go

ഇങ്ങനെ പോയാൽ കരിപ്പൂരിലേക്ക് വിമാനം തട്ടിക്കൊണ്ടു വരേണ്ടി വരും!

flight-12
SHARE

മലപ്പുറം ∙ വലിയ വിമാന സർവീസുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോഴിക്കോടിനു മുൻപിൽ ഇപ്പോഴും കടലാസ് വിമാനം മാത്രം. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവീസിന് അനുമതി നേടിയെടുത്ത സൗദി എയർലൈൻസിനു 3 മാസം പിന്നിട്ടിട്ടും വിമാനം കടലാസിനു പുറത്തേക്കു പറത്താനായില്ല. സൗദിക്കു പിന്നാലെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയ എയർ ഇന്ത്യയ്ക്ക് ഇതുവരെ അനുമതി ലഭിച്ചതുമില്ല.

ഓഗസ്റ്റിൽ ഡിജിസിഎയുടെ ഉത്തരവെത്തിയതോടെ വർഷങ്ങളുടെ കാത്തിരിപ്പ് സഫലമായെന്നു വിശ്വസിച്ച പ്രവാസികൾ വീണ്ടും നിരാശയിലായി. കഴിഞ്ഞ ഓഗസ്റ്റ് 9ന് ആണ് സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾക്ക് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ആൻഡ് ഏവിയേഷൻ) അനുമതി നൽകിയത്.

2 മാസത്തിനകം വിമാന സർവീസ് പുനരാരംഭിക്കുമെന്നും ഒക്ടോബറിൽ പുറത്തിറങ്ങുന്ന ശീതകാല സമയപ്പട്ടികയിൽ കോഴിക്കോട്ടുനിന്ന് സൗദിയിലേക്കു വിമാനമുണ്ടാകുമെന്നുമായിരുന്നു സൗദി എയർലൈൻസ് അധികൃതരുടെ പ്രഖ്യാപനം. ജിദ്ദയിലേക്കും റിയാദിലേക്കും സർവീസുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, അനുമതി രേഖകളെല്ലാം എത്തിയെങ്കിലും സൗദിയുടെ വിമാനം മാത്രം ഇതുവരെ കോഴിക്കോട്ട് ലാൻഡ് ചെയ്തിട്ടില്ല.

കടലാസ് കുരുക്ക് തുടരുന്നു

2015ൽ റൺവേ നവീകരണത്തിനായി കോഴിക്കോട് വിമാനത്താവളം അടച്ചിട്ടതിനു പിന്നാലെ സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾ കൊച്ചിയിലേക്കു മാറ്റിയിരുന്നു. ഇതിനൊപ്പം തിരുവനന്തപുരത്ത് താൽക്കാലികമായി സർവീസ് നടത്താനുള്ള അനുമതിയും വ്യോമയാന മന്ത്രാലയം നൽകിയിരുന്നു.

കോഴിക്കോട്ടെ സർവീസ് പുനരാരംഭിക്കുന്നതിനൊപ്പം തിരുവനന്തപുരത്തുനിന്നുള്ള സർവീസുകൾകൂടി നിലനിർത്താനാണ് സൗദി എയർലൈൻസിന്റെ ശ്രമം. ഇതിനായി വ്യോമയാന മന്ത്രാലയത്തിൽ മാസങ്ങൾക്കു മുൻപ് അപേക്ഷ നൽകിയെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചാലുടൻ കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കുള്ള വിമാനം പ്രഖ്യാപിക്കുമെന്നാണ് എയർലൈൻസിന്റെ വിശദീകരണം.

ആദ്യം പറക്കാൻ എയർ ഇന്ത്യ

സൗദി എയർലൈൻസിന്റെ സർവീസുകൾക്കു വീണ്ടും കടലാസ് കുരുക്ക് വീണതോടെ കോഴിക്കോട്ടുനിന്ന് ആദ്യം പറന്നുയരാൻ എയർ ഇന്ത്യ ഒരുങ്ങുന്നു. വലിയ വിമാന സർവീസിനുള്ള ഡിജിസിഎ അനുമതി ഈ മാസം തന്നെ ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് എയർ ഇന്ത്യ അധികൃതർ പറയുന്നു. 440 യാത്രക്കാരെ ഉൾക്കൊള്ളുന്ന ബോയിങ് 747-400 വിമാനത്തിന്റെ സുരക്ഷാ പഠന റിപ്പോർട്ടാണ് എയർ ഇന്ത്യ സമർപ്പിച്ചത്. ഡിജിസിഎ അനുമതി ലഭിച്ചാൽ പിറ്റേ ദിവസം കോഴിക്കോട്–ജിദ്ദ സർവീസ് പ്രഖ്യാപിക്കുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama