go

ഒരുങ്ങാം, അധികം സമയമില്ല

kozhikode-midayitheruvu-crowd
ഉത്രാടത്തലേന്ന് കോഴിക്കോട്ട് മിഠായിത്തെരുവിലും കോർട്ട് റോഡിലും സാധനങ്ങൾ വാങ്ങാനായി എത്തിയവരുടെ തിരക്ക് .
SHARE

കോഴിക്കോട്∙ ഇന്ന് ഉത്രാടം. രാത്രി പുലരുമ്പോൾ മാവേലിത്തമ്പുരാൻ വരികയായി. അറ നിറയെ നെല്ലും മനം നിറയെ ആഹ്ലാദവും നിറയുന്ന തിരുവോണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് നമ്മൾ. പിണങ്ങിനിന്ന പ്രകൃതിയെ  ഇണക്കിയെടത്ത് തിരിച്ചുവരവിന്റെ പുതുവഴി തീർത്ത ഈ തിരുവോണം നമുക്ക് ഏറെ പ്രിയങ്കരമാണ്. ഉത്രാടത്തിന് ഉത്തരം വരെ പൂവിടണമെന്നാണ് പഴമക്കാർ പറയാറുള്ളത്. പൂവിട്ട സമൃദ്ധി നാടെങ്ങും കാണട്ടെ.

അതുകണ്ട് മാവേലിമന്നൻ  സന്തോഷിക്കട്ടെ.  തിരുവോണത്തിനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ദിവസമാണിന്ന്. ഉച്ചയൂണ് കഴിഞ്ഞ് വെയിലൊന്നു താഴ്ന്നാൽ ഉത്രാടപ്പാച്ചിൽ തുടങ്ങുകയായി. പക്ഷേ ഇത്തവണ ഇടയ്ക്കിടയ്ക്കു പാത്രം കമിഴ്ത്തിയതുപോലെ പെയ്യുന്ന മഴയുണ്ട്. എങ്കിലും ആഘോഷത്തിനും തിരക്കിനും ഒരു കുറവുമില്ല.

പണ്ടുകാലത്ത് സ്വന്തം വീട്ടിലേക്ക് പുത്തൻചട്ടിയും കലവും ചൂലും മുറവും കയിലും പുടവയും ഒരു കെട്ട് പപ്പടവുമൊക്കെ വാങ്ങുന്നത്  തിരുവോണദിവസമാണ്. ഇല്ലായ്മയുടെ ആ ഓർമക്കാലത്ത് ഓണം ആഘോഷിക്കുന്നതൊരു സുഖമായിരുന്നു. എന്നാൽ ഇന്നോ? വർഷം മുഴുവൻ സദ്യയെ വെല്ലുന്ന ഭക്ഷണം മൂക്കുമുട്ടെ കഴിച്ച് സുഖിച്ചിരിക്കുന്ന മലയാളിക്ക് ഒരുദിവസം മാത്രമായി എന്ത് ഓണം. എങ്കിലും തിരുവോണം ആഘോഷിച്ചില്ലെങ്കിൽ ഒരു വർഷം പോക്കാണ്.

ജഗപൊഗ നഗരം 

പുത്തനുടുപ്പും ഓണക്കോടിയും വാങ്ങാനുള്ള ഓട്ടമാണ് ചിലർക്ക്. മറ്റുചിലർ ഓണ സദ്യക്കുള്ള ഒരുക്കത്തിലാണ്. മറ്റു ചിലർക്ക് പൂക്കൾ വാങ്ങാനുള്ള ഓട്ടമാണ്.നഗരത്തിൽ ഇന്ന് ആകെ ജഗപൊഗയാണ്.  മിഠായിത്തെരുവിൽ‍ പൂരാടദിവസമായ ഇന്നലെ വൈകിട്ടുതന്നെ അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടുതുടങ്ങി.

തുണിക്കടകളിലും ഇലക്ട്രോണിക്സ് കടകളിലും ഉത്സവമേളം പൊടിപൊടിക്കുകയാണ്. വൻ ഓഫറുകളുള്ളതിനാൽ ഇന്നുതന്നെ പരമാവധി സാധനങ്ങൾ വാങ്ങിക്കാനാണ് എല്ലാവരുടെയും ശ്രമം.  പോക്കറ്റുകീറാതെ സാധനങ്ങൾ വാങ്ങാൻ പലിശ രഹിത ഇഎംഐ സംവിധാനവുമുണ്ട്.

ആശംസകൾ 

സാധനങ്ങൾ വാങ്ങാൻ വരുന്നവർ പ്ലാസ്റ്റിക് ഒഴിവാക്കുന്നതാണ് അഭികാമ്യം. ഓണം കഴിഞ്ഞ് മഴ പെയ്താൽ പ്ലാസ്റ്റിക്കിൽ തടഞ്ഞ് വെള്ളക്കെട്ടുണ്ടാവരുതല്ലോ.    വീടുകൾ കൂടുതൽ സമൃദ്ധമാവട്ടെ, മനസുകളിൽ ആഹ്ലാദം നിറയട്ടെ. ഈ ഓണം നമുക്ക് വിവേകപൂർവം ആഘോഷിക്കാം. 

കുരുക്കുണ്ടാക്കരുതേ

ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ ഒരാൾ മാത്രമായി കാറുമെടുത്ത് നഗരത്തിലേക്ക് വരരുതെന്ന് ട്രാഫിക് പൊലീസ് പ്രത്യേകം അഭ്യർഥിച്ചിട്ടുണ്ട്. നഗരപരിധിയിൽ കാർ നിർത്തിയശേഷം ബസ്സിലോ ഓട്ടോയിലോ വരുന്നതാവും നല്ലത്. സ്കൂട്ടറുള്ളവർക്ക് സ്കൂട്ടറിൽ വരാം. വാഹനമേതായാലും ഗതാഗത നിയമങ്ങൾ പാലിച്ചാൽ‍ പോക്കറ്റുകീറില്ല. വാഹനം പാർക്കു ചെയ്യുമ്പോൾ  മറ്റുള്ളവരെ കുരുക്കുന്ന തരത്തിലുമാവരുത്.

മേളകൾ

സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ്പ്, കുടുംബശ്രീ, കൈത്തറി, ഖാദി തുടങ്ങി ഒട്ടുമിക്ക ഓണച്ചന്തകളും ഇന്നു സജീവമാണ്. പച്ചക്കറി, പൂക്കച്ചവടക്കാർ അധികലോഡുകൾ വരുത്തി കാത്തിരിക്കുന്നുണ്ട്. വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് എഴുതി പോക്കറ്റിലിടുകയോ ഫോണിൽ എഴുതി സൂക്ഷിക്കുകയോ ചെയ്താൽ കടകളിലെ തിരക്കിൽ പെടാതെ രക്ഷപ്പെടാം. സമയവും ലാഭിക്കാം.

വരവറിയിച്ച്  ഓണപ്പൊട്ടൻ

kozhikode-onapottan
ഓണ ഫാഷൻ : നടക്കാവ് പണിക്കർ റോഡിലെ കടകളിലെത്തി മടങ്ങുന്ന ഓണപ്പൊട്ടൻ.

ഓണം കെങ്കേമമാക്കുന്നതിന്റെ കൊട്ടുംകുരവയുമാണ് നാടെങ്ങും. വീടുകളിലും ഓഫിസുകളിലും സ്കൂളുകളിലും പൂക്കളമിട്ടും വടംവലിയും ഉറിയടിയും നടത്തിയും സദ്യയുണ്ടും പായസം കുടിച്ചും ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഓണത്തിന്റെ വരവറിയിച്ച് കൈമണി കിലുക്കി, ഓലക്കുട ചൂടി ഇന്നലെ   നഗരത്തിലും ഓണപ്പൊട്ടനെത്തി. മലബാറിന്റെ സ്വന്തം ഓണത്തെയ്യമാണിത്.  

നിശബ്ദനായതിനാലാണ് പൊട്ടനെന്ന വിളിപ്പേരു വീണതത്രേ.  മാവേലിയുടെ വരവറിയിച്ചാണ് അദ്ദേഹത്തിന്റെ വരവ്. ഒരുക്കങ്ങളുടെ ഉത്രാടപ്പകലാണിന്ന്. ഉത്രാടപ്പാച്ചിലിനിടയിൽ നഗരത്തിൽ അനേകം ഓണാഘോഷപരിപാടികളും നടക്കുന്നുണ്ട്. നാളെ മാവേലി വരുന്നതിന്റെ തിരക്കായിരിക്കും. അതുകൊണ്ട് ഇന്നുതന്നെ നഗരത്തിലെ ഓണാഘോഷത്തിൽ പങ്കുചേരാം.

മോഹൻലാലിന്റെ ശബ്ദം, ആശാ ശരത്തിന്റെ നൃത്തം

kozhikode-asha-sharath-dance
നടനവിസ്മയം: ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷൻ കൗൺസിലും കോഴിക്കോട്ട് ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ ആശാ ശരത്തും സംഘവും അവതരിപ്പിച്ച ‘ദേവഭൂമിക’ സംഗീതശിൽപം.

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ശബ്ദത്തിൽ കേരളത്തിന്റെ കഥ ഒഴുകിവരുന്നു. നടിയും നർത്തകിയുമായ ആശാ ശരത്തും 40 നർത്തകരടങ്ങുന്ന സംഘവും നൃത്തം ചെയ്യുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷത്തിന് ഗംഭീരതുടക്കം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ദേവഭൂമിക എന്ന നൃത്തശിൽപം വേദിയിലെത്തിയത്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെയാണ് ഈ നൃത്ത സംഗീത ശിൽപത്തിൽ ദേവ ഭൂമികയായി അവതരിപ്പിച്ചത്. തനതു കലാരൂപങ്ങളിലൂടെ മലയാളത്തിന്റെ പ്രകൃതിയും പുഴകളും മലകളും മുദ്രകളിലേക്ക് ഒഴുകിയെത്തി. പ്രകൃതിയെ കളിയാക്കുന്ന കോമാളിയായാണ് മലയാളി രംഗത്തെത്തുന്നത്. മോഹൻലാലാണ് സ്വന്തം ശബ്ദത്തിൽ ഈ നൃത്ത സംഗീത ശിൽപത്തിന് അവതരണം നൽകിയത്. 

നൃത്തത്തിനു പശ്ചാത്തലമായി വരുന്ന ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് സിനിമ സംവിധായകനായ ടി.കെ.രാജീവ്കുമാറാണ്. പ്രശസ്ത സംഗീത സംവിധായകനായ രമേഷ് നാരായണന്റെതാണ് സംഗീതം.  ഓണാഘോഷത്തിന്റെ ആദ്യദിനമായ ഇന്നലെ മാനാഞ്ചിറ സ്ക്വയറിലെ വേദിയിൽ കളരിപ്പയറ്റ് പ്രദർശനവും പഞ്ചാരിമേളം, നാട്ടരങ്ങ് എന്നിവ അരങ്ങേറി. ടൗൺഹാളിലെ വേദിയിൽ നാടകോൽസവത്തിനു തിരശീല ഉയർന്നു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘അമ്മ’ നാടകമാണ് അരങ്ങേറിയത്.

ഓലക്കുടകളുടെ പ്രദർശനം 

kozhikode-olakkuda
ഓണത്തോടനുബന്ധിച്ച് എസ്കെ പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഓലക്കുടകളുടെ പ്രദർശനത്തിൽ നിന്ന്.

നിങ്ങൾ‍ക്ക് എത്ര കുടയുടെ പേരറിയാം? ഇതെന്തു ചോദ്യം എന്നമട്ടിൽ സൂര്യ, ജോൺസ്, പോപ്പി എന്നൊക്കെ പറയാൻ വരട്ടെ. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന കാൽക്കുട, അരക്കുട, ഓണക്കുട തുടങ്ങിയ ഏതെങ്കിലും തരം കുടയെക്കുറിച്ച് അറിയാമോ? അറിയില്ലെങ്കിൽ നേരെ പുതിയറ എസ്കെ സാംസ്കാരിക നിലയത്തിലേക്ക് വിട്ടോളൂ. ഈ ഓണക്കാലത്ത് പയ്യന്നൂർ പോക് ലാൻഡിന്റെ നേതൃത്വത്തിൽ കുടകളുടെ പഴയ തലമുറയെ പരിചയപ്പെടുത്തുന്ന പ്രദർശനം അവിടെ കാത്തിരിപ്പുണ്ട്. പനയോലയിൽ തീർത്ത കാൽകുട, അരക്കുട, ഓണക്കുട, സഞ്ചയനക്കുട, ദേവക്കുട, മറക്കുട, മാവേലിക്കുട, കളക്കുട തുടങ്ങിയവയാണു പ്രദർശിപ്പിച്ചിരിക്കുന്നത്. 

പ്രദർശനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണപ്പൊട്ടൻ, തോറ്റംപാട്ട്, പൊറാട്ടുകളി തുടങ്ങിയവയും അവതരിപ്പിച്ചു.  കൗൺസിൽ എം.സലീന ഉദ്ഘാടനം ചെയ്തു. എസ്.കെ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി.രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. ഫോക് ലാൻഡ് ചെയർമാൻ ഡോ.വി.ജയരാജൻ, പി.വി.ഹരി, രാധ അയ്യർ, കെ.ആർ.ബാബു, സംഗീത് ഭാസ്കർ എന്നിവർ പ്രസംഗിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് പ്രവേശനം.

സാമൂതിരിക്ക് തിരുമുൽക്കാഴ്ച

kozhikode-unni-raja
തിരുവണ്ണൂരിൽ സാമൂതിരി രാജവംശത്തിലെ ഇപ്പോഴത്തെ പ്രതിനിധി കെ.സി.ഉണ്ണിഅനുജൻ രാജയ്ക്ക് തിരുമുൽക്കാഴ്ച സമർപ്പിക്കുന്നു.

രാജഭരണകാലത്തെ ഓണത്തിന്റെ മായാമുദ്രകൾ മനസിലുണർത്തി സാമൂതിരി രാജാവിന് തിരുമുൽക്കാഴ്ച്ച. ഒരു നാടിനെ സ്നേഹിക്കാനും ഒരുമിച്ചുകൈകോർക്കാനും പഠിപ്പിച്ചവരാണ് കോഴിക്കോടിന്റെ ഭരണാധികാരികളായിരുന്ന സാമൂതിരി രാജവംശം. ഇപ്പോഴത്തെ പ്രതിനിധിയായ കെ.സി.ഉണ്ണി അനുജൻ രാജയുടെ തിരുവണ്ണൂരിലെ  വസതിയിലായിരുന്നു ചടങ്ങ്.

തിരുമുൽകാഴ്ച ചടങ്ങ് പണ്ട് സാമൂതിരി കോവിലകത്തേയും വിവിധ കളങ്ങളിലേയും കാര്യസ്ഥൻമാരാണ് നിർവ്വഹിച്ചിരുന്നത്. എന്നാൽ കാര്യസ്ഥൻമാരുടെ സ്ഥാനം ദേവസ്വങ്ങളുടെ എക്സിക്യുട്ടിവ് ഓഫിസർമാരാണ് ഇത്തവണ ഏറ്റെടുത്തുനടത്തിയത്. വാഴക്കുലയും ധാന്യവുമൊക്കെയായി തിരുമുൽകാഴ്ചയുമായെത്തിയ ഉദ്യോഗസ്ഥർക്ക് ഓണക്കോടി നൽകാൻ സാമൂതിരി മറന്നില്ല. പഴയകാലത്തെ ആചാരമനുസരിച്ച് പ്രവൃത്തിക്കാർ ഈ ഓണക്കോടിയാണ് തിരുവോണദിവസം ഉടുക്കാറുള്ളത്. 

ലാത്തികൾ പൂക്കളമിടുന്നു 

kozhikode-marad-onam-celebration
മാറാട് സ്റ്റേഷനിലെ ഓണാഘോഷം

ഓണക്കാലത്ത് പൊലീസ് സ്റ്റേഷനിൽ കയറി പൂക്കളമിടാൻ ആർക്കാണു ധൈര്യം? മാറാട്ടെ കുട്ടികളും കുടുംബങ്ങളുമാണ് ഇന്നലെ മാറാട് ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ഓണം അടിച്ചുപൊളക്കാനെത്തിയത്. ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ അസി. കമ്മിഷണർ എ.ജെ.ബാബു ആദ്യം ഒന്നമ്പരന്നു.

ഒരു തറവാട്ടുവീട്ടിൽ നടക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുന്ന പ്രതീതിയാണ് പൊലീസ് സ്റ്റേഷനിൽ. ഒരു ഭാഗത്ത് കുട്ടികളും പൊലീസുകാരും ചേർന്ന് പൂക്കളമിടുന്നു. മറ്റൊരിടത്ത് ഉറിയടി മത്സരം നടക്കുന്നു. കസേരകളി ആവേശപൂർവം പുരോഗമിക്കുന്നു. പായസവും സദ്യയും അടുപ്പിൽ തയാറായി വരുന്നു.  പൊലീസ് സ്റ്റേഷനിലാണ് നാട്ടിലെ ഏറ്റവും അടിപൊളി ഓണാഘോഷം.

തറവാട്ടിലെ കാരണവരെപ്പോലെ മാറാട് എസ്ഐ കെ.എക്സ്.തോമസും സഹപ്രവർത്തകരും എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നു. ഓണാഘോഷം കണ്ട് മതിമറന്ന അസി.കമ്മിഷണറും കുട്ടികൾക്കൊപ്പം കഥപറയാനും കളിക്കാനും കൂടി. മാവേലിത്തമ്പുരാൻ പറഞ്ഞ കള്ളവും ചതിയുമില്ലാത്ത ഒരു നാട് ഇതായെന്നാണ് ജനമൈത്രി പൊലീസ് തെളിയിക്കുന്നതെന്ന് മാറാട് സ്റ്റേഷനിലെ പൊലീസുകാർ പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama