go

വിലങ്ങാട്ട് ദുരന്തനിവാരണ സേന; വഴികളിലെ യാത്രാതടസ്സം നീക്കി

kozhikode-road-block
ഉരുൾപൊട്ടലിനെ തുടർന്നു ഗതാഗതം തടസ്സപ്പെട്ട വിലങ്ങാട്ട് ആലിമൂല ഭാഗത്തു ദുരന്ത നിവാരണ സേനാംഗങ്ങൾ റോഡിൽ വീണ മരങ്ങൾ മുറിച്ചു നീക്കുന്നു.
SHARE

നാദാപുരം∙ ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ട് ദുരന്ത നിവാരണ സേനയെത്തി. മരങ്ങളും കല്ലുകളും ഒഴുകിയെത്തി യാത്ര തടസ്സപ്പെട്ട മേഖലകളിലെ മരങ്ങൾ മുറിച്ചു മാറ്റി. ശുചീകരണം നടത്തി. ടീം കമാൻഡർ എസ്.ഐ.യോഗേഷ്, സേനാംഗങ്ങളായ അബ്ദുൽഫരീദ്, സുബ്രഹ്മണ്യം തുടങ്ങിയവർ നേതൃത്വം നൽകി.  

അഴിയൂരിൽ ശുചീകരണത്തിന് സന്നദ്ധ പ്രവർത്തകർ 

വടകര ∙ വെള്ളപ്പെ‌ാക്കത്തിൽ കൂടുതൽ നാശനഷ്ടം നേരിട്ട അഴിയൂരിൽ ശുചീകരണത്തിനും മറ്റുമുള്ള സന്നദ്ധ പ്രവർത്തകരെ പഞ്ചായത്ത് ലഭ്യമാക്കും.  സന്നദ്ധപ്രവർത്തകർക്കു  പരിശീലനവും അവശ്യവസ്തുക്കളും നൽകും. മയ്യഴി പുഴയിൽ ക്രമാതീതമായി വെള്ളമുയർന്നതു സിഡബ്ല്യുആർഡിഎമ്മിനെ കൊണ്ട് പരിശോധിപ്പിക്കാനും അടിയന്തര യോഗം തീരുമാനിച്ചു. 

സർക്കാർ സഹായം എത്തിക്കുന്നതിന് ഏകജാലക സംവിധാനം ഒരുക്കാനും തീരുമാനിച്ചു. സി.കെ.നാണു എംഎൽഎ പങ്കെടുത്തു. ഒഴിഞ്ഞ വീടുകൾക്കു സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ സുമേഷ് അറിയിച്ചു. പഞ്ചായത്ത്പ്രസിഡന്റ് ഇ.ടി.അയൂബ് ആധ്യക്ഷ്യം വഹിച്ചു. ശുചിത്വ സ്ക്വാഡിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവർ പഞ്ചായത്തുമായി ബന്ധപ്പെടണം. 9496048103

നാദാപുരത്ത് നൂറോളം കിണറുകൾ ശുചീകരിച്ചു    

നാദാപുരം∙ വെള്ളപ്പെ‌ാക്കത്തിൽ മലിനമായ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ തുടങ്ങി. ചിയ്യൂർ, വിഷ്ണുമംഗലം, ഇയ്യങ്കോട്‌, നാദാപുരം പ്രദേശങ്ങളിലാണ് ഇന്നലെ ശുചീകരണം. മറ്റിടങ്ങളിൽ ഇന്നും നാളെയും തുടരും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.സഫീറ, വൈസ്‌ പ്രസിഡന്റ്‌ സി.വി.കുഞ്ഞിക്കൃഷ്ണൻ, അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ  നാശനഷ്ടങ്ങൾ വിലയിരുത്താൻ ഇന്നു യോഗം ചേരുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.

15 കുടുംബങ്ങൾ വീടുകളിലേക്ക്മടങ്ങി 

കുറ്റ്യാടി ∙ കനത്ത മഴയെ തുടർന്നു കുളങ്ങരത്താഴ ഹയാത്തുൽ ഇസ്‌ലാം മദ്രസയിൽ മാറ്റി താമസിപ്പിച്ച 15 കുടുംബങ്ങൾ സ്വന്തം വീടുകളിലേക്കു മടങ്ങി. വെള്ളം കയറിയ വീടുകളിൽ കുടുംബശ്രീ, യുവജന സംഘടനകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തി. ഭാഗികമായി തകർന്ന 2 വീട്ടുകാർ ബന്ധുവീടുകളിലേക്കു മാറി. 

അടുക്കത്ത് ജനകീയ സമിതി രൂപീകരിച്ചു

കുറ്റ്യാടി∙ പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്കു സഹായം എത്തിക്കാനും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും അടുക്കത്ത് ജനകീയ സമിതി രൂപീകരിച്ചു. അരീക്കര അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അമാന ആശുപത്രിക്കു സമീപം വീണ രണ്ടു വൻ മരങ്ങൾ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ മുറിച്ചു നീക്കി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama