കരിപ്പൂർ∙ ആഘോഷത്തിന്റെ ഇന്ധനം നിറച്ച്, കോഴിക്കോടിന്റെ ആകാശംതൊട്ട് വീണ്ടും വലിയ വിമാനം. 211 യാത്രക്കാരുമായി ജിദ്ദയിൽനിന്നു പറന്നെത്തിയ സൗദി എയർലൈൻസിന്റെ എയർബസ് 330-300 വിമാനം ഇന്നലെ രാവിലെ 11.10ന് കോഴിക്കോടിന്റെ റൺവേയിലിറങ്ങി. 270 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.50ന് ജിദ്ദയിലേക്കു തിരിച്ചുപറന്നു. 43 മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ടേക്ക്ഓഫുമായി ഇ ശ്രേണിയിലുള്ള വലിയ വിമാനമെത്തിയത്.
ജിദ്ദയിലേക്കുള്ള മടക്കയാത്രയിൽ 237 ഉംറ തീർഥാടകരുണ്ടായിരുന്നു. കോഴിക്കോട്– റിയാദ് സർവീസ് നാളെ ആരംഭിക്കും. സൗദി എയർലൈൻസിന്റെ ബോയിങ് 777-200 ഇആർ വിമാനവും ഏപ്രിൽ മുതൽ കോഴിക്കോട്ട് സർവീസിനെത്തും. ജിദ്ദയിൽ നിന്നെത്തിയ ആദ്യ വിമാനത്തെ അഗ്നിശമന സുരക്ഷാസേന വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഇന്ത്യയിലെ സൗദി അംബാസഡർ ഡോ.സൗദ് മുഹമ്മദ് അൽസാത്തി, എംപിമാരായ പികെ.കുഞ്ഞാലിക്കുട്ടി, എം.കെ.രാഘവൻ, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ് എന്നിവരും വിമാനത്തെ വരവേൽക്കാൻ കരിപ്പൂരിലെത്തിയിരുന്നു.
രാഷ്ട്രീയ പാർട്ടികളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ യാത്രക്കാർക്ക് സ്വീകരണമൊരുക്കി. കരിപ്പൂരിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ സൗദി എയർലൈൻസ് സന്നദ്ധമാണെന്ന് അസി. വൈസ് പ്രസിഡന്റ് നവാഫ് അൽ ജക്തൂമി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ ഈ ആവശ്യം മുന്നോട്ടുവയ്ക്കും. കാർഗോ വിമാനം ആരംഭിക്കുന്നതും പരിഗണിക്കും.കോഴിക്കോട്ട് സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സൗദി എയർലൈൻസ് വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും അന്തിമ അനുമതി ഡിജിസിഎ തിങ്കളാഴ്ചയാണ് നൽകിയതെന്ന് നവാഫ് അൽ ജക്തൂമി പറഞ്ഞു.