go

കടൽ രക്ഷാപ്രവർത്തനം: വിസ്മയ ദൃശ്യമായി തീരസംരക്ഷണ സേന

 Kozhikode News
കോസറ്റ് ഗാർഡ് പതാക ദിനത്തിന്റെ ഭാഗമായി ബേപ്പൂർ പുറം കടലിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ അവസാന ഭാഗമായ സി 144 കപ്പലിലെ നാവികർ അമർത്യ കപ്പലിനെ സല്യൂട്ട് ചെയ്യുന്നു. ചിത്രം : മനോരമ
SHARE

ബേപ്പൂർ ∙ കടൽ രക്ഷാ പ്രവർത്തനത്തിലെ സാഹസികത തുറന്നുകാട്ടി പുറംകടലിൽ തീരസംരക്ഷണ സേനയുടെ വിസ്മയ പ്രകടനം. കോസ്റ്റ് ഗാർഡ് പതാക ദിനത്തിന്റെ ഭാഗമായി ബേപ്പൂർ സ്റ്റേഷന്റെ നേതൃത്വത്തിലായിരുന്നു കടലിൽ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനം നടത്തിയത്.കുട്ടികൾ അടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുൻപിൽ കാഴ്ചവച്ച സാഹസികത ആശങ്കയും ആശ്ചര്യം ഉണർത്തുന്നതായിരുന്നു. സേനയുടെ അമർത്യ, സി 144 എന്നീ കപ്പലുകൾ, ഡോണിയർ വിമാനം, ഐസി 115, ഐസി 116 ഹൈ സ്പീഡ് ബോട്ടുകൾ, ജെമിനി ബോട്ടുകൾ, വാട്ടർ സ്കൂട്ടർ എന്നിവയുണ്ടായി. 

6 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സേനാംഗങ്ങൾ വൈവിധ്യമാർന്ന രക്ഷാപ്രവർത്തന രീതി അവതരിപ്പിച്ചത്. കടലിൽ എതിരാളികളുമായി ഏറ്റുമുട്ടുന്ന രീതി, രക്ഷാപ്രവർത്തനത്തിനുള്ള സിഗ്‌നൽ ഫയറിങ്, വെള്ളത്തിൽ അകപ്പെടുന്നവർക്കായുള്ള തിരച്ചിൽ, കപ്പലിന്റെ വേഗ സഞ്ചാരം എന്നിവ പ്രദർശിപ്പിച്ചു.

കൊച്ചിയിൽ നിന്നുള്ള ഡോണിയർ വിമാനം ഉച്ചയോടെ പങ്കെടുത്തു. സ്റ്റേഷൻ കമാൻഡിങ് ഓഫിസർ ഫ്രാൻസിസ് പോൾ, അമർത്യ കപ്പൽ ക്യാപ്റ്റൻ കമൻഡാന്റ് കൗസ്തൂബ് മുലെയ്, ചാർളി 144 കപ്പൽ ക്യാപ്റ്റൻ ഡപ്യൂട്ടി കമൻഡാന്റ് അഭിഷേക് മംഗൾ കരുണാകർ എന്നിവർ നേതൃത്വം നൽകി.

തുറമുഖത്തുണ്ടായ അമർത്യ കപ്പൽ കാണാൻ നൂറു കണക്കിനാളുകൾ ബേപ്പൂർ തുറമുഖത്ത് എത്തിയിരുന്നു. വൈകിട്ട് 6 വരെ കപ്പൽ സന്ദർശിക്കാൻ അവസരമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അമർത്യ 5.30 തുറമുഖം വിട്ടു. 

വൈകിട്ട് പൂനെ സ്വദേശി മംഗേഷ് സമ്പത്ത്റാവു ഡിഗെ, മുക്കം സ്വദേശി കെ.സലീം എന്നിവരുടെ നേതൃത്വത്തിൽ ബേപ്പൂർ ബീച്ചിൽ പാരാഗ്ലൈഡിങ് പ്രകടനം നടത്തി. കമ്മിഷണർ കെ.സഞ്ജയ് കുമാർ ഗുരുദീൻ ബീച്ചിലെത്തിയിരുന്നു. 

കരിപ്പൂർ എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, എയർ ട്രാഫിക് കൺട്രോൾ ജോയിന്റ് ജനറൽ മാനേജർ കെ.മുഹമ്മദ് ഷാഹിദ്, സിഐഎസ്എഫ് ഡപ്യൂട്ടി കമൻഡാന്റ് എ.വി.കിഷോർ, സീനിയർ പോർട്ട് കൺസർവേറ്റർ എസ്.ജാഫർഖാൻ എന്നിവർ അതിഥികളായി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama