go

പ്രളയത്തെ തോൽപിച്ച ധീരതയ്ക്ക് സ്നേഹവീട്

kozhikode-venkitesh-and-father
വെങ്കടേശ് അച്ഛൻ ദേവേന്ദ്രയോടൊപ്പം
SHARE

കോഴിക്കോട് ∙ കർണാടകയിലെ പ്രളയകാലത്ത് ജീവൻ അവഗണിച്ച് ആംബുലൻസിനു  വഴികാട്ടിയായ പന്ത്രണ്ടുകാരനു വീടൊരുക്കാൻ  കോഴിക്കോട് കൈകോർക്കുന്നു. കർണാടകയിലെ റായ്ചൂരിൽ കൃഷ്ണാനദി കരകവിഞ്ഞപ്പോൾ പുഴയും പാലവും തിരിച്ചറിയാനാവാതെ വഴിമുട്ടി നിന്ന ആംബുലൻസിനു ജീവൻ പണയപ്പെടുത്തി വെള്ളത്തിലൂടെ ഓടി വഴികാട്ടിയ  ആറാം ക്ലാസ് വിദ്യാർഥി വെങ്കടേശിനാണ് കോഴിക്കോട് ആസ്ഥാനമായ ഹെൽപിങ് ഹാൻഡ്‌സ് ചാരിറ്റബ്ൾ ട്രസ്റ്റ്, സന്നദ്ധ സംഘടനയായ ഫോക്കസ് ഇന്ത്യ, കുറ്റ്യാടി എംഐയുപി സ്‌കൂൾ പിടിഎ എന്നിവയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകുക. വെങ്കടേശിനു കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിലായിരുന്നു പ്രഖ്യാപനം. 

വെങ്കടേശിന്റെ അസാമാന്യ ധൈര്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണു ഹെൽപിങ് ഹാൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണമൊരുക്കിയത്.  സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.  കെയർ നേച്ചർ കൺവീനർ മജീദ് പുളിക്കൽ അധ്യക്ഷത വഹിച്ചു. കലക്ടർ  സാംബശിവ റാവു മുഖ്യാതിഥി ആയിരുന്നു.

ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വസീഫ് വളപ്പിൽ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, മിംസ് ഡയറക്ടർ ഡോ. സലാഹുദ്ദീൻ, കോർപറേഷൻ കൗൺസിലർ ഷറീന വിജയൻ, എം.കെ. രമേഷ്, പി.രമേഷ് ബാബു, സക്കീർ കോവൂർ, എൻ.പി. ഷക്കീർ തുടങ്ങിയവർ പ്രസംഗിച്ചു. നൗഷാദ് നൗഷിയുടെ പ്രളയഗാനവും കാരിക്കേച്ചറിസ്റ്റ് നൗഷാദ് വെള്ളലശ്ശേരിയുടെ തത്സമയ വരയും ഉണ്ടായിരുന്നു.ഇരു കൈകളുമില്ലാത്ത മുഹമ്മദ്‌ അസിം വെങ്കിടേശിന് ഉപഹാരവുമായി വേദിയിലെത്തി. 

"കൃഷ്ണാ നദിയിൽ വളരെ പെട്ടന്നാണ് വെള്ളം ഉയർന്നത്. ഞാൻ എന്റെ വീട്ടു മുറ്റത്ത് നിൽക്കുമ്പോഴാണ് വെള്ളത്തിൽ മുങ്ങിയ പാലത്തിനടുത്ത് ആംബുലൻസ് വന്നു നിന്നത്. ഓടിപ്പോയി നോക്കിയപ്പോൾ ഒരു മൃതദേഹവുമായി ഒരുസംഘം ആളുകൾ ആംബുലൻസിലിരിക്കുന്നു. എന്റെ പിറകെ വരൂ ഞാൻ വഴി കാണിക്കാം എന്ന് പറഞ്ഞാണ് ഞാൻ മുമ്പേ ഓടിയത്.വെള്ളത്തിൽ വീണപ്പോഴും ഞാൻ ഭയന്നില്ല. കാരണം പാലത്തിന്റെ സ്ഥാനം എനിക്ക് കൃത്യമായറിയാം. മാത്രമല്ല എനിക്ക് നീന്താനും അറിയാം.ഞാൻ സഹായിച്ചില്ലെങ്കിൽ മൃതദേഹവുമായി അവർ എന്തു ചെയ്യുമായിരുന്നു. "
-വെങ്കടേശ്

"നാലു മക്കളിൽ ഇളയവനാണു വെങ്കടേശ്.അവനെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു. പ്രളയത്തിൽ പരുത്തിക്കൃഷിയും കടലക്കൃഷിയുമെല്ലാം നശിച്ചു. ജീവിക്കാൻ മാർഗമില്ലാത്ത അവസ്ഥയിലാണ്. കേരളവും കോഴിക്കോടും വളരെ ഇഷ്ടമായി, ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചില്ല. "
-വെങ്കടേശിന്റെ അച്ഛൻ ദേവേന്ദ്ര

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama