go

മത്തി 250, അയല 300, ചെമ്മീൻ 600, ആകോലി 800... ഇങ്ങനെ പോയാൽ

kollam news
ഫയൽ ചിത്രം
SHARE

കോഴിക്കോട് ∙ കാലവർഷം കനത്തതോടെ മത്സ്യ വിലയും കുത്തനെ ഉയർന്നു. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതും ട്രോളിങ് നിരോധനത്തോടെ ബോട്ടുകൾ കടലിൽ പോകാതായതുമാണ് സംസ്ഥാനത്ത് മത്സ്യ വില കുത്തനെ ഉയർത്തിയത്. മത്തി, അയല തുടങ്ങിയ മീനുകളും ചെറു മത്സ്യങ്ങളും വളരെ കുറച്ചു മാത്രമേ എത്തുന്നുള്ളൂ. ഉള്ളവയ്ക്ക് തീ വിലയുമാണ്. കോഴിക്കോട്ട് 30 മുതൽ 60 ശതമാനംവരെ വിലയാണ് കൂടിയത്.

രണ്ടു ദിവസം കൊണ്ട് മത്തിക്ക് കിലോവിന് 50 രൂപയും അയലയ്ക്ക് 60 രൂപയും കൂടിയിട്ടുണ്ട്. മത്തിയുടെ മൊത്ത വില ബുധനാഴ്ച 200 രൂപ വരെയായി ഉയർന്നു. അയലയുടെ മൊത്തവില 260 രൂപയായിരുന്നു. ചില്ലറ വിലയിൽ ഇത് യഥാക്രമം 250, 300 രൂപ നിരക്കിലാണ്. ചില്ലറ വിൽപനക്കാർ ഈ മീനുകൾ വീടുകളിലെത്തിക്കുന്നതോടെ വില വീണ്ടും ഉയരും. സമീപകാലത്ത് . ഒരു കിലോ അയക്കൂറയുടെ വില 1200 രൂപയിലെത്തിയിട്ടുണ്ട് . ആകോലിക്ക് വില കിലോവിന് 800 രൂപയായി ഉയർന്നു. ഇടത്തരം ചെമ്മീനിന് കിലോയ്ക്ക് 500 രൂപ മുതൽ 600 രൂപ വരെയാണ് വില.

ചെറുവള്ളങ്ങൾ വെറും കയ്യോടെ മടങ്ങുന്നു; മത്സ്യ മേഖല പൂർണമായും സ്തംഭിച്ചു
വടകര ∙ ട്രോളിങ് നിരോധനമുണ്ടെങ്കിലും അനുവദനീയമായ സ്ഥലത്ത് മീൻ പിടിക്കുന്ന വള്ളങ്ങൾ വെറും കയ്യോടെ മടങ്ങുന്നതു കൊണ്ട് മത്സ്യ മേഖല പൂർണമായും സ്തംഭിച്ചു. ആറു മാസത്തിലധികമായി മത്സ്യബന്ധന മേഖലയിൽ നില നിൽക്കുന്ന പ്രശ്നം മഴയോടെ രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പോയ ചെറു വള്ളങ്ങളിൽ ഭൂരിഭാഗവും മീൻ കിട്ടാതെ മടങ്ങിയതോടെ പലരും വഞ്ചി ഇറക്കുന്നില്ല. ഇതോടെ ഉൾ നാടുകളി‍ൽ ഉൾപ്പെടെ മീൻ വിൽക്കുന്നവർക്കും ജോലി ഇല്ലാതായി.

ആഴക്കടൽ മത്സ്യബന്ധനത്തിന് നിരോധനമുണ്ടെങ്കിലും കരയിൽ നിന്ന് നിശ്ചിത ദൂരം മീൻ പിടിക്കാൻ അനുവാദമുള്ള സ്ഥലത്ത് പോകുന്ന ചെറു വ‍ഞ്ചികൾക്കും ഇന്ധന ചെലവ് ഏറെയാണ്. ചെലവിന്റെ തുക പോലും കിട്ടാത്ത രീതിയിൽ മത്സ്യം കുറഞ്ഞതോടെയാണ് പലരും കടലിൽ പോക്ക് നിർത്തിയത്. ചോമ്പാൽ, വടകര കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധനം ഏതാണ്ട്‌ നിലച്ച മട്ടായി. ഈ സാഹചര്യം മുതലെടുത്ത് ചെന്നൈയിൽ നിന്നെത്തുന്ന മത്സ്യത്തിന് തീ വിലയാണ്.

മത്തിക്ക് കിലോ ഗ്രാമിന് 240 മുതൽ 260 രൂപ വരെയാണ് ഈടാക്കുന്നത്. വളർത്തു കേന്ദ്രങ്ങളിൽ നിന്നു കൊണ്ടു വരുന്ന ചെമ്മീൻ, ചെമ്പല്ലി, കട്‍ല, പിലാപ്പി തുടങ്ങിയവയ്ക്കും തോന്നിയ വിലയാണ്.ട്രോളിങ് നിരോധന കാലത്തും ചാകര നേടുന്നവരാണ് ചെറു വ‍‍ഞ്ചിക്കാർ. ചെമ്മീനു പുറമെ അയലയും മത്തിയും നെത്തലുമൊക്കെ സമൃദ്ധമാകുന്ന രണ്ടു മാസമാണ് പ്രതീക്ഷ തകർത്തത്. ഇനി മഴ ശക്തമായാൽ ഒരു വ‍ഞ്ചി പോലും കടലിലേക്ക് ഇറങ്ങാതാവും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama