go

മൊബിലിറ്റി ഹബ് OR ബസ് പോർട്ട്

Kozhikode News
SHARE

കോഴിക്കോട്∙ നഗരത്തിൽ മൊബിലിറ്റി ഹബ് സ്ഥാപിക്കാനായി കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സാധ്യത തേടും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്റെയും ടി.പി.രാമകൃഷ്ണന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം ഇതിനായി കലക്ടർ സാംബശിവ റാവുവിനെ സ്പെഷൽ ഓഫിസറായി ചുമതലപ്പെടുത്തി.

സംസ്ഥാന സർക്കാരിന്റെ പദ്ധതിയായി നടപ്പാക്കാൻ കിഫ്ബിക്കും കേന്ദ്രത്തിന്റെ ബസ് പോർട്ട് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിനുമാണു പദ്ധതി സമർപ്പിക്കേണ്ടത്. ഇതിൽ കിഫ്ബിക്കു സമർപ്പിക്കാനുള്ള വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്റെ നടപടികൾ കലക്ടറുടെ നേതൃത്വത്തിൽ നടക്കും. ബസ് പോർട്ടിനുള്ള അപേക്ഷ ഗതാഗതവകുപ്പായിരിക്കും കേന്ദ്രത്തിനു നൽകുന്നത്. 

കോഴിക്കോട്ട് ദേശീയപാത ബൈപാസിനു കിഴക്കായി പാച്ചാക്കൽ ജംക്‌‌ഷനു സമീപമായി 15 ഏക്കറോളം സ്ഥലമാണ് പദ്ധതിക്കായി നിലവിൽ കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രപദ്ധതിക്ക് അനുമതി കിട്ടിയാൽ ഇവിടെ ബസ് പോർട്ടും ഇല്ലെങ്കിൽ സംസ്ഥാന പദ്ധതിയായി മൊബിലിറ്റി ഹബും നടപ്പാകും. ദീർഘദൂര ബസുകൾ നഗരത്തിനുള്ളിലേക്കു പ്രവേശിക്കാതെ നഗരാതിർത്തിയിൽ സ്ഥാപിക്കുന്ന ഹബിലേക്കെത്തുകയും അവിടെനിന്നുതന്നെ പുറപ്പെടുകയും ചെയ്യുന്നതാണ് സംവിധാനം.യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ട്രാൻസ്പോർട്ട് കമ്മിഷണർ കെ.പത്മകുമാർ, ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ജോ. ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത്, കലക്ടർ സാംബശിവ റാവു, റീജനൽ ടൗൺ പ്ലാനർ കെ.വി.അബ്ദുൽ മാലിക് എന്നിവർ പങ്കെടുത്തു. 

ബസ് പോർട്ടിലേക്കുള്ള വഴി 

സംസ്ഥാന സർക്കാരിന്റെ പദ്ധതിയായി മൊബിലിറ്റി ഹബ് സ്ഥാപിക്കാനുള്ള പ്രാരംഭനടപടികൾ പുരോഗമിക്കവേയാണു കേന്ദ്ര പദ്ധതിയുടെ അറിയിപ്പ് ഗതാഗത വകുപ്പിനു ലഭിക്കുന്നത്. രാജ്യത്തെ പൊതുഗതാഗത സംവിധാനം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ഓരോ സംസ്ഥാനത്തും ഏറ്റവും കുറഞ്ഞത് ഒരു ബസ് പോർട്ടെങ്കിലും സ്ഥാപിക്കണമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം.

തിരുവനന്തപുരത്ത് കെഎസ്ആർടിക്കു ലഭ്യമായ 5 ഏക്കറിൽ ബസ് പോർട്ട് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഗതാഗതവകുപ്പ് കേന്ദ്രത്തിനു സമർപ്പിച്ചുകഴിഞ്ഞു. അടുത്ത പദ്ധതിയായാണ് കോഴിക്കോട്ടേതു സമർപ്പിക്കുന്നത്. മൊബിലിറ്റി ഹബെന്ന ആശയം തന്നെയാണ്  ഏറെക്കുറെ ബസ് പോർട്ട് പദ്ധതിയിലും. എന്നാൽ നിർമാണച്ചെലവിന്റെ 40% കേന്ദ്രം വഹിക്കുമെന്നതാണ് ബസ് പോർട്ടിന്റെ പ്രത്യേകത. ഇതോടൊപ്പം ദേശീയ പാതാ അതോറിറ്റിയുടെ കീഴിൽ നിർമാണം നടത്തുകയും ചെയ്യും. 

എന്നാൽ ബസ് പോർട്ടിനായി അപേക്ഷിക്കുമ്പോൾ ഭൂമി  പൂർണമായും ലഭ്യമായിരിക്കണമെന്ന നിബന്ധന നഗരത്തിനു വെല്ലുവിളിയാണ്. അതേസമയം, പാച്ചാക്കലിലെ ഭൂമി ദേശീയപാതയോടു ചേർന്നതായതിനാൽ അത് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായി കാണിച്ച് അപേക്ഷിക്കാം. ഇങ്ങനെയെങ്കിൽ സ്ഥലമേറ്റെടുപ്പിനുള്ള തുകയുടെ ഒരുഭാഗവും കേന്ദ്രം വഹിച്ചേക്കും. സ്ഥലമേറ്റെടുപ്പ് നടത്തേണ്ടതിനായി പ്രത്യേക ദൗത്യ സംവിധാനം  (എസ്പിവി) രൂപീകരിക്കുന്നതാണ് അടുത്ത പ്രധാന നടപടി.

മന്ത്രി എ.കെ.ശശീന്ദ്രൻ

Kozhikode News

"നഗരത്തിൽ മൊബിലിറ്റി ഹബ് അല്ലെങ്കിൽ ബസ് പോർട്ട് പദ്ധതി നടപ്പാക്കും. ഇന്നത്തെ ഗതാഗതക്കുരുക്ക് നേരിടുന്നതിനു ഫലപ്രദമായ മാർഗമാണിത്. പദ്ധതി കേന്ദ്രത്തിനും കിഫ്ബിക്കും സമർപ്പിക്കും. "

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama