go

മഴ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ; ഞെട്ടിവിറച്ച് മലയോര ഗ്രാമങ്ങൾ

താമരശ്ശേരി എടുത്തുവച്ചകല്ല് വനാതിർത്തിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പാലവും മട്ടിക്കുന്ന് – റെജിമുക്ക് റോഡും. ‌മരിച്ച പരപ്പൻപാറയിൽ റിജിത്ത് മോൻ ഇവിടെനിന്നാണ് കാറിനൊപ്പം ഒഴുക്കിൽപെട്ടത്.  ചിത്രം : സജീഷ് ശങ്കർ ∙ മനോരമ
താമരശ്ശേരി എടുത്തുവച്ചകല്ല് വനാതിർത്തിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പാലവും മട്ടിക്കുന്ന് – റെജിമുക്ക് റോഡും. ‌മരിച്ച പരപ്പൻപാറയിൽ റിജിത്ത് മോൻ ഇവിടെനിന്നാണ് കാറിനൊപ്പം ഒഴുക്കിൽപെട്ടത്. ചിത്രം : സജീഷ് ശങ്കർ ∙ മനോരമ
SHARE
 • മഴ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ; ഞെട്ടിവിറച്ച് മലയോര ഗ്രാമങ്ങൾ
 • കൂടുതൽ നാശം പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്നിലും കണ്ണപ്പൻകുണ്ടിലും
 • ഉരുൾപൊട്ടലുണ്ടായത് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയും
 • കഴിഞ്ഞദിവസം കാർ സഹിതം ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
 • കണ്ണപ്പൻകുണ്ട് അങ്ങാടിയിൽ തോട് ഗതി മാറി ഒഴുകുന്നു
 • പൂഴിത്തോട് എക്കൽ തൂക്കുപാലം ഒഴുകിപ്പോയി, കിഴക്കൻ മേഖലയും വെള്ളത്തിനടിയിൽ
 • ജനങ്ങളെ ഒഴിപ്പിക്കുന്നു; എങ്ങും രക്ഷാപ്രവർത്തനം

തുടക്കം ബുധനാഴ്ച

ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ താമരശേരി കണ്ണപ്പൻകുണ്ട് പുഴ തിരിഞ്ഞൊഴുകി റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ ഒഴുക്കിൽപെട്ടു തകർന്നപ്പോൾ.
ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ താമരശേരി കണ്ണപ്പൻകുണ്ട് പുഴ തിരിഞ്ഞൊഴുകി റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ ഒഴുക്കിൽപെട്ടു തകർന്നപ്പോൾ.

ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് മട്ടിക്കുന്ന് എടുത്തവച്ചകല്ല് വനാതിർത്തിയിൽ ചെറിയതോതിൽ ഉരുൾപൊട്ടലുണ്ടായത്. രാത്രി പതിനൊന്നോടെയുണ്ടായ ഉരുൾപൊട്ടൽ പ്രദേശത്തെ ഒന്നാകെ വിറപ്പിച്ച് നാശം വിതച്ചു. ഇവിടെനിന്നു മൂന്നു കിലോമീറ്ററോളം ഒഴുകിയെത്തിയ വെള്ളം കണ്ണപ്പൻകുണ്ട് അങ്ങാടിയിലും നാശം വിതച്ചാണ് ഒഴുകിയത്. ഇന്നലെ പുലർച്ചെ രണ്ടോടെ വീണ്ടും വൻശബ്ദം കേട്ടതായി മട്ടിക്കുന്ന് നിവാസികൾ പറയുന്നു.

കൂറ്റൻ പാറക്കൂട്ടവും എക്കലും ചെളിയും വീടുകളിലേക്ക് അടിച്ചുകയറിതോടെ, കയ്യിൽ കിട്ടിയ വസ്തുക്കളും വാരിയെടുത്ത്, ഉടുത്ത വസ്ത്രത്തോടെ രക്ഷപ്പെടുകയായിരുന്നു മിക്കവരും. മലവെള്ളപ്പാച്ചിലിൽ മട്ടിക്കുന്ന് പാലത്തിലും കണ്ണപ്പൻകുണ്ട് അങ്ങാടിയിലെ ചെറുപാലത്തിലും കല്ലും മരങ്ങളും വന്നടിഞ്ഞ് പുഴ ഗതിമാറി. ഇതാണ് വൻ നാശനഷ്ടത്തിനിടയാക്കിയത്. മട്ടിക്കുന്ന് തൊടരാപ്പുഴ മുജീബ്, ഷാഫി, മുഹമ്മദ്, കല്ലടികുന്ന് മുഹമ്മദ്, കല്ലടികുന്ന് ഷാഹിദ എന്നിവരുടെ വീട് മലവെള്ളപ്പാച്ചിലിൽ തകർന്നു. 

ഷാഹിദയുടെ വീടിന്റെ ഗൃഹപ്രവേശം അടുത്ത 17നു നിശ്ചയിച്ചതായിരുന്നു. കണ്ണപ്പൻകുണ്ട് പാലക്കാപറമ്പിൽ ഇസ്മായിലിന്റെ വീട്ടിൽ കല്ലും മണ്ണു തടിയും ചെളിയും നിറഞ്ഞു. കളത്തിൽ കാസിമിന്റെ ഇരുനില വീടിന്റെ താഴത്തെ നില പൂർണമായും വെള്ളത്തിൽ മുങ്ങി. രണ്ടാംനിലയിൽ കയറി രക്ഷപ്പെട്ട ഇവരെ അഗ്നിശമനസേനയും മറ്റും എത്തി കൊട്ട കെട്ടിയിറക്കിയാണ് രക്ഷിച്ചത്.

തടത്തിൽ നഫീസ മൊയ്തീൻ, മേലെ തറയിൽ ഉഷാകുമാരി എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കണ്ണപ്പൻകുണ്ട് അങ്ങാടിയിലും പരിസരത്തുമായി പത്തോളം വീടുകളിൽ നാശനഷ്ടമുണ്ടായി. കോരങ്ങാട്ട് മുഹമ്മദ്, സഹോദരി സുലൈഖ, കണ്ണപ്പൻകുണ്ട് അബ്ദുൽ റസാഖ്, മുഹമ്മദ് എന്ന കുട്ടിമോൻ എന്നിവരുടെ വീട് തകർന്നു. ഇരച്ചെത്തിയ വെള്ളത്തിൽ കൊടുവള്ളി സ്വദേശിയുടെ  എണ്ണമില്ലും പുഴങ്കുന്നുമ്മൽ സുബ്രഹ്മണ്യന്റെ ആലയും തകർന്നു. ഒരു വീട് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

ഇടവേള കഴിഞ്ഞു

മേലെമറിപ്പുഴയിൽ ഉണ്ടായ ഉരുൾപൊട്ടൽ
മേലെമറിപ്പുഴയിൽ ഉണ്ടായ ഉരുൾപൊട്ടൽ

ഒരുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ജില്ലയുടെ കിഴക്കൻ മേഖലയിൽ പുല്ലൂരാംപാറ, മുത്തപ്പൻപുഴ , മറിപ്പുഴ, തിരുവമ്പാടി, പൂവാറൻതോട് , ഭാഗങ്ങളിലെ കുടുംബങ്ങൾ വീണ്ടും ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടുന്നത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ ശമനമില്ലാത്ത മഴയാണ് വ്യാഴാഴ്ച പുലർച്ചെ ഉരുൾപൊട്ടലായി മലയോരത്തെ നടുക്കിയത്. മറിപ്പുഴ, മുത്തപ്പൻപുഴ, കരിമ്പ് , പൂവാറൻതോട് ,പെരുമ്പൂള, കൂമ്പാറ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഒട്ടേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിലിൽ വൻകൃഷിനാശം ഉണ്ടായി .

മറിപ്പുഴയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാക്കരുകുന്നേൽ ജോയിയുടെ ഒരേക്കർ കൃഷിസ്ഥലം ഇടിഞ്ഞുപോയി വൻനാശനഷ്ടം ഉണ്ടായി. മറിപ്പുഴപാലം തകർന്ന നിലയിൽ ആണ് . 

ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഈ ഭാഗത്ത് പുഴയുടെഗതിമാറി കുറെദൂരം റോഡിലൂടെ ഒഴുകിയതുകാരണം മുത്തപ്പൻപുഴ റോഡിനും തകരാറ്‍ ഉണ്ടായി. മുത്തപ്പൻപുഴ പള്ളിത്തോട് കരകവിഞ്ഞൊഴുകി അങ്ങാടിയിൽ വെള്ളം നിറഞ്ഞു. മുത്തപ്പൻപുഴ തേൻപറ ക്രോസ് റോഡ് ഭാഗത്ത് സുനിൽ കൂട്ടിയാനി, ദിലീപ് ഒതയമംഗലത്ത്, ജോസഫ് കിളിവള്ളിക്കൽ, മുണ്ടനാനിക്കൽ ചെറിയാൻ, കുരീക്കാട്ടിൽ ജോർജ് എന്നിവരുടെ വീടുകളിൽ വെള്ളംകയറി നാശനഷ്ടം ഉണ്ടായി..

പെയ്യല്ലേ..പെയ്യല്ലേ പൊന്നേ

പൂതംപാറ ചൂരണി മലയിൽ ഉരുൾ പൊട്ടി റോഡ് തകർന്ന നിലയിൽ.
പൂതംപാറ ചൂരണി മലയിൽ ഉരുൾ പൊട്ടി റോഡ് തകർന്ന നിലയിൽ.

ഒറ്റപ്പെട്ട് ചെറുവാടി

പൂർണമാക്കും മുൻപ്.......മുക്കംകടവ് പാലത്തിനു സമീപം എസ്.കെ. പൊറ്റെക്കാട് സ്മൃതി കേന്ദ്രം വെള്ളത്തിൽ മുങ്ങിയ നിലയിൽ 	ചിത്രം : അബു ഹാഷിം∙ മനോരമ
പൂർണമാക്കും മുൻപ്.......മുക്കംകടവ് പാലത്തിനു സമീപം എസ്.കെ. പൊറ്റെക്കാട് സ്മൃതി കേന്ദ്രം വെള്ളത്തിൽ മുങ്ങിയ നിലയിൽ ചിത്രം : അബു ഹാഷിം∙ മനോരമ

മുപ്പതോളം കടകൾ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ , മുപ്പതിലേറെ വീടുകൾ ഇവയെല്ലാം വെള്ളത്തിനടിയിലായതോടെ ചെറുവാടി ഗ്രാമം പൂർണമായും ഒറ്റപ്പെട്ടു . ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തുന്ന റോഡിൽ യാത്രയ്ക്ക് തോണിയെ ആശ്രയിക്കേണ്ട അവസ്ഥ , ചാലിയാർ , ഇരുവത്തി പുഴകൾ കവിഞ്ഞതോടെയാണ് ചുള്ളിക്കാപറമ്പ് ചെറുവാടി റോഡും ഏക്കർകണക്കിന് വരുന്ന ചെറുവാടി പുഞ്ചപ്പാടവും പൂർണമായും വെള്ളത്തിൽ മുങ്ങി ചെറുവാടി ഗ്രാമത്തിലുള്ളവർ ഒറ്റപ്പെട്ടത്.

താഴത്ത് മുറി ഭാഗത്തുള്ളവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്ചുള്ളിക്കാപറമ്പിലെ കൊടിയത്തൂർ സഹകരണ ബാങ്കിന്റ് ശാഖയും കൊടിയത്തൂർ അർബൻ സൊസൈറ്റിയും  മില്ലത്ത് മഹൽ ,ദാറുൽ ഹസനാത്ത്, ലിറ്റിൽ ഗാർഡൻ പബ്ലിക് സ്കൂൾ ,കളിമുറ്റം നഴ്സറി , തുടങ്ങിയ സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ചെറുവാടി നിവാസികളുടെ ഒറ്റപ്പെടൽ പൂർണമായി.  ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡും വെള്ളത്തിലായതോടെ ചെറുവാടിക്കാരുടെ ദുരിതം ഇരട്ടിയുമായി.

കനത്ത മഴയും പല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളെയും തുടർന്ന് മുക്കത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. ചുള്ളിക്കാപറമ്പ് പുഞ്ചപ്പാടത്തു വെള്ളം കയറി നടുവിലൂടെയുള്ള റോഡ് മുങ്ങി. താഴ്ന്നപ്രദേശങ്ങളെല്ലാം രാത്രി മുതൽ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശത്തെ റോഡുകളിൽ ഒരാൾ ഉയരത്തിൽ വരെ വെള്ളം കയറി.മുക്കം കടവ് പാലത്തിനു സമീപമുള്ള വീടുകളും എസ്.കെ.പൊറ്റക്കാട്ട് സ്മൃതി കേന്ദ്രവുമെല്ലാം മുങ്ങി.

സ്മൃതി കേന്ദ്രത്തിന്റെ ഓടുകൾ മാത്രമാണ് പുറത്തുകാണാവുന്നത്. ആ പ്രദേശത്തെ തെരുവുവിളക്കുകൾപോലും ഏറെക്കുറെ മുങ്ങി. ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ പല ഭാഗങ്ങളും ഇനിയും ഒറ്റപ്പെട്ടേക്കാമെന്ന ഭീതിയിലാണ് നാട്ടുകാർ. കോഴിക്കോട്–മുക്കം പാതയിൽ അഗസ്ത്യൻമൂഴിയിലും രണ്ടിടത്ത് റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ഇനിയും വെള്ളമുയർന്നാൽ വാഹനഗതാഗതം നടക്കില്ല. വീടുകളിലും കടകളിലും വെള്ളം കയറിയതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ പ്രദേശങ്ങളിലും ഉണ്ടായത്. 

ആശങ്കയിൽ മുങ്ങിപ്പൊങ്ങി

ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ താമരശ്ശേരി കണ്ണപ്പൻകുണ്ട് അങ്ങാടിയിൽ തിരിഞ്ഞൊഴുകിയ പുഴ കോരങ്ങാട്ട് മുഹമ്മദിന്റെയും സഹോദരി സുലൈഖയുടെയും വീടിനുള്ളിലൂടെ ഒഴുകുന്നു.     ചിത്രം : മനോരമ
ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ താമരശ്ശേരി കണ്ണപ്പൻകുണ്ട് അങ്ങാടിയിൽ തിരിഞ്ഞൊഴുകിയ പുഴ കോരങ്ങാട്ട് മുഹമ്മദിന്റെയും സഹോദരി സുലൈഖയുടെയും വീടിനുള്ളിലൂടെ ഒഴുകുന്നു. ചിത്രം : മനോരമ

കോരങ്ങാട്ട് മുഹമ്മദിന്റെ വീട്ടിൽ അടുത്തയാഴ്ച മകൻ നിജാസിന്റെ വിവാഹച്ചടങ്ങ് നടത്തേണ്ടിയിരുന്നതാണ്. പാഞ്ഞെത്തിയ വെള്ളം എന്തെല്ലാം വീട്ടിൽ ബാക്കിവച്ചിട്ടുണ്ടാകുമെന്ന ആശങ്കയിലാണ് കുടുംബം. നിനച്ചിരിക്കാതെയാണ് മുഹമ്മദിന്റെ കുടുംബത്തിന്റെ വീട്ടിലേക്ക് ബുധനാഴ്ച രാത്രി മലവെള്ളം പാഞ്ഞെത്തിയത്. കനത്ത മഴയുണ്ടായിരുന്നെങ്കിലും ഇത്തരമൊരു ദുരന്തം ദുഃസ്വപ്നത്തിൽപോലും കടന്നുവന്നിരുന്നില്ല. വയോധികയായി ഭാര്യാമാതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നും കയ്യിൽ കരുതിയുമില്ല കുടുംബം. വീട്ടിൽ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ പാസ്പോർട്ടുകൾ ഒരുവിധം സുരക്ഷിതമാക്കി. വെള്ളം ഇറങ്ങി, വീട്ടിൽ തിരിച്ചെത്തുമ്പോൾ മലവെള്ളം എന്തെല്ലാം ബാക്കിവച്ചിട്ടുണ്ടാകും ? ആശങ്കയോടെ ചോദിക്കുകയാണ് മൈലള്ളാംപാറയിലെ ക്യാംപിൽനിന്ന് മുഹമ്മദ്. 

രക്ഷാപ്രവർത്തനം 

പുതുപ്പാടി പഞ്ചായത്തിൽ വീടുകളിൽ കുടുങ്ങിയ ഒട്ടേറെപ്പേരെ അഗ്നിശമനസേനയുംനാട്ടുകാരും ചേർന്നു രാത്രിയും പുലർച്ചെയുമായി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകളും താമരശ്ശേരി, മുക്കം, കൊടുവള്ളി, ബാലുശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനത്തിനെത്തി. ഇന്നലെ ഉച്ചയോടെ തൃശൂരിൽനിന്നുള്ള നാൽപതംഗ ദേശീയദുരന്ത നിവാരണ സേനയും വെസ്റ്റ്ഹിൽ ബാരക്കിൽനിന്നു കേണൽ കൃതാംഗറിന്റെ നേതൃത്വത്തിൽ 12 അംഗ സൈന്യവും രക്ഷാപ്രവർത്തനത്തിനെത്തി. ദുരന്തമുഖത്തു ഭീഷണിയായ കല്ലും മണ്ണും മരങ്ങളും മറ്റും മാറ്റുന്നതിനു ദുരന്ത നിവാരണ സേനയും നേതൃത്വം നൽകി. 

ഡാമുകളുടെ ഷട്ടർ തുറന്നു

കൂരാച്ചുണ്ട് ∙ കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാം ഷട്ടർ ഇന്നലെ അഞ്ചടി തുറന്നു. പുലർച്ചെ മൂന്നര അടിയാണ് തുറന്നതെങ്കിലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയും ബാണാസുരസാഗറിൽ നിന്നു ജലമൊഴുക്ക് കൂടുകയും ചെയ്തതോടെ ഷട്ടർ ഉച്ചക്ക് 1.30ന് അഞ്ചടി തുറക്കുകയായിരുന്നു. ഇത്തവണ അഞ്ചാമത്തെ തവണയാണ് ഡാം തുറക്കുന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 2487 അടിയാണ്. ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞതോടെ വെളളം തുറന്നു വിടുന്നത് ഒരടിയായി കുറച്ചു. ഷട്ടർ തുറന്നപ്പോൾ കരിയാത്തുംപാറ പുഴയിലെ വെളളത്തിന്റെ ഒഴുക്ക് ക്രമാതീതമായി വർധിച്ചതോടെ ജനങ്ങൾ ആശങ്കയിലായി.  

കരിയാത്തുംപാറ മീമുട്ടി മേഖലയിലെ പാലവും, റോഡും കരകവിഞ്ഞ് വാഹന ഗതാഗതവും മുടങ്ങി. ഇരുപത്തിമൂന്നോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. വീടുകൾക്ക് ഭീഷണിയായ 12 കുടുംബങ്ങളെ കരിയാത്തുംപാറ സെന്റ് ജോസഫ് എൽപി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു. കരിയാത്തുംപാറ പരദേവത ക്ഷേത്രത്തിന്റെ സംരക്ഷണ മതിൽ, ഉൗട്ടുപുര, കിണർ എന്നിവ പൂർണമായും നശിച്ചു. ക്ഷേത്രത്തിലെ വിവിധ സാധനങ്ങളും ഒഴുകിപ്പോയി. വെളളം ഒഴുകിയെത്തിയപ്പോൾ കുറെ സാധനങ്ങൾ ജനങ്ങൾ എടുത്തു മാറ്റി. പാലാട്ടിയിൽ പൗലോസിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും നശിച്ച് വീടിന് ഭീഷണിയാണ്. പുളിക്കൽ ആന്റണിയുടെ കൃഷിയിടത്തിലും വെളളം കയറി.    

കരിയാത്തുംപാറ-ഒരക്കുഴി റോഡിന്റെ ടാറിങ്, കരിങ്കല്ല്കെട്ട് എന്നിവ തകർന്നു. കരിയാത്തുംപാറ– മീമുട്ടി റോഡ് വെളളം കുത്തിയൊഴുകി 800 മീറ്ററോളം ടാറിങ് നശിച്ചു. പുരുഷൻ കടലുണ്ടി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വിൻസി തൊണ്ടിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മാണി നന്തളത്ത്, മെംബർ ജോസ് വെളിയത്ത്, കൊയിലാണ്ടി എൽആർ തഹസിൽദാർ ഗോഗുൽദാസ്, കൂരാച്ചുണ്ട് വില്ലേജ് ഓഫിസർ എം. ഷാജി എന്നിവർ സ്ഥലം സന്ദർശിച്ചു.

ചുരങ്ങളിൽ മണ്ണിടിച്ചിൽ

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ചൂരണി മലയിലും വയനാട് ചുരം റോഡിൽ ചുങ്കക്കുറ്റിയിലും പക്രംതളം മഖാമിനടുത്തും ഉരുൾപൊട്ടൽ. വയനാട്ടിലേക്കുള്ള വാഹനയോട്ടം നിലച്ചു. ഏക്കർകണക്കിന് കൃഷി നശിച്ചു. ഒട്ടേറെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.ഇന്നലെ പുലർച്ചെയാണ് ചൂരണി മലയിൽ ഉരുൾപൊട്ടലുണ്ടായത്. പൂതംപാറ ചൂരണി, പക്രംതളം ബദൽറോഡ് പൂർണമായും തകർന്നു. വാഹനഗതാഗതം മുടങ്ങി.   

കർഷകരുടെ കൃഷിസ്ഥലം നശിച്ചു

ബുധനാഴ്ച രാത്രി പത്തരയോടെയാണ് വയനാട് റോഡിൽ ചുങ്കക്കുറ്റി ഭാഗത്ത് ഉരുൾ പൊട്ടിയത്. വയനാട് വനത്തിൽ നിന്നാണ് ഉരുൾപൊട്ടലുണ്ടായത്. രാത്രിതന്നെ അഗ്നിശമന സേനയും നാട്ടുകാരും പൊലിസും ചേർന്ന് മണ്ണു നീക്കി. ഇന്നലെ രാവിലെ എട്ടുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. പകൽ പതിനൊന്ന് മണിക്കാണ് ചുരം റോഡിൽ പക്രംതളം മഖാമിനടുത്ത വളവിൽ വീണ്ടും ഉരുൾപൊട്ടിയത്. കല്ലും മരങ്ങളും റോഡിലേക്ക് പതിച്ചു. രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. തൊട്ടിൽപാലം പൊലീസും നാദാപുരം വയനാട് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നി ശമനസേനയും ചേർന്നാണ് മണ്ണും മരങ്ങളും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.  വാഹനങ്ങൾ വഴിയിൽ കുടുങ്ങി.പശുക്കടവ് പൂഴിത്തോട് മലയിലും കഴിഞ്ഞ ദിവസം രാത്രി ഉരുൾ പൊട്ടലുണ്ടായി. പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ പവർഹൗസിനടത്ത് മണ്ണിടിച്ചിലുണ്ടായി. ചെളിവെള്ളം കയറിയതിനാൽ വൈദ്യുതി ഉൽപാദനം നിർത്തിവച്ചു.

പശുക്കടവ് എക്കൽപ്രദേശത്തെ കളരിക്കണ്ടി കണാരൻ, മരുതേരി ലീല, കാലാടി വാസു, നരിപ്പാറ ഗോപാലൻ, മാമ്പ്ര ചന്ദ്രൻ, മാമ്പ്ര നാണു, കുഞ്ഞിപറമ്പത്ത് രാജീവൻ , തുടങ്ങിയവരുടെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മരുതോങ്കര ചീനവേലിയിൽ നിരവിൽ സിബി, നിടുമണ്ണിൽ മഹേഷ്, നിടുമണ്ണിൽ വിജില എന്നിവരുടെ വീടുകൾ വെള്ളത്തിനടിയിലായി. ഇവിടെപത്ത് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. വേളം പഞ്ചായത്തിലെ തീക്കുനിയിലും വെള്ളം കയറി. 

ഉരുൾപൊട്ടൽ ഭീഷണിയെതുടർന്ന് കാവിലുപാറ പഞ്ചായത്തിലെ മുളവട്ടം വെള്ളുവൻ കുന്നിലെ ആറ് വീട്ടുകാരെ മുളവട്ടം അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുണ്ടകതറപ്പേൽ കുഞ്ഞൂട്ടി, പ്ലാമൂട്ടിൽ മറിയാമ്മ, പ്ലാമൂട്ടിൽ തോമസ്, സജി കളരികെട്ടിയപറമ്പത്ത്, ചാക്കോ വലിയമറ്റം, കൃഷ്ണൻ കിണറുള്ള പറമ്പത്ത് എന്നീ വീട്ടുകാരെയാണ് മാറ്റിപ്പാർപ്പിച്ചത്.ചൂരണി മലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിനടുത്തുള്ള ടോമി പലക്കാടിന്റെ വീട് മണ്ണിടിഞ്ഞുവീണ് തകർന്നു. കാവിലുംപാറ പുഴക്കൽ ഭാഗത്തെ പത്ത് വീടുകളിലും വെളളം കയറി. തൊട്ടിൽപാലം ,പട്യാട്ട്, കുറ്റ്യാടി പുഴകൾ കരകവിഞ്ഞൊഴുകുകയാണ്.പൂഴിത്തോട് എക്കൽ തൂക്കുപാലം ഒഴുകിപ്പോയി. 

അനുവദിച്ചില്ലല്ലോ വിധി, അവനെ ജീവിക്കാൻ..!

അടുത്തിടെയുണ്ടായ വാഹനാപകടത്തിൽ, വിധിയെ തോൽപിച്ച് ജീവിതം തിരികെപ്പിടിക്കുകയായിരുന്നു മാട്ടിക്കുന്ന് പരപ്പൻപാറ റിജിത്ത്. ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്കു തിരികെയെത്തിയത്. ബുധനാഴ്ച രാത്രി വിധി വീണ്ടുമെത്തിയത് മലവെള്ളപ്പാച്ചിലിന്റെ രൂപത്തിൽ‌. ഇലക്ട്രിക് ജോലി ചെയ്യുന്ന റിജിത്ത്, ജോലി കഴിഞ്ഞ് രാത്രി എത്തിയപ്പോൾ മട്ടിക്കുന്നിൽ വെള്ളം കയറിയതറിഞ്ഞ് എത്തിയതാണ്. മട്ടിക്കുന്ന് പാലത്തിനടുത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത് ഒരു മാസം മുൻപ് വാങ്ങിയ പുത്തൻ കാറിൽ. മലവെള്ളം വരുന്നകാര്യം പാലത്തിന് എതിർവശത്തുള്ളവർ ടോർച്ച് തെളിച്ച് ശ്രദ്ധയിൽപെടുത്തിയപ്പോൾ ഒപ്പമുള്ളവർ ഓടിമാറി. റോഡിൽ നിർത്തിയിരുന്ന കാർ സ്റ്റാർട്ടാക്കി എടുക്കാനുള്ള ശ്രമത്തിൽ റിജിത്തും കാറും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മണൽവയൽ വള്ള്യാട് നിന്നാണ് മൃതദേഹം കിട്ടിയത്. 

സംഭവം നേരിൽകണ്ട മാട്ടിക്കുന്ന് വേങ്കാട്ടിൽ തങ്കമണിക്ക് ഞെട്ടൽ മാറുന്നില്ല– രാത്രി 11ന് ശേഷം വെള്ളത്തിന്റെ കുത്തൊഴുക്കു ശബ്ദം കേട്ടാണ് തങ്കമണിയും ബന്ധു സരോജിനിയും അവരുടെ മകൻ അഖിലേഷും പാലത്തിനടുത്തേക്കു ചെന്നത്. വെള്ളപ്പാച്ചിൽ ശ്രദ്ധയിൽപെട്ട സമീപവാസികൾ വെട്ടം തെളിച്ച് അപായം അറിയിച്ചപ്പോഴേക്കും ഇവർ ഓടിമാറി. റിജിത്തും സുഹൃത്ത് എഡ്വിനും സമീപത്തുണ്ടായിരുന്നു. റിജിത്ത് കാറിൽ കയറി ഓടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴേക്കും കൂറ്റൻ പാറയും കുത്തൊഴുക്കും റോഡിൽനിന്ന് കാർ ഉൾപ്പെടെ ഒഴുക്കിമാറ്റി. അപകടത്തെ തുടർന്നു കാലി‍ൽ സ്റ്റീൽ കമ്പിയിട്ടിരുന്ന റിജിത്തിന് അനായാസം നീങ്ങാനും കഴിഞ്ഞില്ല. വൈദ്യുതി പോസ്റ്റും പാറക്കല്ലുകളും ഉൾപ്പെടെ വെള്ളത്തിലൂടെ തങ്ങളുടെ നേർക്ക് പാഞ്ഞെത്തിയപ്പോൾ ജീവൻ വാരിപ്പിടിച്ച് ഓടിമാറാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ... തങ്കമണിക്ക് അതു ചിന്തിക്കാൻകൂടി കഴിയുന്നില്ല. 

വരുന്നില്ലുറക്കം....

പച്ചമരം ചതഞ്ഞരഞ്ഞ് ഒഴുകിയെത്തുന്നതിന്റെയും മണ്ണും ചെളിയും ചേർന്നൊഴുകുന്നതിന്റെയും ആ മണം. അത് മൂക്കുതുളച്ചു കയറും. പിന്നെ, ഇടയ്ക്കിടെയുള്ള ഭീകര ശബ്ദങ്ങളും മുഴക്കവും. കിടന്നാൽ എങ്ങനെ ഉറക്കംവരും ? കണ്ണപ്പൻകുണ്ട് മട്ടിക്കുന്നിലിലെ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനു സമീപത്തെ എടുത്തുവച്ചകല്ല് പനയക്കുന്നേൽ സൂസന്നാമ്മയുടെ ചോദ്യമാണ്.  എല്ലാവരും ഒന്നിച്ചിരിക്കാം. മരിക്കുകയാണെങ്കിൽ എല്ലാവരും ഒന്നിച്ച്, രക്ഷപ്പെട്ടാൽ അങ്ങനെ... എന്നു വിചാരിച്ചാണ് കഴിഞ്ഞത്.ബുധനാഴ്ച വൈകിട്ട് ഏഴോടെ തുടങ്ങിയതാണ് ഉരുൾപൊട്ടൽ. ആദ്യം ചെറുതായി തുടങ്ങി. രാത്രിയായപ്പോഴേക്കും ചെവി പൊട്ടുന്ന ശബ്ദത്തോടെയാണ് വെള്ളം പാഞ്ഞിറങ്ങി. രണ്ടുമൂന്നു പ്രാവശ്യമായാണ് ഉരുൾപൊട്ടിയിറങ്ങിയത്. ഇന്നലെ പകൽ 11.30 യ്ക്ക് വീണ്ടും പൊട്ടി. ഇവർക്ക് കൃഷിനാശവും ഉണ്ടായി. 

കുടുംബങ്ങൾ ഒറ്റപ്പെട്ടു

കിളിക്കല്ല് ഭാഗത്ത് എട്ട് ആദിവാസികുടുംബങ്ങളും മറിപ്പുഴ ഭാഗത്ത് 10 കുടുംബങ്ങളും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടനിലയിലാണ്. മേലെ മറിപ്പുഴയിൽ ഒരു ഫാം ഒറ്റപ്പെട്ടുപോയി. പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്തേൽ ഭാഗത്തുള്ള 38 കുടുംബങ്ങൾ വെള്ളപ്പൊക്കഭീഷണിയിൽ ആണ്. ഇവരിൽ 15 കുടുംബങ്ങളെ പുല്ലൂരാംപാറ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ബാക്കി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇരുവഞ്ഞിപുഴയിലുണ്ടായ കനത്ത മലവെള്ളപാച്ചിലിൽ ഇലന്തുകടവിലുള്ള സംരക്ഷണഭിത്തി തകർത്ത് ഈ ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു.തിരുവമ്പാടി വില്ലേജ് ഓഫീസിന് സമീപമുള്ള ഏഴു വീടുകളിലും വെള്ളംകയറി. ഇവരെ ബന്ധുവീട്ടുകളിലേക്കും ദുരിതാശ്വസ ക്യാംപുകളിലേക്കും മാറ്റി, തിരുവമ്പാടി ഉല്ലാസ് നഗർ താഴെതിരുവമ്പാടി എന്നിവിടങ്ങളിലെ വീടുകളിലും വെള്ളംകയറി.

ഗതാഗതം തടസ്സപ്പെട്ടു.

തിരുവമ്പാടിക്കുള്ള റോഡുകൾ പൂർണമായി വെള്ളംകയറിയതോടെ ഗതാഗതം നിലച്ചു. കോഴിക്കോട് റോഡിൽ തോട്ടത്തിൻകടവ് ഊർപ്പിലും താഴെതിരുവമ്പാടിയിലും വെള്ളംകയറി ഗതാഗതം നിലച്ചു. പുല്ലൂരാംപാറ റോഡിൽ കറ്റ്യാട് ജംക്‌ഷനിലും ഇരുമ്പകത്തും റോഡ് തോടായി തീർന്നു.തിരുവമ്പാടി ബസ് സ്റ്റാൻഡ് വെള്ളക്കെട്ടായി തീർന്നു. ഹൈസ്കൂൾ റോഡിലും വെള്ളം നിറഞ്ഞതോട് കൂടരഞ്ഞിക്കുള്ള ഗതാഗതവും നിലച്ചു .തിരുവമ്പാടി കെഎസ്ആർടിസി ഗാരിജിൽവെള്ളംകയറി . രാത്രിൽത്തന്നെ ബസുകൾ ഇവിടെനിന്ന് മാറ്റിയിരുന്നു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർ‍ന്ന് വൈദ്യുതിയും മലയോരമേഖലയിൽ തടസ്സപ്പെട്ടിരിക്കുകയാണ്.

 വൻകൃഷിനാശം

ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻകൃഷിനാശമാണ് മലയോര മേഖലയിൽ ഉണ്ടായത്.മലവെള്ളപാച്ചിലിൽ കൃഷിയെല്ലാം ഒഴുകിപ്പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ കർഷകർക്ക് സാധിച്ചൊള്ളൂ. കമുക്, റബർ, കുരുമുളക് ,തെങ്ങ് , വാഴ, കപ്പ എന്നിവയെല്ലാം നശിച്ചു. സീസൻ കണക്കാക്കി ചെയ്ത വാഴക്കൃഷിയും കപ്പകൃഷിയും മലവെള്ളപാച്ചിലിൽ ഒലിച്ചുപോയി. രാത്രിയും തുടരുന്ന ശക്തമായ മഴയിൽ ഏറെഭീതിയോടെയാണ് മലയോരജനത കഴിയുന്നത്. 

വനമേഖലയിലും ഉരുൾപൊട്ടൽ

ചക്കിട്ടപാറ പഞ്ചായത്തിൽ ആറാം വാർഡിലെ മുതുകാട് മൂന്നാം ബ്ലോക്കിനടുത്ത് സീതപ്പാറ കുവൈത്ത്കുന്നിൽ വ്യാഴാഴ്ച പുലർച്ചെ ഉരുൾപൊട്ടി .മൂന്നാം ബ്ലോക്കിലെ തോടിലൂടെ വെളളം,കല്ല്,മരങ്ങൾ എന്നിവ കുത്തിയൊഴുകി കൃഷി,പാലം,റോഡ് എന്നിവ നശിച്ചു.ജാനകി കരുവളളിമീത്തൽ, ദേവി കാക്കൂകുഴിയിൽ, വർഗീസ് ചക്കംമൂട്ടിൽ സുജിൽ കരുവളളിമീത്തൽ സനൽ കരുവളളിമീത്തൽ എന്നീ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ കലക്ടീവ് ഫാം ജിയുപി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

രാജപ്പൻ ഈന്തനാംകുഴിയിൽ, ഗ്രേസി ഇടത്തിനകത്ത്,ഡെയ്സി ഇടത്തിനകത്ത് എന്നീ കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു.മൂന്നാം ബ്ലോക്കിലെ ജോയി വാലുപറമ്പിൽ, രാജു പാട്ടശേരി,ജോൺ പതാപ്പറമ്പിൽ,രാജൻ പുളി‍ഞ്ഞോളിക്കുന്നുമ്മൽ, പാപ്പച്ചൻ പഴയപറമ്പിൽ എന്നിവരുടെ വീടുകളും ഭീഷണിയിലാണ്.മൂന്നാം ബ്ലോക്ക് - സീതപ്പാറ റോഡിലെ പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ടുണ്ട്. ബെന്നി പാട്ടശേരി, കോട്ടപ്പറമ്പിൽ രാജൻ, കരുവളളിമീത്തൽ ജാനകി എന്നിവരുടെ വാഴ,കവുങ്ങ് എന്നിവയുൾപ്പെടെയുളള കൃഷിയും നശിച്ചു. രണ്ടാം ബ്ലോക്കിലെ മൂന്ന് വീടുകളിലും,ചെങ്കോട്ടക്കൊല്ലിയിലെ വലിയപറമ്പിൽ മനോജ്, മേരി തെക്കേക്കൂറ്റ്, വാസു പാറയിൽ വീട്ടിലും വെളളം കയറി നാശം സംഭവിച്ചു.

ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറ കുവൈത്ത്കുന്നില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടിയതിനെതുടര്‍ന്ന് മൂന്നാം ബ്ലോക്ക് തോട്ടിലൂടെ വെളളം കുത്തിയൊഴുകുന്നു.
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറ കുവൈത്ത്കുന്നില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടിയതിനെതുടര്‍ന്ന് മൂന്നാം ബ്ലോക്ക് തോട്ടിലൂടെ വെളളം കുത്തിയൊഴുകുന്നു.
MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama