കോഴിക്കോട് ∙ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം നാടകത്തിൽ ജില്ലയെ പ്രതിനിധീകരിക്കുക തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിക്കുന്ന ‘എലിപ്പെട്ടി’ നാടകമായിരിക്കും. കൊയിലാണ്ടിയിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകമായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക്് അർഹത നേടിയിരുന്നത്.
എന്നാൽ ‘കിത്താബ്’ നാടകത്തിനെതിരെ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഈ നാടകം സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അവതരിപ്പിക്കുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നു.ഇതേ തുടർന്നാണ് ജില്ലാ സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ ‘എലിപ്പെട്ടി’ നാടകം സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്. പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് ഈ നാടകം ചർച്ച ചെയ്യുന്നത്. ശിവദാസ് പൊയിൽക്കാവാണ് നാടകത്തിന്റെ സംവിധായകൻ.