go

ദുരിതാശ്വാസ ക്യാംപിൽ നിന്നിറങ്ങിയാൽ തിരികെ പോകാൻ പലർക്കും വീടുകളില്ല

kozhikode-anish
മഴയിൽ തകർന്ന കരുമ്പാപ്പൊയിൽ കല്ലാടൻകണ്ടികുനി അനീഷിന്റെ വീട്.
SHARE

കോഴിക്കോട്∙ മഴ കുറഞ്ഞു വെള്ളമിറങ്ങിയതോടെ ദുരിതാശ്വാസ ക്യാംപുകൾ പകുതിയും പൂട്ടി. പക്ഷേ ക്യാംപിൽ നിന്നിറങ്ങിയാൽ പോകാൻ പലർക്കും വീടുകളില്ല. മഴയെടുത്ത വീടുകൾ നോക്കി നെടുവീർപ്പിടുകയാണ് നൂറു കണക്കിനു കുടുംബങ്ങൾ. പലരും ക്യാംപിലേക്കു തന്നെ മടങ്ങിയെത്തി. ക്യാംപ് അവസാനിച്ചാൽ എന്തു ചെയ്യുമെന്ന ആശങ്ക ബാക്കി. കനത്ത മഴയിൽ ജില്ലയിലെ 70 വീടുകളാണു പൂർണമായും തകർന്നത്. 946 വീടുകൾ ഭാഗികമായും തകർന്നു. 

kozhikode-anish-
വിയ്യൂർ കീരങ്കയ്യിൽതാഴെ ചന്ദ്രനും കുടുംബവും വെള്ളം കയറി മലിനമായ വീട് വൃത്തിയാക്കുന്നു.

എളോത്തുകണ്ടിയിൽ 32 കുടുംബങ്ങൾ

സ്വന്തം  വീട്ടിൽ അന്തിയുറങ്ങാനുള്ള മോഹവുമായി പോരാട്ടത്തിലൂടെ നേടിയെടുത്ത ഭൂമിയിലെ വീടുകൾ കാറ്റെടുത്തതോടെ താമരശ്ശേരി എളോത്തുകണ്ടിയിലെ 32 കുടുംബങ്ങൾക്കു പോകാനിടമില്ലാതായി. സർക്കാർ നൽകിയ മിച്ചഭൂമിയിൽ നിർമിച്ച വീടുകൾ 7നു രാത്രി    മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിലാണു   നിലംപൊത്തിയത്.

കട്ട കെട്ടി ഓലയും ഷീറ്റും മറ്റും പാകി നിർമിച്ച വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നു പോ‌യി. ചുമരുകൾ നിലംപൊത്തി. അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാൻ കഴിയുന്ന ഒരു വീടു പോലുമില്ല. തിരിച്ചുചെല്ലാൻ വീടില്ലാത്തതിനാൽ വെഴുപ്പൂർ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുകയാണ് ഈ കുടുംബങ്ങൾ. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇവർക്കു താമസ സൗകര്യമൊരുക്കാനാണു ശ്രമം. 

ക്യാംപ് പിരിച്ചുവിട്ടിട്ടും സ്കൂളിൽ തന്നെ

ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിട്ടതോടെ അന്തേവാസികൾ വീടുകളിലേക്കു മടങ്ങിയെങ്കിലും നടുവണ്ണൂർ പഞ്ചായത്തിലെ കരുമ്പാപ്പൊയിൽ കല്ലാടൻകണ്ടി അനീഷും കുടുംബവും ഇപ്പോഴും മന്ദങ്കാവ് എൽപി സ്കൂളിലാണു താമസം. വീടിന്റെ പുറകുവശത്തെ ചുമരും അടുക്കളയുടെ മേൽക്കൂരയും പൂർണമായി തകർന്ന വീട്ടിലേക്ക് 70 വയസ്സായ അമ്മയും ഭിന്നശേഷിക്കാരനായ മകനും അടങ്ങുന്ന കുടുംബത്തെ എങ്ങനെ കൊണ്ടുപോകുമെന്ന ആശങ്കയിലാണ് അനീഷ്.

വീട്ടിൽ വെള്ളം കയറിയതോടെ നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപിലേക്കാണ് ഈ കുടുംബത്തെ മാറ്റിയത്. ഇതിനിടയിൽ വീടു തകർന്നു. നടുവണ്ണൂരിലെ ക്യാംപ് പൂട്ടിയതോടെ ഇവരെ മന്ദങ്കാവ് എൽപി സ്കൂളിലെ ക്യാംപിലേക്കു മാറ്റി. ഈ ക്യാംപും കഴിഞ്ഞ ദിവസം പൂട്ടിയെങ്കിലും അനീഷും കുടുംബവും ഇപ്പോഴും സ്കൂളിൽ തന്നെയാണു താമസം. വീടു തകർന്ന വിവരമറിഞ്ഞിട്ടും നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായിരുന്നു അനീഷ്. 

∙ തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിട്ടെങ്കിലും കോട്ടപ്പുറം രാജേന്ദ്രൻ പാണ്ട്യൻപാറ, രാജൻ താന്നിക്കോട്ടുചാലിൽ, അബ്ദുല്ല എന്നിവരുടെ കുടുംബം ഇപ്പോഴും സ്കൂളിൽ തന്നെയാണു താമസം. പ്രളയത്തിൽ വീട്ടുപകരണങ്ങൾ പൂർണമായും നശിച്ച ഇവരുടെ വീടിനും നാശനഷ്ടങ്ങൾ ഉണ്ടായി. സമീപത്തുള്ള ഏതെങ്കിലും വാടകവീടുകളിലേക്കു മാറാനാണ് ഇവരുടെ ശ്രമം. 

അവർ തിരികെ വന്നു ക്യാംപിലേക്കു തന്നെ

വീടുകൾ താമസയോഗ്യമല്ലാത്തതിനാൽ കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ പരിശീലന കേന്ദ്രത്തിലെ ക്യാംപിലേക്കു മടങ്ങിയെത്തിയത് 26 പേർ. 291 പേരായിരുന്നു ക്യാംപിലുണ്ടായിരുന്നത്. വെള്ളമിറങ്ങിയതോടെ പലരും മടങ്ങി. എന്നാൽ വീടു താമസയോഗ്യമല്ലാത്തതിനാൽ 26 പേർ മടങ്ങിവരികയായിരുന്നു. 

ക്യാംപിൽനിന്ന് അങ്കണവാടിയിലേക്ക്

കൊയിലാണ്ടി പുളിയഞ്ചേരി യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിട്ടപ്പോൾ വിയ്യൂർ കീരങ്കയ്യിൽതാഴെ ചന്ദ്രനും കുടുംബത്തിനും അഭയമായത് നാട്ടിലെ അങ്കണവാടി. 5 ദിവസം വെള്ളം കെട്ടിനിന്നു ജീർണിച്ച വീടിന്റെ അവസ്ഥയറിഞ്ഞ അധികൃതരാണ് അങ്കണവാടിയിൽ താൽക്കാലിക താമസസൗകര്യമൊരുക്കിയത്.

എന്നാൽ അങ്കണവാടിയിൽ പാചകം ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ കഴിഞ്ഞ ദിവസം ചന്ദ്രനും കുടുംബവും തകർന്നു തുടങ്ങിയ വീട്ടിലേക്കു തന്നെ മടങ്ങിയെത്തി. ഓടുമേഞ്ഞ പഴക്കം ചെന്ന കൊച്ചുവീട്ടിൽ ചന്ദ്രനടക്കം 9 പേരാണു താമസിക്കുന്നത്. മണ്ണിടിഞ്ഞു വീടു തകർന്ന പശുക്കടവ് കുരുടൻകടവിലെ തോട്ടക്കര പ്രകാശനും കുടുംബവും ഇപ്പോൾ സമീപത്തെ അങ്കണവാടിയിലാണു താമസിക്കുന്നത്. 

ഉരുൾ കൊണ്ടുപോയി ആ വീടുകൾ

ഉരുൾപൊട്ടലിൽ വീടു തകർന്ന കുറ്റ്യാടി മുറ്റത്തുപ്ലാവിലെ പേങ്ങാട്ട് തെക്കയിൽ ചെല്ലപ്പനും കുടുംബത്തിലും തൊട്ടടുത്തുള്ള ആൾത്താമസമില്ലാത്ത വീടാണു താൽക്കാലിക അഭയമായത്. ഉരുൾപൊട്ടലിൽ വീടിനു പുറകുവശത്തെ ചുമരുൾപ്പെടെ കല്ലും മണ്ണും വീണ് തകർന്നു. 15 സെന്റ് സ്ഥലത്തിന്റെ മുക്കാൽ ഭാഗവും ഒഴുകിപ്പോയി.

കാവിലുംപാറ പഞ്ചായത്തിലെ നാഗംപാറ ചെക്യാട്ടുമ്മൽ നാണുവിന്റെ കോൺക്രീറ്റ് വീട് മണ്ണിടിഞ്ഞു പൂർണമായും തകർന്നു. ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറി.  ഉരുൾപൊട്ടലിൽ പൊയിലോംചാൽ കൊടപ്പടി മലയിലെ മുഞ്ഞോർമല ഗംഗാധരന്റെ വീടും തകർന്നു. 60 സെന്റ് ഭൂമി മുഴുവനും ഒഴുകിപ്പോയി. ഇവരും തൽക്കാലം ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്.

താൽക്കാലിക ഷെഡും ഇല്ലാതായി

ചാത്തമംഗലം എയുപി സ്കൂളിലെ ക്യാംപിൽനിന്ന് മടങ്ങാൻ കഴിയാതെ വിഷമത്തിലാണ് വെള്ളനൂർ പടിഞ്ഞാറെ പട്ടോത്ത് രാജശേഖരനും കുടുംബവും. ചെറുപുഴയിൽനിന്ന് വെള്ളം ഉയർന്ന് താൽക്കാലിക ഷെഡ് താമസയോഗ്യമല്ലാതായി. ഉള്ള സമ്പാദ്യം സ്വരുക്കൂട്ടി വീടിനു തറയിട്ട് അതിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഷെഡ് നിർമിച്ചു താമസിച്ചു വരികയായിരുന്നു.

വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം പ്രളയത്തിൽ ഒഴുകിപ്പോയി. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് ഇവരെ വീട്ടിൽനിന്ന് പുറത്തെത്തിച്ചത്. അടുത്ത മാസം 8നു മകൾ ജീഷ്മയുടെ വിവാഹം ഉറപ്പിച്ച് മറ്റു ഒരുക്കങ്ങളും ചെയ്തിരുന്നു. അസുഖം കാരണം രാജശേഖരൻ ജോലിക്ക് പോകാറില്ല. വിവാഹം എങ്ങനെ നടത്താനാകും എന്ന ആധിയിലാണു കുടുംബം.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama