go

പോർ‌ട്ട് ഓഫിസർക്ക് ബിഗ് സല്യൂട്ട്

kozhikode-port
പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു.
SHARE

കോഴിക്കോട് ∙ പ്രളയത്തിലകപ്പെട്ടവരെ കരയ്ക്കെത്തിക്കാൻ രാപകൽ പ്രയത്നിച്ച പോർ‌ട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപിനും സഹപ്രവർത്തകർക്കും കോഴിക്കോട്ടുകാരുടെ ബിഗ് സല്യൂട്ട്. രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൺ‌ട്രോൾ റൂമിൽ ഇരിക്കാനായിരുന്നു കലക്ടർ പോർട്ട് ഓഫിസർക്കു നൽകിയ നിർദേശം. എന്നാൽ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം പ്രളയബാധിത സ്ഥലങ്ങളിലേക്കു പോകാൻ തയാറായി. എൻജിൻ ഘടിപ്പിച്ച വലിയ ഡിങ്കി ബോട്ടുമായി പോർട്ട് ഓഫിസറും 15 സഹപ്രവർത്തകരും പ്രളയബാധിത പ്രദേശങ്ങളിലേക്കു പോയി.

ആദ്യ ദിവസം കല്ലേരി, പെരുവയൽ, പെരുമണ്ണ, പുത്തൂർമഠം ഭാഗങ്ങളിലും രണ്ടാം ദിവസം ഒളവണ്ണ, അരീക്കോട്, പന്തീരാങ്കാവ്, കരിമ്പാലം, വേങ്ങേരി, കണ്ണാടിക്കൽ തുടങ്ങിയ സ്ഥലങ്ങളിലും പോർട്ട് ഓഫിസറും സംഘവും എത്തി. നാനൂറോളം പേരെയാണു ഇവർ പ്രളയജലം താണ്ടി കരക്കെത്തിച്ചത്. ഒരേ സമയം 15 പേരെ വരെ ബോട്ടിൽ കയറ്റി കുത്തൊഴുക്കു മുറിച്ചു കടന്നു കരയിലെത്തിച്ചു. കുട്ടികളും സ്ത്രീകളും പ്രായമായവരും ഗർഭിണികളുമെല്ലാം സുരക്ഷിതമായി ഇവരുടെ ഡിങ്കി ബോട്ടിൽ കരയിലെത്തി. രാത്രി വൈകിയും ഇവരുടെ സംഘം രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരുന്നു.

അശ്വിനി പ്രതാപ് കരയിൽ നിന്നു വയർലെസിലൂടെ  സഹപ്രവർത്തകർക്കു നിർദേശങ്ങൾ നൽകി അപകടമില്ലാത്ത ദിശയിലൂടെ ബോട്ടിനെ തിരിച്ചു വിട്ടു. ബോട്ടിലുള്ളർ ക്ഷീണിക്കുമ്പോൾ അവരോട് കരയിൽ കയറാൻ ആവശ്യപ്പെട്ടു അദ്ദേഹം ബോട്ടിൽ കയറും. അത്തരത്തിൽ മാറി മാറി രാത്രിയും പകലും പോർട്ട് ഓഫിസറും സംഘവും ക്ഷീണം മറന്നു രക്ഷാ പ്രവർത്തനം നടത്തി. കൂടാതെ ജില്ലയിലെ വാട്ടർ സ്പോർ‌ട്സ് രംഗത്തു പ്രവർത്തിക്കുന്ന എരവത്ത് വാട്ടർ സ്പോർട്സ്, ജെല്ലി ഫിഷ്, അഡ്വഞ്ചർ ടൂറിസം സൊസൈറ്റി തിക്കോടി തുടങ്ങിയവയുടെ സേവനവും പോർട്ട് ഓഫിസർ ഉപയോഗപ്പെടുത്തി. വിവിധ ഭാഗങ്ങളിൽ ഈ സംഘങ്ങൾ രക്ഷാ പ്രവർത്തനം നടത്തി.

മൂന്നാം ദിവസം രാവിലെ പോർട്ട് ഓഫിസർ താൻ കൂടി അംഗമായ ഫൗണ്ടേഷൻ സോഷ്യൽ സർവീസിന്റെ നേതൃത്വത്തിൽ ക്യാംപുകളിൽ വസ്ത്രങ്ങളും മറ്റും എത്തിച്ചു. ഇപ്പോൾ ദുരിതാശ്വാസ നിധിയിലേക്കു തുക സമാഹരിക്കുന്ന യത്നത്തിലാണ്. രാമനാട്ടുകര സ്വദേശിയായ അശ്വനി പ്രതാപ് ഫാറൂഖ് കോളജിലെ പൂർവ വിദ്യാർഥിയാണ്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama