go

ജോളിയുടെ എൻഐടി ജോലി: പൊലീസ് ചോദ്യം ചെയ്യുംവരെ ഞാനും വിശ്വസിച്ചു; ഷാജു

koodathayi-jolly-shaju
ജോളി, ഷാജു
SHARE

കോഴിക്കോട്∙ തന്റെ ഭാര്യ ജോളി  എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നു രണ്ടാം ഭർത്താവ് ഷാജു സഖറിയാസ്.  പൊലീസ് ചോദ്യം ചെയ്യുന്നതുവരെ ജോളി എൻഐടിയിലാണ് ജോലി ചെയ്തിരുന്നതെന്നാണ് താനും വിശ്വസിച്ചിരുന്നതെന്ന് ഷാജു പറഞ്ഞു.  എൻഐടിയിൽ ബിബിഎ ലക്ചറർ ആണെന്നാണ് പറഞ്ഞത്. ഇതൊക്കെ നുണയായിരുന്നില്ലേ എന്നു ചോദിച്ചപ്പോൾ ഒരു ബ്യൂട്ടി ഷോപ്പിൽ ഇരിക്കാറുണ്ടെന്നു പറഞ്ഞു. ജോളിയുടെ ആദ്യഭർത്താവിന്റെ മരണത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയ കാര്യം കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴാണ് താൻ അറിഞ്ഞതെന്നും ഷാജു പറഞ്ഞു. റോയിക്ക് കടുത്ത മദ്യപാനശീലമുണ്ടായിരുന്നതായും കേട്ടിട്ടുണ്ട്. 

മരണത്തിനു മുൻപ് കുറച്ചുകാലം റോയി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയത് അറിഞ്ഞിരുന്നില്ല. ഹൃദയാഘാതമാണെന്ന് കരുതിയിരുന്നു. റോയിക്ക് അനേകം പണമിടപാടുള്ളതായി കേട്ടിരുന്നതിനാൽ ആത്മഹത്യയാണോ എന്നും സംശയിച്ചിരുന്നു. കുടുംബത്തിലെ ആദ്യ മരണം സ്വാഭാവിക മരണമാണെന്നാണ് വിചാരിച്ചത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം നടന്ന പേരപ്പന്റെ മരണവും  ഹൃദയാഘാതമാണെന്നു കരുതി. 

ജോളിയുമായി തനിക്ക് മുൻപ് ഒരു സൗഹൃദവുമുണ്ടായിരുന്നില്ലെന്നും ഷാജു പറഞ്ഞു. മകന്റെ അഡ്മിഷനുവേണ്ടി സ്കൂളിൽ പോവുമ്പോൾ റോയിയുടെ മകനും അപേക്ഷാഫോം വാങ്ങിക്കൊടുത്തിരുന്നു. ആ സമയത്താണ് ഒരു തവണ ജോളിയുമായി സംസാരിച്ചത്. സിലി മൂന്നുമാസം ഗർഭിണിയായിരിക്കെ ചിക്കൻപോക്സ് വന്നിരുന്നു. കുട്ടിക്ക് അസുഖം വരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. വൃക്കയ്ക്ക് അണുബാധ വന്നപ്പോൾ മിംസ് ആശുപത്രിയിൽ പോയി മരുന്നും കൊടുത്തിരുന്നു. ഇതിനിടെയാണ് മകന്റെ ആദ്യകുർബാന ദിവസം ഭക്ഷണം കഴിച്ച് മകൾ മരിച്ചത്. എന്നാൽ ജോളിയെക്കുറിച്ച് ഭാര്യ സിലി സംശയിച്ചതായി അറിയില്ല.

മകൾ മരിച്ച് മാസങ്ങൾക്കുശേഷം കുട്ടികളുണ്ടാവാനായി ഉള്ളിയേരിയിൽ ആയുർവേദ ചികിത്സ നടത്താൻ സിലി ആവശ്യപ്പെട്ടിരുന്നു. ചികിത്സ തുടങ്ങിയശേഷം ഒരു ദിവസം  അപസ്മാരബാധ വന്നതിനെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അന്ന് മരിച്ചുപോവുമെന്ന് ഭയന്നതായി  ഡോക്ടർ‍മാർ പറഞ്ഞെന്ന് സിലി പിന്നീട് പറഞ്ഞിരുന്നു. അന്ന് മൂന്നു ദിവസത്തിനുശേഷമാണ്  ആശുപത്രി വിട്ടത്. അപ്രതീക്ഷിതമായി സിലി കുഴഞ്ഞുവീണു മരിച്ചപ്പോൾ പഴയ രോഗമാണെന്നാണ് കരുതിയതെന്നും ഷാജു പറഞ്ഞു.

രണ്ടാമതൊരു കല്യാണം കഴിക്കേണ്ടെന്നായിരുന്നു തീരുമാനിച്ചിരുന്നതെന്നും ഷാജു പറഞ്ഞു. തന്റെയും ജോളിയുടെയും കുട്ടികൾ തമ്മിൽ സൗഹൃദമുണ്ടായിരുന്നു. സിലിയുടെ ബന്ധുക്കളാണ് ജോളിയുമായുള്ള കല്യാണക്കാര്യം മുന്നോട്ടുവച്ചത്. ജോളിയും ഇതിന് അനുകൂലമായി മുന്നോട്ടുവന്നു.  കുട്ടികളുടെ ഭാവിയോർത്താണ് കല്യാണത്തിനു സമ്മതിച്ചത്. മാത്യുവുമായി ജോളിക്ക് ഒരു ബന്ധമുള്ളതായി താൻ കണ്ടിരുന്നില്ലെന്നും ഷാജു പറഞ്ഞു. ഏറെ നേരം ഫോൺ ഉപയോഗിക്കുന്ന സ്വഭാവം ജോളിക്കുണ്ട്. എന്നാൽ സംശയാസ്പദമായതൊന്നും തന്റെ ശ്രദ്ധിൽപെട്ടിരുന്നില്ലെന്നും ഷാജു പറഞ്ഞു. താൻ കൂടത്തായിലെ വീട്ടിലുളളപ്പോഴും പൊലീസ് കസ്റ്റഡിയിലാണന്നാണ് ചില മാധ്യമങ്ങളും മറ്റും വാർത്ത നൽകിയത്. താൻ തെറ്റുകാരനല്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം പോലുള്ള നടപടികൾ സ്വീകരിക്കില്ലന്നും ഷാജു പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama