go

60 ലക്ഷത്തിന്റെ സ്വർണത്തട്ടിപ്പ്: പ്രതി പിടിയിൽ

malappuram-renjith
രഞ്ജിത്ത്.
SHARE

പെരിന്തൽമണ്ണ∙ മഞ്ചേരി സ്വദേശിയുടെ 60 ലക്ഷം (ഒന്നേമുക്കാൽ കിലോഗ്രാം) രൂപയുടെ സ്വർണാഭരണം തട്ടിയെ‌ടുത്ത കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് തലക്കളത്തൂർ സ്വദേശി വാഴാനി വീട്ടിൽ രഞ്ജിത്തി(39) നെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്‍പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സിഐ ‌‌ടി.എസ്.ബിനു അറസ്‍റ്റ് ചെയ്‍തത്.

കഴിഞ്ഞ 28ന് ആണ് കേസിനാസ്‍പദമായ സംഭവം. മഞ്ചേരിയിൽ സ്വർണപ്പണിക്കാരനായ കരുവമ്പ്രം സ്വദേശി റാഷി എന്നയാളോട് റിയൽ എസ്‍റ്റേറ്റ് ബിസിനസുകാരനെന്നു പരിചയപ്പെടുത്തി 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ആവശ്യമായ അത്രയും സ്വർണാഭരണങ്ങൾ ഇല്ലാത്തതിനാൽ കൊണ്ടോട്ടിയിലെ സുഹൃത്ത് മുഖേനയാണ് ഇടപാട് നടത്തിയത്.

റാഷിയും സുഹൃത്തും പിറ്റേന്ന് ആഭരണങ്ങൾ പെരിന്തൽമണ്ണയിലെത്തിച്ചു നൽ‌കി. മൊബൈൽ ബാങ്കിങ് വഴി പണമയച്ചതായും രണ്ടു മണിക്കൂറിനകം അക്കൗണ്ടിൽ പണമെത്തുമെന്നും വിശ്വസിപ്പിച്ച് രഞ്ജിത്ത് സ്വർണവുമായി മുങ്ങുകയായിരുന്നു. മൈസൂരു, ബെംഗളൂരു എന്നിവി‌ടങ്ങളിൽ ഒളിവിൽ താമസിച്ചു.

സ്വർണം വിൽക്കാനായി പെരിന്തൽമണ്ണയിലെത്തിയപ്പോൾ കെഎസ്ആർടിസി ബസ് സ്‍റ്റാൻഡ് പരിസരത്ത് നിന്നാണ് 656 ഗ്രാം സ്വർണവുമായി പ്രതിയെ അറസ്‍റ്റ് ചെയ്‍തത്. എസ്‍ഐ മഞ്ജിത്ത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്‍ണകുമാർ, എം.മനോജ്‍കുമാർ, വിപിൻചന്ദ്രൻ, ജയൻ, അനൂപ്, പ്രഫുൽ, ബിപിൻ, വനിതാ സിപിഒ ജയമണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama