go

അയർക്കുന്നത്ത് ‘മധുരം വിളമ്പി’ വിരമിച്ച അധ്യാപകൻ ജോസ്

റിട്ട. അധ്യാപകൻ കുഞ്ചറക്കാട്ടിൽ ജോസ് ശർക്കര ഉൽപാദന കേന്ദ്രത്തിൽ
റിട്ട. അധ്യാപകൻ കുഞ്ചറക്കാട്ടിൽ ജോസ് ശർക്കര ഉൽപാദന കേന്ദ്രത്തിൽ
SHARE

അയർക്കുന്നം ∙ പ്രദേശത്തിന്റെ നഷ്ടപ്പെട്ടു പോയ കരിമ്പ് കൃഷിയും ശർക്കര ഉൽപാദനവും തിരിച്ച് എത്തിച്ചിരിക്കുകയാണ് റിട്ട. അധ്യാപകൻ കൊങ്ങാണ്ടൂർ കുഞ്ചറക്കാട്ടിൽ ജോസ്( 62). 4 വർഷമായി ജോസ് ജനങ്ങൾക്കു നൽകുന്നത് രുചികരമായ നാടൻ ശർക്കരയുടെ തനിമ.വിപണിയിൽ എത്തിക്കാതെ ഉൽപാദന സ്ഥലത്തു നിന്നു തന്നെ ജോസിന്റെ മുഴുവൻ ശർക്കരയും വിപണനം നടക്കുന്നതും നാട്ടു രുചിയുടെ ഈ പ്രത്യേകത തന്നെ.യാതൊരു മായവും ചേർക്കാതെ ശർക്കര ഉൽപാദിപ്പിക്കുന്നത് കണ്ടു വാങ്ങാം എന്നതും ഉപഭോക്താക്കൾക്കു പ്രിയം കൂട്ടുന്നു.

അയർക്കുന്നം –കിടങ്ങൂർ റൂട്ടിൽ കല്ലിട്ടുനട ജംക്‌ഷനു സമീപത്താണ് ഈ ശർക്കര ഉൽപാദന കേന്ദ്രവും വിപണനവും .പാരമ്പര്യമായി ലഭിച്ച ശർക്കര ഉൽപാദനത്തിലെ അറിവാണ് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നു വിരമിച്ച ശേഷം ശർക്കര ഉൽപാദനത്തിലേക്കു ജോസിനെ എത്തിച്ചത്.പതിറ്റാണ്ടുകൾക്കു മുൻപ് കരിമ്പു കൃഷിയുടെയും ശർക്കര ഉൽപാദനത്തിന്റെയും കേന്ദ്രമായിരുന്നു അയർക്കുന്നം പഞ്ചായത്തിലെ കൊങ്ങാണ്ടൂർ,ആറുമാനൂർ പ്രദേശങ്ങൾ.ശർക്കര ഫാക്ടറി സംഘം തന്നെ ഗൂർഖണ്ഡാസാരിയിൽ നേരത്തെ ഉണ്ടായിരുന്നു.

ഉൽപാദന ചെലവും തൊഴിലാളികളുടെ അഭാവവും മൂലം കരിമ്പു കൃഷിയും ശർക്കര ഉൽപാദനവും പ്രദേശത്ത് നിന്നകന്നു. പരീക്ഷണം എന്ന നിലയിൽ സ്വന്തം പുരയിടത്തിലും പിന്നീട് സ്ഥലം പാട്ടത്തിനെടുത്തും ജോസ് നടത്തിയ കരിമ്പു കൃഷിയാണ് പ്രദേശത്തെ വീണ്ടും ശർക്കര ഉൽപാദനത്തിലേക്കു തിരിച്ച് എത്തിക്കാൻ കാരണമായത്. സ്വന്തമായുള്ള 8 ഏക്കറിനു പുറമെ 20 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തും കരിമ്പു കൃഷി ചെയ്യുന്നു. റോഡരികിൽ സ്ഥലം പാട്ടത്തിനെടുത്താണ് ശർക്കര ഉൽപാദനം ആരംഭിച്ചത്.കരിമ്പു വെട്ടുന്നതിനും ശർക്കര ഉൽപാദിപ്പിക്കുന്നതിനും  20 ജോലിക്കാരും ജോസിനൊപ്പ മുണ്ട്.

കരിമ്പു വെട്ടി കൊണ്ടു വന്ന ശേഷം ഇവയുടെ ജ്യൂസ് എടുക്കുന്നു. തുടർന്നു തീച്ചൂളയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ പാത്രത്തിലേക്ക്  ഇവ ഒഴിച്ചു ജ്യൂസിലെ വെള്ളം മാറ്റി കുറുക്കി എടുക്കുന്നു. തടി കൊണ്ടുള്ള തോണിയിലേക്കു കോരി ഒഴിച്ച്  ഇവ തണുക്കുന്നതിനനുസരിച്ച്  ഉരുട്ടി എടുത്തു ശർക്കരയാക്കി മാറ്റുന്നു. ദിനവും 300 കിലോ ശർക്കര ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.മൂല്യ വർധിത ഉൽപന്നമായി ജീരകവും ചുക്കും ചേർത്ത ജീരക ശർക്കരയും  ഇവിടെ  ലഭ്യം. വിശ്രമ ജീവിതം പൂർണമായി കരിമ്പു കൃഷിക്കും ശർക്കര ഉൽപാദനത്തിനുമായി നീക്കി വച്ചിരിക്കുന്ന ജോസ് മനസിനു സന്തോഷം പകരുന്ന പ്രവർത്തനമായാണ് ഇതിനെ കാണുന്നത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama