go

ബന്ധുവീട്ടിലും കൂട്ടക്കൊലയ്ക്ക് ശ്രമം?

koodathai-murder-jolly-new-1
SHARE

കോഴിക്കോട് ∙ പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ ആളുകളെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബന്ധുക്കൾ. മരിച്ച റോയിയുടെ ഉറ്റബന്ധുവിന്റെ വീട്ടിലെ 5 പേർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോൾ 2 പേർ ഛർദിക്കുകയും ഇവരുടെ രക്തപരിശോധനയിൽ വിഷാംശം കണ്ടെത്തുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ വർഷമാണു സംഭവം. ഭക്ഷണമുണ്ടാക്കുന്ന സമയം ജോളി ഈ വീട്ടിലെത്തിയിരുന്നു. ഭക്ഷണം വിളമ്പും മുൻപേ മടങ്ങി.

കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുതുടങ്ങിയ ഉടൻ രണ്ടു പേർ ഛർദിച്ചു. ഇതോടെ മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നതു നിർത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. രക്തത്തിൽ വിഷാംശം ഉണ്ടെന്നായിരുന്നു പരിശോധനാ റിപ്പോർട്ട്.ഭക്ഷണം പരിശോധിക്കാൻ തീരുമാനിച്ചെങ്കിലും അതിനു പൊലീസ് കേസെടുത്തതിന്റെ എഫ്ഐആർ ആവശ്യമാണെന്നു വിദഗ്ധോപദേശം ലഭിച്ചതോടെ വേണ്ടെന്നുവച്ചു. അന്നു ജോളിയെ സംശയമുണ്ടായിരുന്നില്ല.ബന്ധുക്കളുമായി സ്വത്തുതർക്കം ഉണ്ടായിരുന്നെന്നും ഇതാണു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ജോളിയുമായി സൗഹൃദം മാത്രം: ജോൺസൻ

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനെ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം ആറര വരെ നീണ്ടു. ജോളിയുമായി ഫോണിൽ പലതവണ ദീർഘനേരം സംസാരിച്ചതിന്റെയും യാത്രയിൽ ഒപ്പം പോയതിന്റെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ജോളിയുമായി സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും തന്റെ സിം കാർഡ് ജോളി ഉപയോഗിക്കുന്നുണ്ടെന്നും ഒന്നിച്ചു സിനിമയ്ക്കു പോയതായും വെളിപ്പെടുത്തിയ ജോൺസൻ, കൊലപാതകത്തിൽ പങ്കില്ലെന്നു പറഞ്ഞതായും സൂചനയുണ്ട്.

പൊലീസ്  മുന്നറിയിപ്പ്

കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധമുള്ളവരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലർ ചോദ്യം ചെയ്യുന്നതായും അഭിമുഖമെടുക്കുന്നതായും പൊലീസ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് റൂറൽ എസ്പി കെ.ജി.സൈമൺ അറിയിച്ചു.

വധശ്രമം: അന്വേഷിക്കും

ജോളി ജോസഫ് പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമൺ.
രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനു പുറമേ ആദ്യ ഭർത്താവ് റോയിയുടെ സഹോദരി രഞ്ജിയുടെ മകൾ, റവന്യു ഉദ്യോഗസ്ഥ ജയശ്രീയുടെ മകൾ, റോയിയുടെ ബന്ധു മാർട്ടിന്റെ മകൾ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവരുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.മരണങ്ങളുടെ വാർത്തകൾ പുറത്തുവന്നതോടെയാണു മറ്റു 2 കുട്ടികളുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു പൊലീസിനെ സമീപിച്ചത്. ഇതിലൊരു പെൺകുട്ടി ഇപ്പോൾ വിദേശത്താണ്.

വിദേശത്തും വൻ വാർത്ത

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമുഖ വിദേശ മാധ്യമങ്ങളിലും വാർത്ത. യുഎസിലെ ന്യൂസ് വീക്ക്, ബ്രിട്ടനിലെ ഗാർഡിയൻ, യുഎഇയിൽ ഗൾഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങിയവയിലെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് വന്നു. ജോളി ജയിലിലെ വിവരങ്ങൾ വച്ചുള്ള തുടർവാർത്തകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ജ്യോത്സ്യൻ ഒളിവിൽ

കട്ടപ്പന ∙ റോയി ധരിച്ചിരുന്ന ഏലസ് പൂജിച്ചു കൊടുത്തെന്നു കരുതുന്ന കട്ടപ്പനയിലെ ജ്യോത്സ്യൻ ഒളിവിൽ. രാവിലെ വീട്ടിൽനിന്നു പോയതായും മറ്റു വിവരങ്ങൾ അറിയില്ലെന്നും ജ്യോത്സ്യന്റെ പിതാവ് പറഞ്ഞു.

ജോളിയെ ഇന്ന്  കോടതിയിൽ ഹാജരാക്കും

കൂടത്തായി കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ താമരശ്ശേരി കോടതി ഇന്നു പരിഗണിക്കും. പ്രതി എം.എസ്. മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നത്തേക്കു മാറ്റി. ജോളിക്കും പ്രജികുമാറിനും വേണ്ടി ആരും ഹാജരായില്ല. തന്റെ പ്രതിനിധികൾ ജോളിയെ ജയിലിൽ സന്ദർശിച്ചെന്നും വക്കാലത്ത് ഏറ്റെടുക്കുമെന്നും അഡ്വ.ബി.എ. ആളൂർ അറിയിച്ചു.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിൽ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ. ഹരിദാസൻ കസ്റ്റഡി അപേക്ഷ നൽകി. പ്രതികൾക്ക് അഭിഭാഷകരില്ലാത്തതിനാൽ അവരുടെ ഭാഗം കൂടി കേൾക്കാനായി ഇന്നു ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama