go

ജീവിതത്തിൽ വേറിട്ടുനടന്ന മുരുകന്റെ മരണവും വേറിട്ടതായി

 Kozhikode News
മുരുകൻ ഗംഗാധരനും പട്ടേരി നാരായണനും ആന വിരണ്ടോടി മരിക്കുന്നതിന് അൽപ്പം മുൻപ് കോട്ടപ്പടിയിലെ വീട്ടിൽ സുഹൃത്തിനൊപ്പം എടുത്ത ചിത്രം.
SHARE

നരിക്കുനി ∙ ജീവിതത്തിൽ അനിശ്ചിതത്വങ്ങളെ പ്രണയിച്ചും സൗഹൃദ ബന്ധങ്ങളെ വില മതിച്ചുമായിരുന്നു പ്രവാസിയായ മുരുകൻ ഗംഗാധരന്റെ ജീവിതം. ജീവിതത്തിൽ എന്നും വേറിട്ട് നടന്ന മുരുകന്റെ മരണവും അതേ പോലെ തന്നെയായി.  കഴിഞ്ഞ ദിവസം ഗുരുവായൂർ കോട്ടപ്പടിയിൽ വച്ച് ആന വിരണ്ടോടിയപ്പോൾ പരുക്കേറ്റാണ് മുരുകനും സുഹൃത്ത് കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര പട്ടേരി നാരായണനും മരിച്ചത്. ഖത്തറിൽ നിന്ന് ഇവരടക്കം 15 അംഗ സംഘമാണ് അന്ന് രാവിലെ അടുത്ത കൂട്ടുകാരനായ മുള്ളത്ത് ഷൈജുവിന്റെ ഗൃഹപ്രവേശ ചടങ്ങിനെത്തിയത്. അന്ന് വൈകിട്ട് തിരിച്ചു പോകാൻ ടിക്കറ്റ് എടുത്താണ് ഇവരെത്തിയത്.

വഴിപാട് നേർന്നതനുസരിച്ച് പുതിയ വീട്ടിൽ നിന്ന് ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിന് 2 ആനകളെ ആയിരുന്നു എഴുന്നള്ളിക്കാൻ തുടങ്ങിയത്. ഇതിനി‌ടയിൽ പട‌ക്കം പൊട്ടിയ ശബ്ദം കേട്ട് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയപ്പോഴാണ് ഇവർക്ക് പരുക്കേറ്റത്. നാരായണൻ തൽക്ഷണവും മുരുകൻ രാത്രിയുമാണ് മരിച്ചത്.

ഇരുവർക്കും സംഭവിച്ച ദുരന്തത്തിൽ വേദനയോടെ കഴിയുകയാണ് സംഘത്തിലെ മറ്റുള്ളവർ.ഭാര്യ ശ്യാമളക്കൊപ്പമാണ് മുരുകൻ എത്തിയത്. തിരക്കുകൾക്കിടയിൽ അവസാന നിമിഷമാണ് മുരുകൻ വിമാന ടിക്കറ്റെടുത്ത് ഭാര്യക്കൊപ്പം യാത്രക്ക് തയാറായത്. അവസാന നിമിഷം വിധി കരുതി വച്ച ദുരന്തം താങ്ങാനാകാതെ വിങ്ങിപ്പൊട്ടിയ ശ്യാമളയെ സമാധാനിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും.

തിരുവനന്തപുരം സ്വദേശിയായ മുരുകൻ ഗംഗാധരൻ യൗവനാരംഭത്തിലേ നാടു വിട്ട് പ്രവാസിയായതാണ്. സ്വന്തമായി ഒരു നാടില്ലാതെ കഴിഞ്ഞിരുന്ന മുരുകൻ നരിക്കുനിക്കാരായ പ്രവാസികളുടെ സ്നേഹത്തിന് വഴങ്ങിയാണ് 13 വർഷം മുൻപ് ഇവിടെ എത്തി വീട് വച്ചതും വിവാഹം കഴിച്ചതും.വർഷങ്ങൾ നീണ്ട പ്രവാസത്തിനിടയിൽ സുഹൃത്തുക്കളായിരുന്നു അദ്ദേഹത്തിന്റെ തണൽ. നരിക്കുനിയിൽ താമസം തുടങ്ങി വിവാഹിതനായ ശേഷമാണ് പഴയ ഓർമകൾ വച്ച് അദ്ദേഹം ബന്ധുക്കളെ കാണാൻ പോയത്.

ഖത്തറിലെ മൈഥറിലെ അറബി കുടുംബത്തിനൊപ്പമായിരുന്നു വർഷങ്ങളായി മുരുകൻ. ബിസിനസ് കാര്യങ്ങൾ നോക്കി നടത്തിയ മുരുകൻ അവരുടെ കുടുംബാംഗത്തെ പോലെയായിരുന്നു. മുരുകന്റെ മരണ വിവരം അറിഞ്ഞ് അവർ തകർന്നിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട മുരുകനെ അവസാനമായി ഒരു നോക്കു കാണുന്നതിനായി വരാൻ ശ്രമിച്ചെങ്കിലും അവർക്ക് അതിന് കഴിഞ്ഞില്ല. 

മറ്റുള്ളവരുടെ വിഷമതകൾ കണ്ടറിഞ്ഞ് സഹായം ചെയ്യുന്ന മുരുകൻ 3 വീടാണ് ഇവിടെ ബന്ധുക്കൾക്കായി നിർമിച്ചു നൽകിയത്. ആദ്യം താമസിച്ച വീട് ബന്ധുവിന് കൈമാറിയ ശേഷം സമീപത്ത് പുതിയൊരു വീട് നിർമിച്ചിരുന്നു. അതിൽ താമസം തുടങ്ങാനിരിക്കെയാണ് വിധി തടഞ്ഞത്. മൃതദേഹം പുതിയ വീട്ടിൽ അൽപനേരം കിടത്തിയാണ് ആ ആഗ്രഹം നിറവേറ്റിയത്. കാരാട്ട് റസാഖ് എംഎൽഎ അടക്കം ഒട്ടേറെ പേർ അന്തിമോപചാരം അർപ്പിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama