go

കയ്യിലെ ഫോൺ പൊട്ടിത്തെറിച്ചു,വൈദ്യുതി ഉപകരണങ്ങൾ കത്തി ചാമ്പലായി :വിറപ്പിച്ച് മിന്നൽ

  വളയത്ത് മിന്നലില്‍ അപകടമുണ്ടായ തോട്ടത്തില്‍ സുനിലിന്റെ വീട്ടുമുറ്റത്തു രൂപപ്പെട്ട കുഴിയും കത്തിക്കരിഞ്ഞ മെയിന്‍ സ്വിച്ചും.
വളയത്ത് മിന്നലില്‍ അപകടമുണ്ടായ തോട്ടത്തില്‍ സുനിലിന്റെ വീട്ടുമുറ്റത്തു രൂപപ്പെട്ട കുഴിയും കത്തിക്കരിഞ്ഞ മെയിന്‍ സ്വിച്ചും.
SHARE

നാദാപുരം ∙ വളയം മേഖലയിൽ ഇടിമിന്നലിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർക്കു പരുക്ക്. വീടുകൾക്ക് നാശം. വളയം അച്ചം വീട്ടിലെ തോട്ടത്തിൽ സുനിൽ(42), ഭാര്യ ഭീഷ്മ(38) അയൽവാസി കല്ലുള്ള പറമ്പത്ത് സുധ(44) എന്നിവർക്കാണു പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണു മഴയോടൊപ്പം ശക്തമായ മിന്നൽ അനുഭവപ്പെട്ടത്.വീടിനകത്തായിരുന്ന സുനിലിന്റെ കയ്യിലെ സ്മാർട് ഫോൺ പൊട്ടിത്തെറിച്ചു.

മിന്നലിന്റെ ആഘാതത്തിൽ സുനിയും ഭാര്യയും ദൂരേക്ക് തെറിച്ചു വീണു. വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തി ചാമ്പലായി.മുറ്റത്തു രണ്ടിടത്തായി മിന്നലിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. പരുക്കേറ്റ 3 പേരും വളയം ഗവ ആശുപത്രിയിൽ ചികിത്സ തേടി. ഉള്ളിൽ പറമ്പത്ത് അശോകൻ, വളയം പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.സി.ലക്ഷ്മി എന്നിവരുടെ വീടുകൾക്കും മിന്നലിൽ കേടുപാടുകളുണ്ടായി.

∙ ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലിൽ വാല്യക്കോട് മണ്ടോടി ചാലിൽ രാധമ്മയുടെ വീടിനു കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്ന രാധമ്മ(70), ചെറുമകൾ ഉമാ ദേവി(19), സമീപവാസി ആലക്കാട്ട് സന്തോഷിന്റെ മകൾ ഋതുപർണ(13) എന്നിവർക്കു പരുക്കേറ്റു. ഇവർ പേരാമ്പ്രയിലെ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിലെ വൈദ്യുത ഉപകരണങ്ങളും വയറിങ്ങും ടെലിഫോൺ ബന്ധവും പൂർണമായും തകർന്നു. മുൻവശത്തെ ചുമരിൽ ദ്വാരം രൂപപ്പെട്ടിട്ടുണ്ട്.

∙ ഇന്നലെ വൈകിട്ടു ശക്തമായ മിന്നലിൽ വീട് ഭാഗികമായി തകർന്നു. ചിറക്കൽ അന്നമ്മയുടെ വീടിനാണു കേടുപറ്റിയത്. വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങൾ മുഴുവനും കത്തി നശിച്ചു. ജനൽ ചില്ലുകളും ഓടുകളും തകർന്നു. അപകട സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama