go

വയനാട് ചുരം റോഡ് രാജകീയമായി ഉയിർത്തെഴുന്നേൽക്കുന്നു

Wayanad News
SHARE

പ്രളയ ദുരന്തത്തിൽ തകർന്നുപോയ വയനാട് ചുരം  റോഡ് രാജകീയമായി ഉയിർത്തെഴുനേൽക്കുന്നു.  യാത്രക്കാർക്ക് സുഖയാത്ര നേർന്നു കൊണ്ട് നവീകരിച്ച  കാനന പാതയുടെ ഉദ്ഘാടനം നാളെ നടക്കും. കഴിഞ്ഞ പ്രളയകാലത്ത് ആർത്തലച്ചുവന്ന മലവെള്ളത്തിൽ തകർന്ന ചിപ്പിലിത്തോട് ദേശീയ പാതയുടെ പുനരുദ്ധാരണവും  3,5 വളവുകളുടെ നവീകരണവും  പൂർത്തിയായതോടെ   അടിവാരം മുതൽ ലക്കിടിവരെയുള്ള മലമ്പാത  സഞ്ചാരികൾക്ക്  മനംകുളിർപ്പിക്കുന്ന കാഴ്ചയായി.

വനം വകുപ്പിന് 32 ലക്ഷം കൈമാറി

വനം വകുപ്പിൽനിന്നു സ്ഥലം  വിട്ടു കിട്ടുകയെന്ന കടമ്പ കടന്നതോടെയാണ് 3,5 വളവുകളുടെ നവീകരണത്തിനു വഴിയൊരുങ്ങിയത്. റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നനുവദിച്ച 6 കോടിയോളം  രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. ചുരത്തിലെ വളവുകളുടെ വീതി കൂട്ടാനായി 2.25 ഏക്കർ വനഭൂമി വിട്ടു കിട്ടുന്നതിന് 32  ലക്ഷത്തോളം  രൂപയാണ് ദേശീയ പാത വിഭാഗം വനം വകുപ്പിന് കൈമാറിയത്. 

Kozhikode News
ചുരം മൂന്നാം വളവിലെ കോൺക്രീറ്റ് സുരക്ഷാ ദിത്തി

മൂന്നാം വളവിൽ 130 മീറ്ററോളം  നീളവും 14 മീറ്റർ വരെ ഉയരവുമുള്ള കോൺക്രീറ്റ് സുരക്ഷാ ഭിത്തി നിർമിച്ചാണ് റോഡിന്  വീതി കൂട്ടിയത്. അഞ്ചാം വളവിൽ 60 മീറ്ററോളം  നീളവും 8 മീറ്റർ വരെ ഉയരവുമുണ്ട്. 22 മുതൽ 24 മീറ്റർ വരെ വീതിയുള്ള വളവുകളിൽ 15 മീറ്ററോളം വീതിയിലാണ് ടാറിങ് നടത്തിയിരിക്കുന്നത്. 

Kozhikode News
മൂന്നാം വളവ്

ഓവു ചാലിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. നാഥ് കൺസ്ട്രക്‌ഷൻ കമ്പനിയാണ് ചുരത്തിന് അഴകാർന്ന വിധത്തിലുള്ള വളവുകളുടെ നവീകരണ പ്രവൃത്തി ഏറ്റെടുത്ത് കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചത്. പൊതു മരാമത്ത് മന്ത്രി ജി. സുധാകരൻ സംഭവ സ്ഥലം സന്ദർശിച്ച്  ചുരം റോഡിന്റെ  വികസത്തിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ചുരം നവീകരണ പ്രവൃത്തികൾ  ദ്രുതഗതിയിൽ ആരംഭിച്ചത്.

ചിപ്പിലിത്തോട്ടിൽ പൊതുമരാമത്ത് ഡിസൈൻ വിഭാഗം  തയാറാക്കിയ പ്ലാൻ പ്രകാരം കോൺക്രീറ്റ് സുരക്ഷാ ഭിത്തി നിർമിച്ചാണ് നവീകരണം നടത്തിയത്. 90 മുതൽ 40 സെ.മീറ്റർ ഘനത്തിൽ നിർമിച്ച സുരക്ഷാ ഭിത്തിക്ക് 8 മീറ്റർ വരെ ഉയരവും 51 മീറ്റർ നീളവുമുണ്ട്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് 1.86 കോടി രൂപ ചെലവിൽ ചിപ്പിലിത്തോട്ടിലെ റോഡ് നവീകരണ പ്രവൃത്തി നടത്തിയത്. രണ്ടാം വളവിനടുത്ത് റോഡിനും പരിസര വാസികൾക്കും ഒരുപോലെ ഭീഷണിയായിരുന്ന സ്വകാര്യ വ്യക്തിയുടെ ബഹുനില കെട്ടിടവും  കലക്ടറുടെ ഉത്തരവു പ്രകാരം പൊളിച്ചു നീക്കിയിട്ടുണ്ട്. 22 ലക്ഷം രൂപയാണ് ഇതിനു വേണ്ടിവന്നത്.

പൂട്ടുകട്ട പാകണം

6,7,8 വളവുകൾ കൂടി നവീകരിച്ച് പൂട്ടുകട്ട പാകിയാൽ വർഷം തോറും അറ്റകുറ്റ പണികൾക്കായി കോടികൾ ചെലവാക്കുന്നത് ഒഴിവാക്കാൻ കഴിയും. 2,4,9 വളവുകൾ നേരത്തെ പൂട്ടുകട്ട പാകിയതാണ്. 9ാം വളവിൽ കട്ട പാകി 18വർഷം കഴിഞ്ഞിട്ടും ഇതുവരെ അറ്റകുറ്റ പണി നടത്തേണ്ടി വന്നിട്ടല്ല. 

ബൈപാസ് അനിവാര്യം.

എന്നാൽ ചുരത്തിൽ കോടികൾ ചെലവഴിച്ച് നവീകരണം നടക്കുമ്പോഴും മലയിടിഞ്ഞും മരങ്ങൾ കടപുഴകിയും അപകടങ്ങൾ മൂലവും വാഹനങ്ങൾ കേടായും യാത്രക്കാർ അഴിയാക്കുരുക്കിൽ വലയുന്നത് ഇവിടെ പതിവാണ്. ഈ മഴക്കാലം ആരംഭിച്ചതോടെ ചുരത്തിൽ ഗതാഗതം തസ്സപ്പെടാത്ത ദിവസങ്ങൾ വിരളമായിരുന്നു.

ചുരം യാത്രക്കാരുടെ ദുരിത യാത്രക്ക്  പരിഹാരമായി നിർദ്ദിഷ്ട ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ചുരം ബൈപാസിന്റെ പ്രാരംഭ  നടപടികൾ തുടങ്ങി വെച്ചിട്ട്   കാൽ നൂറ്റാണ്ട് ആയങ്കിലും  ഇനിയും യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.  പലവട്ടം സർവേ നടത്തി പ്ലാനും  എസ്റ്റിമേറ്റും അലൈൻമെന്റും മറ്റും തയാറാക്കിയെങ്കിലും  തുടർനടപടികൾ കാര്യമായി ഉണ്ടായിട്ടില്ലന്നു സാരം. യു.വി. ജോസ്  കലക്ടർ ആയിരുന്നപ്പോൾ ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപാസിന്  അടുത്ത കാലത്ത്  വീണ്ടും ജീവൻ വെച്ചെങ്കിലും കലക്ടർ സ്ഥലം മാറി പോയതോടെ ഈ നീക്കവും നിശ്ചലമായി.

പുതിയ പ്രതീക്ഷ 

രാഹുൽ ഗാന്ധി വയനാട് എംപി ആയതോടെ ജനങ്ങൾക്ക് ഈ ബൈപാസിന്റെ കാര്യത്തിൽ വീണ്ടും പ്രതീക്ഷ കൈവന്നിരിക്കുകയാണ്. റോഡിനു വേണ്ടിവരുന്ന വനഭൂമി ലഭ്യമാക്കുകയോ  വനത്തിലൂടെയുള്ള ഭാഗത്ത് മൂന്ന് കി.മീറ്റർ തുരംഗ പാത നിർമിക്കുകയോ വേണം. ഇതിനുവേണ്ടി ജന പ്രതിനിധികളുടെ ഭാഗത്തു നിന്നുള്ള ശക്തമായ ഇടപെടലാണ്  പ്രതീക്ഷിക്കുന്നത്.  ചുരം ബൈപാസ് നിർമിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക്  നിവേദനങ്ങളും  സമർപ്പിച്ചിട്ടുണ്ട്.

ഉദ്ഘാടനം നാളെ

ചുരത്തിൽ വിവിധ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന്റെ  ഉദ്ഘാടനം നാളെ രാവിലെ 11ന്  രണ്ടാം വളവിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ജോർജ് എം. തോമസ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. പുതിയ ബൈപാസ് പ്രതീക്ഷയുമായി ഉദ്ഘാടനം പരിപാടി നാടിന്റെ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. 

ദേശീയ പാത  വിഭാഗം എക്സിക്യൂട്ടീവ് എഞ്ചീനിയർ കെ. വിനയരാജ്, അസി.എക്സിക്യൂട്ടീവ് എഞ്ചീനിയർ ജമാൽ മുഹമ്മദ്, അസി.എഞ്ചീനിയർമാരായ ലഷ്മണൻ, സമേജ്, ഓവർസിയർ ആന്റോ പോൾ എന്നിവരാണ് ചുരത്തിലെ നവീകരണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ദേശീയ പാത ഉദ്യോഗസ്ഥർ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama