ് റൂട്ടിൽ ബസ് സർവീസ് നിലച്ചു

∙ പാറമ്പുഴ, തിരുവഞ്ചൂർ റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചില്ല

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama