go

പെയ്തുതീരുന്നില്ല ഭീതി

SHARE

ഏറ്റുമാ‍നൂർ ∙ വെള്ളപ്പൊക്ക ഭീതിയൊഴിയാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ. കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലിനുള്ള  സാധ്യത ഉണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുള്ളതിനാൽ ഭയത്തിലാണ് ജനം കഴിയുന്നത്.   രണ്ടു ദിവസമായി മഴയ്ക്കു ശമനം ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാവിലെ മുതൽ ഉച്ചവരെ ശക്തമായി മഴ പെയ്തു. കട്ടച്ചിറ,‍ പേരൂർ, പായ്ക്കാട്, പുളിമൂട്, പാറേക്കടവ്, വെച്ചൂർക്കവല, അരയിരം, തെള്ളകം, ഊറ്റക്കുഴി, പുന്നത്തുറ, മാടപ്പാട്, അതിരമ്പുഴ എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറി ജനജീവിതം താറുമാറായത്.

വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് വിവിധ ഭാഗങ്ങളിലെ ക്യാംപുകളിൽ കഴിഞ്ഞത്.    വെള്ളം പൂർണമായും ഇറങ്ങിയതിനെത്തുടർന്ന് ക്യാംപുകളിൽ നിന്നും ബന്ധുവീടുകളിൽ നിന്നും മടങ്ങിച്ചെല്ലുന്നവരെ കാത്തിരിക്കുന്നത് ദുരിതം തന്നെയാണ്. വെള്ളം കയറിയ വീടുകളിൽ മാലിന്യക്കൂമ്പാരമാണുള്ളത്. മീനച്ചിലാറ്റിൽ നിന്ന് ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യത്തിനു പുറമേ മേഖലയിലെ ഓടകളിലെ മാലിന്യവും ശുചിമുറി മാലിന്യവും ഉൾപ്പെടെയാണ് വീടിനുള്ളിൽ കെട്ടിക്കിടക്കുന്നത്. 

കൂടാതെ ക്ഷുദ്രജീവി ശല്യവും. മീനച്ചിലാർ കരകവിഞ്ഞതിനെത്തുടർന്ന് നഗരസഭയുടെ 8,18,15,16,14,23,10,9,8,12,13, വാർ‍ഡുകളിലെ 801 വീടുകളിലാണ് വെള്ളം കയറിയത്. വെള്ളപ്പൊക്കത്തെത്തുടർന്ന് വിവിധ ഭാഗങ്ങളിലായി 9 ദുരിതാശ്വാസ ക്യാംപുകളിൽ 1068 പേരാണ് കഴിഞ്ഞിരുന്നത്. ഇന്നലെയോടെ മിക്ക ക്യാംപുകളിൽ‍ നിന്നും ആളുകൾ വീടുകളിലേക്കു പോയതിനാൽ ക്യാംപുകൾ പിരിച്ചുവിട്ടു. നഗരസഭാ പരിധിയിലെ വെള്ളപ്പൊക്കമുണ്ടായ മേഖലയിലെ നഷ്ടങ്ങൾ വിലയിരുത്തും, ഇതിന്റെ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട്ട് പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama