go

ദേശീയപാത വികസനം ഭൂവുടമകളുടെ ഹിയറിങ് തുടങ്ങി

SHARE

കോട്ടയ്ക്കൽ∙ ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമി നഷ്ടമാകുന്നവരുടെ ഹിയറിങ്   കോട്ടയ്ക്കൽ സിഎച്ച് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.തിരൂർ താലൂക്കിലെ കുറ്റിപ്പുറം വില്ലേജിലെ ഹിയറിങ്ങാണ് തുടങ്ങിയത്. 56 പേരാണ് ഇന്നലെ ഹിയറിങ്ങിന് ഹാജരായത്.

3ഡി വി‍ജ്ഞാപനം വന്ന കുറ്റിപ്പുറം വില്ലേജിലെ ഭൂവുടമകളുടെ വിചാരണ 10,11,12 തീയതികളിൽ പൂർത്തിയാകും. നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ തുക കാലതാമസമില്ലാതെ അനുവദിക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പു നൽകിയതായി ഡപ്യൂട്ടി കലക്ടർ ഡോ.ജെ.ഒ.അരുൺ അറിയിച്ചു.

കൊണ്ടുവരേണ്ട രേഖകൾ

∙ ആധാരം അല്ലെങ്കിൽ പട്ടയം(ഒറിജിനൽ, പകർപ്പ്), അടിയാധാരം, നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ്,      നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, കെട്ടിടമുണ്ടെങ്കിൽ പഞ്ചായത്തിൽനിന്നുള്ള നികുതി രസീത്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പ് ഐഡി, ആധാർ കാർഡ്, ബാ‌ങ്ക് പാസ് ബുക്ക്, പാൻ കാർഡ് എന്നിവ ഹിയറിങ്ങിനു ഹാജരാക്കണം. 

∙ ഭൂവുടമ ജീവിച്ചിരിപ്പില്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 

∙ ഒന്നിൽക്കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ അവകാശികളിൽ ഒരാളെ വിചാരണയ്ക്ക് ഹാജരാക്കുന്നതിനും നഷ്ടപരിഹാരം കൈപ്പറ്റുന്നതിനും മറ്റ് അവകാശികൾക്ക് ചുമതലപ്പെടുത്താം. 

ഇതിനായി വില്ലേജ് ഓഫിസർ അല്ലെങ്കിൽ നോട്ടറി മുൻപാകെ ഒപ്പുവച്ച സാക്ഷ്യപത്രം ഹാജരാക്കണം. 

∙ ഭൂവുടമ വിചാരണയ്ക്ക് ഹാജരാകുന്നില്ലെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ പവർ ‌ഓഫ് അറ്റോർണി സമർപ്പിക്കണം. 

വില നിശ്ചയിച്ചു നഗരസഭാ പ്രദേശങ്ങളിൽ ഇരട്ടി വില, ഗ്രാമങ്ങളിൽ 2.4 മടങ്ങ്

ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളുടെയും വില നിർണയിച്ച് ഉത്തരവായതായി കലക്ടർ അമിത് മീണ അറിയിച്ചു. നഗരസഭാ പ്രദേശങ്ങളിൽ അടിസ്ഥാന വിലയുടെ ഇരട്ടിയും ഗ്രാമപ്രദേശങ്ങളിൽ അടിസ്ഥാന തുകയുടെ 2.4 മടങ്ങും നഷ്ടപരിഹാരമായി ലഭിക്കും.

കേന്ദ്ര മരാമത്ത് വകുപ്പിന്റെ 2012ലെ ഏരിയ റേറ്റ് അടിസ്ഥാനമാക്കിയാണ് വില കണക്കാക്കുക. വിവിധ കാറ്റഗറികളിലായാണ് ഭൂമിയുടെ വില നിശ്ചയിക്കുക. ദേശീയപാതയോടു ചേർന്നു‌കിടക്കുന്ന പുരയിടം വിഭാഗത്തിൽപെട്ട ഭൂമി ഒന്നാം കാറ്റഗറിയും തരം മാറ്റിയ ഭൂമി രണ്ടാം കാറ്റഗറിയും പാടമായി കിടക്കുന്ന ഭൂമി മൂന്നാം കാറ്റഗറിയായും തിരിച്ചിട്ടുണ്ട്. ബൈപാസ് വരുന്ന സ്ഥലങ്ങളിലെ ഭൂമി കാറ്റഗറി 4 മുതൽ 6 വരെയും തരംതിരിച്ചു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama