go

106 ക്യാംപുകൾ; 3020 കുടുംബങ്ങൾ

സിഎംഎസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിൽ ഇന്നലെ നൽകിയ പ്രഭാതഭക്ഷണമായ ബ്രഡും എത്തപ്പഴവും വാങ്ങി മടങ്ങുന്ന കുട്ടികൾ.
സിഎംഎസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിൽ ഇന്നലെ നൽകിയ പ്രഭാതഭക്ഷണമായ ബ്രഡും എത്തപ്പഴവും വാങ്ങി മടങ്ങുന്ന കുട്ടികൾ.
SHARE

കോട്ടയം ∙ താലൂക്കിൽ പുതിയതായി 2 ദുരിതാശ്വാസ ക്യാംപുകൾ കൂടി തുറന്നു. ഇതോടെ ക്യാംപുകളുടെ എണ്ണം 106 ആയി. മുഴുവൻ ക്യാംപുകളിലുമായി 3020 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചെങ്ങളം മേഖലയിൽ 7 ക്യാംപുകളാണ് ഉള്ളത്. ഇവിടെ ഒരു ക്യാംപിൽ മാത്രം 600 കുടുംബങ്ങളെ പാർപ്പിച്ചിട്ടുണ്ട്.കിഴക്കൻ മേഖലയിലെ ഒഴുക്കുവെള്ളം നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയെ മുക്കിയതോടെയാണ് ഇവിടങ്ങളിൽ ദുരിതം ഇരട്ടിയായത്. നഗര പ്രദേശങ്ങളിൽ പത്തിലധികം ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്.

ക്യാംപുകളിലെ പൊതുസ്ഥിതി

ഒട്ടുമിക്ക ക്യാംപുകളിലും ഒട്ടേറെ കുടുംബങ്ങൾ ഉണ്ട്. പുറത്തു നിന്നു പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണം സ്വീകരിക്കുന്നില്ല. ക്യാംപിനോടനുബന്ധിച്ച് പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്. സാധനസാമഗ്രികൾ കലക്ഷൻ സെന്ററുകളിലെത്തിക്കാൻ നിർദേശമുണ്ട്. ഇതിനാൽ ക്യാംപ് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ടുള്ള സാധന സാമഗ്രികളുടെ വിതരണവും കുറഞ്ഞു. അതാത് വില്ലേജുകളുടെ പരിധിയിലെ റവന്യു ഉദ്യോഗസ്ഥർക്കാണ് ക്യാംപിന്റെ ചുമതല.

ഇവർ നൽകുന്ന പട്ടിക അനുസരിച്ച് സപ്ലൈകോ, കലക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ ക്യാംപുകളിൽ എത്തിക്കുന്നു. മിക്ക ക്യാംപുകളിലും വെള്ളവും വെളിച്ചവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി. ആരോഗ്യ വിഭാഗത്തിന്റെ മെഡിക്കൽ സംഘങ്ങൾ ക്യാംപുകൾ സന്ദർശിക്കുന്നുണ്ട്. എല്ലാ ക്യാംപുകളിലും വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്.

നഗര പരിസരത്തെ പ്രധാന ക്യാംപുകൾ

പള്ളം സെന്റ് പോൾസ് പബ്ലിക് സ്കൂൾ, കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നാഗമ്പടം റെഡ് ക്രോസ് ടവർ ഹാൾ, സംക്രാന്തി എസ്എൻ എൽപിഎസ്, ഞാറയ്ക്കൽ സെന്റ് മേരീസ് എൽപി സ്കൂൾ, പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഹാൾ, നാഗമ്പടം സെന്റ് ജോർജ് ബേക്കറി ഹാൾ, ചാലുകുന്ന് സിഎൻഐ എൽപിഎസ്, നട്ടാശേരി ഗാന്ധി സ്മാരകം, വേളൂർ സെന്റ് ജോൺസ് എച്ച്എസ്, താഴത്തങ്ങാടി മദ്രസ, കോട്ടയം ടൗൺ എൽപിഎസ്, എരുത്തിക്കൽ സിഎംഎസ് എൽപിഎസ്, കാരാപ്പുഴ ബോബ്ഡെയിൽ നഴ്സറി സ്കൂൾ എന്നിവിടങ്ങളിൽ എല്ലാം ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്.

മുതിർന്നവർക്കും രോഗികൾക്കും പ്രത്യേക പരിഗണന‌

കോട്ടയം ∙ നഗരത്തിലും പരിസരത്തും ആരംഭിച്ച ഒട്ടുമിക്ക ക്യാംപുകളിലും പ്രായമായവരും രോഗികളുമുണ്ട്. ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. പള്ളം സെന്റ് പോൾസ് പബ്ലിക് സ്കൂളിലെ ക്യാംപിൽ വയോധികർക്കു വേണ്ടി മാത്രമായി ഒരു മുറി തന്നെ ഒരുക്കിയിട്ടുണ്ട്. 

147 അംഗങ്ങളാണ് ക്യാംപിലുള്ളത്. കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷിക്കാരനായ യുവാവും ഗർഭിണിയും അംഗങ്ങളായുണ്ട്. നാഗമ്പടം റെഡ് ക്രോസ് ടവർ ഹാളിലെ ക്യാംപിൽ 29 ദിവസം മാത്രം പ്രായമായ കുരുന്നു മുതൽ തൊണ്ണൂറുകാരി വരെയുണ്ട്.

താരമായി ‘സാവിയോ’

നാഗമ്പടം ∙ റെഡ് ക്രോസ് ടവർ ഹാളിലെ ക്യാംപിൽ ‘സാവിയോ’ ആണു താരം. ഇവന്റെ ചിരിയിലും കളിയിലും ക്യാംപിലുള്ളവർ വേദനകൾ മറക്കുകയാണ്. 29 ദിവസം മാത്രം പ്രായമായ കുരുന്ന് ഒരു കൂട്ടം അമ്മമാരുടെ തണലിൽ ഈ ക്യാംപിൽ കഴിയുന്നത്. പനയക്കഴുപ്പ് കോളനിയിലെ ആതിരയുടെ മകനാണ് സാവിയോ. അമ്മയുടെ താരാട്ടിനൊപ്പം ലാളിക്കാൻ ക്യാംപിലെ മറ്റ് അംഗങ്ങൾ തമ്മിൽ മത്സരമാണ്. 

ജൂലൈ 19നാണ് ആശുപത്രിയിൽ നിന്ന് ആതിരയും സാവിയോയും പനയക്കഴുപ്പിലെ ആതിരയുടെ വീട്ടിൽ മടങ്ങി എത്തിയത്. പിന്നീട് തുടർച്ചയായ മഴയിൽ വീട്ടിലും പരിസരത്തും പ്രളയജലം എത്തിയതിനെ തുടർന്ന് ക്യാംപിന്റെ ആദ്യ ദിനത്തിൽ തന്നെ ഇവർ റെഡ് ക്രോസ് ടവർ ഹാളിലെത്തി. സഹോദരനും സുഹൃത്തുക്കളും എത്തിച്ച വള്ളത്തിലാണ് ആതിരയും കുഞ്ഞും ക്യാംപിലെത്തിയത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama