go

ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാത്ത അശ്ലീലക്കൃഷി

Kozhikode-Original-Duplicate
SHARE

മനുഷ്യർക്ക് ജോലികൾ പെട്ടെന്നു തീർക്കാൻ സഹായമാവുമെന്നാണ് ഇന്റർനെറ്റ് പ്രചാരത്തിലായപ്പോൾ പൊതുവേയുണ്ടായിരുന്ന ധാരണ. എന്നാൽ ഉള്ള പണികൂടി കളയുന്ന തരത്തിലേക്കാണ് ഇന്റർനെറ്റ് മനുഷ്യരെ കൊണ്ടെത്തിച്ചത്. ഫോണിലേക്കും നോക്കി ഫെയ്സ്ബുക്കിന്റെ ചിഹ്നംപോലെ വളഞ്ഞിരിക്കുന്നവരാണ് എവിടെ നോക്കിയാലും. പണ്ടുള്ളവർ വെറ്റിലയിൽ ചുണ്ണാമ്പു തേയ്ക്കുന്നതു പോലെ തോണ്ടിക്കൊണ്ടിരിക്കും. 

ആധുനിക കാലത്ത് വാട്സാപ്പും ഫെയ്സ്ബുക്കുമൊക്കെയുണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. വാട്സാപ്പിൽ വ്യാപരിച്ചുകൊണ്ടിരുന്ന ബാലുശ്ശേരി ഏരിയയിലെ ഒരു വിപ്ലവകാരി ആപ്പിലായതാണ് അതിൽ ലേറ്റസ്റ്റ്. കൃഷിഭവന്റെ കൃഷികാര്യങ്ങൾ പങ്കുവയ്ക്കാനുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പിലായിരുന്നു അദ്ദേഹത്തിന്റെ അശ്ലീലക്കൃഷി. ഒരു അശ്ലീല ഫോട്ടോ അദ്ദേഹത്തിന്റെ വകയായി ഗ്രൂപ്പിലെത്തുന്നു. പിന്നാലെ വിശദീകരണവും അഭ്യർഥനയും. ഏതോ ഫെയ്ക്ക് നമ്പറിൽ നിന്നു വന്ന ഫോട്ടോ ഡിലീറ്റു ചെയ്യുന്നതിനിടയിൽ ഫോർവേഡ് ആയിപ്പോയതു കൊണ്ട് എല്ലാ കൃഷിപ്രേമികളും ക്ഷമിക്കണമെന്നായിരുന്നു അഭ്യർഥന. 

വിശ്വാസയോഗ്യമല്ലാത്ത സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ സംഗതി ‘ഫോർവേഡഡ്’ ആണ് എന്ന് സന്ദേശത്തിനു മുകളിൽ കാണിക്കുന്ന സംവിധാനം വാട്സാപ് ഏർപ്പെടുത്തിയിട്ടു മാസങ്ങളായി. വിപ്ലവകൃഷിക്കാരൻ അയച്ച ഫോട്ടോ ഫോർവേഡഡ് അല്ല ഒറിജിനലാണെന്ന് സന്ദേശം കണ്ടവർക്കൊക്കെ മനസ്സിലായി. എല്ലാവരും പാർട്ടി ക്ലാസുകളിൽ നിന്ന് സൈബർ ഇടപെടലുകൾ പഠിച്ചവരല്ലല്ലോ. 

അല്ലെങ്കിലും ഒരു ഫോട്ടോ ഡിലീറ്റു ചെയ്യുമ്പോൾ ഫോർവേഡാകുന്ന സംവിധാനം വാട്സാപ്പോ വേറെതെങ്കിലും സമൂഹ മാധ്യമമോ ഫോൺ കമ്പനിക്കാരോ കണ്ടുപിടിച്ചതായി ഇതുവരെ വിവരമൊന്നുമില്ല. ഫെയ്ക്ക് നമ്പർ എന്നതൊക്കെ തടിയൂരാനുള്ള ‘നമ്പറാ’ണെന്നു മനസ്സിലായതോടെ പിന്നെ ബഹളമായി, പുകിലായി. 

സാധാരണഗതിയിൽ ഇത്തരം കേസുകളിൽ പരാതിക്കാരനാകേണ്ടത് ഗ്രൂപ്പ് അഡ്മിനാണ്. എന്നാൽ ഗ്രൂപ്പിന്റെ അഡ്മിനായ സർക്കാർ ഉദ്യോഗസ്ഥൻ രാജാവിനേക്കാൾ രാജഭക്തിയുള്ളവനായിരുന്നത്രേ. അദ്ദേഹം ചെയ്തത് വിപ്ലവവിത്തു വിതരണം നടന്ന ഗ്രൂപ്പ് ഡിലീറ്റു ചെയ്യലും അംഗങ്ങളെ ഒഴിവാക്കലുമൊക്കെയാണത്രേ. വാട്സാപ് ഗ്രൂപ്പിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിച്ചാൽ അതിന്റെ അഡ്മിൻമാരെ ഏതു മടയിൽച്ചെന്നൊളിച്ചാലും പൊക്കുന്ന കാലത്താണ് ഇതെന്ന് ഓർക്കണം. 

മികച്ച പ്രവർത്തനത്തിന് ബഹുമതിയൊക്കെ വാങ്ങിയ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ അഡ്മിനും ‘കൃഷിക്കാര’നുമെതിരെ പരാതി കൊടുത്തിട്ടും ഇതുവരെ അനക്കമൊന്നുമില്ല. പാർട്ടി പ്രവർത്തകർ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ നടപടി എടുക്കണമെങ്കിൽ സംഗതിയുടെ തീവ്രത അളക്കേണ്ടതുകൊണ്ടാണോ ഇതെന്നാണ് നാട്ടുകാർക്കിപ്പോൾ സംശയം. 

അതിനിടയ്ക്ക് നേതാവിന്റെ പാർട്ടി യോഗം കൂടി താക്കീതു ചെയ്ത് തീവ്രത കുറയ്ക്കാൻ നോക്കിയെങ്കിലും ഭൂരിഭാഗം അംഗങ്ങളും പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണുണ്ടായതെന്നും ചില ഗ്രൂപ്പുകളിൽ കാണുന്നു. പരാതി കൊടുത്തത് പാർട്ടിക്കല്ലാത്തതു കൊണ്ട് കമ്മിഷനെ വച്ചു തീർക്കാനും പറ്റാത്ത അവസ്ഥയാണ്. 

കാരസ്കരം: 

കോഴിക്കോട്ട് മത്സരിക്കാൻ പ്രമുഖ ബിജെപി നേതാക്കൾക്കു താൽപര്യമില്ലെന്ന്... 

അറിഞ്ഞു കൊണ്ടാരും കുഴിയിൽ ചാടില്ലല്ലോ !

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama