go

പ്രളയബാധിതർക്ക് സഹായവുമായി മലബാർ ഫ്ലഡ് റിലീഫ് വൊളന്റിയർമാർ

kozhikode-malabar-fled
രാമനാട്ടുകര ഗണപത് എയുപിബി സ്കൂളിലെ കലക്‌ഷൻ സെന്ററിൽ പ്രളയ ദുരിത ബാധിത മേഖലയിൽ വിതരണത്തിനുള്ള കിറ്റ് ഒരുക്കുന്ന മലബാർ ഫ്ലഡ് റിലീഫ് വൊളന്റിയർമാർ.
SHARE

രാമനാട്ടുകര ∙ പ്രളയബാധിതരുടെ കണ്ണീരൊപ്പാനുള്ള പ്രയത്നത്തിലാണ് മലബാർ ഫ്ലഡ് റിലീഫ് വൊളന്റിയർമാർ. നവമാധ്യമ കൂട്ടായ്മയായ ഇവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസത്തിനുള്ള വിഭവസമാഹരണവും വിതരണവും സജീവം. രാമനാട്ടുകര ഗണപത് എയുപിബി സ്കൂളിൽ തുടങ്ങിയ കലക്‌ഷൻ സെന്ററിൽ വൊളന്റിയർമാർ രാപകലില്ലാതെ സഹായ ഹസ്തവുമായി രംഗത്തുണ്ട്. വെള്ളപ്പൊക്ക ദുരിതം തുടങ്ങിയതു മുതൽ ഓൺലൈൻ ഹെൽപ് ഡെസ്ക് തുടങ്ങിയാണ് പ്രവർത്തനം.

വിവിധ കേന്ദ്രങ്ങളിൽ നിന്നു സമാഹരിക്കുന്ന ഭക്ഷണ സാധനങ്ങൾ, വസ്ത്രം, ശുചീകരണ ഉപകരണങ്ങൾ, അണുനാശിനികൾ എന്നിവ തരംതിരിച്ചു ആവശ്യമുള്ള ദുരിതാശ്വാസ ക്യാംപുകളിലേക്കും വീടുകളിലേക്കും എത്തിച്ചു നൽകുകയാണ്.

പ്രളയ ബാധിതർ കഴിയുന്ന കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് മലബാർ ഫ്ലഡ് റിലീഫ് വൊളന്റിയർമാർ പ്രധാനമായും സഹായം എത്തിക്കുന്നത്. ക്യാംപ് കോഓർഡിനേറ്റർമാർ, ജനപ്രതിനിധികൾ എന്നിവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ വൊളന്റിയർമാർ നേരിട്ടെത്തിയാണ് സാധനങ്ങൾ കൈമാറുന്നത്.

അരി, പഞ്ചസാര, ചായപ്പൊടി, കറിപ്പൊടികൾ, ബിസ്കറ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് വിതരണവും തുടങ്ങി. ഭക്ഷണ സാധനങ്ങളും വസ്ത്രവുമാണ് സുമനസ്സുകൾ കലക്‌ഷൻ സെന്ററിൽ കൂടുതലായും എത്തിക്കുന്നത്. ഇവ അപ്പപ്പോൾ തന്നെ പാക്കറ്റുകളാക്കുന്നുണ്ട്.

പലയിടത്തും വെള്ളം ഇറങ്ങിയതിനാൽ ശുചീകരണ സാമഗ്രികൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയെന്നു കലക്‌ഷൻ സെന്റർ കോഓർഡിനേറ്റർമാർ പറഞ്ഞു. ഇവ സമാഹരിച്ചു വിതരണം ചെയ്യുന്നതിലാണ് വൊളന്റിയർമാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായി വെള്ളപ്പൊക്ക ബാധിത മേഖലയിലെ വിദ്യാർഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണത്തിനുള്ള തയാറെടുപ്പും തുടങ്ങിയിട്ടുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama