go

115 കിലോയുള്ള വല കടലിലേക്കിട്ടു, പിടിച്ച മീനും കടലിൽ തള്ളി; ജീവൻ കയ്യിൽപ്പിടിച്ച് 4 ദിവസം

Malappuram ews
നടുക്കടലിൽ നിന്നു രക്ഷപ്പെട്ട് പൊന്നാനിയിലെ വീട്ടിലെത്തിയ മൊയ്തീൻ ബാവ പേരക്കുട്ടിക്കൊപ്പം. മൊയ്തീൻ ബാവയ്ക്കൊപ്പം വള്ളത്തിലു ണ്ടായിരുന്ന ഫയസ് മുഹമ്മദ് സമീപം.
SHARE

പൊന്നാനി ∙ ഹെലിക്കോപ്റ്ററിലും കപ്പലിലും ബോട്ടുകളിലും സുരക്ഷാ സേനകൾ തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാതെ പോയ 2 മത്സ്യത്തൊഴിലാളികൾ ജീവനോടെ തിരിച്ചെത്തിയെന്ന വിവരമാണ് പുതുവർഷപ്പുലരിയിൽ തീരദേശം കേട്ട സന്തോഷ വാർത്ത. നടുക്കടലിൽ നാലുദിവസം ഒഴുകി നടന്ന് ഒടുവിൽ ജീവിതത്തിന്റെ കരയിലേക്ക് തിരിച്ചെത്തിയ പൊന്നാനി ടിബി ആശുപത്രിക്കു സമീപം പുത്തൻപുരയിൽ മൊയ്തീൻബാവ (63), സേലം സ്വദേശിയും പൊന്നാനി തെക്കേപ്പുറത്തെ താമസക്കാരനുമായ ചേരിങ്ങൽ ഫയസ് മുഹമ്മദ് (38) എന്നിവരുടെ അനുഭവം. 

കടലിലേക്ക്

43 വർഷം വള്ളത്തിലും ബോട്ടിലുമായി മീൻപിടിത്തത്തിനിറങ്ങി പരിചയമുള്ള മൊയ്തീൻബാവയും വെറും 2 ദിവസം മാത്രം ബോട്ടിൽ പോയി പരിചയമുള്ള ഫയസ് മുഹമ്മദുമാണ് മൊയ്തീൻബാവയുടെ ചെറിയ ഫൈബർ വള്ളത്തിൽ 28ന് കടലിലിറങ്ങുന്നത്. പിറ്റേന്ന് ഉച്ചയോടെ തിരിച്ചെത്താമെന്ന നിഗമനത്തിൽ

5 ലീറ്റർ വെള്ളവും കുറച്ച് അവിലും ഒരു കിലോ പഴവും മാത്രമേ വള്ളത്തിൽ കരുതിയിരുന്നുള്ളൂ. 29ന് പുലർച്ചെ കരയിലേക്കു തിരിച്ച ഇവരെ മൂടൽ മഞ്ഞു ചതിച്ചു. 

കരയിലേക്കു പോകുന്നതിനു പകരം ആഴക്കടലിലേക്കായിരുന്നു യാത്ര. ദിശതെറ്റിയതു മനസ്സിലാക്കി തിരിച്ചു പോന്നെങ്കിലും താനൂർ തീരമെത്തും മുൻപേ ഇന്ധനം തീർന്നു. കടലിൽ കുടുങ്ങി.

മരണവുമായി മുഖാമുഖം

വള്ളത്തിലുണ്ടായിരുന്ന അവിലും പഴവും രണ്ടുപേരുംകൂടി കഴിച്ചു. ഉള്ള വെള്ളവും കുടിച്ചു തീർന്നു. രാത്രി 8 മണി കഴിഞ്ഞതോടെ കിഴക്കുനിന്ന് കാറ്റു വീശാൻ തുടങ്ങി. 

കാറ്റിന്റെ ഗതിക്കനുസരിച്ച് വള്ളം ഒഴുകാനും. വള്ളത്തിന്റെ ഭാരം കുറയ്ക്കാൻ 115 കിലോ തൂക്കമുള്ള വല കടലിലേക്കിട്ടു. ഒപ്പം മീനും കടലിലേക്കു തള്ളി. ഭാരം കുറഞ്ഞതോടെ വള്ളം കൂടുതൽ ഉലയാൻ തുടങ്ങി. 60 നോട്ടിക്കൽ മൈൽ ഉള്ളിലേക്ക് വള്ളം നീങ്ങി. വലിയ ചരക്കുകപ്പലുകൾ മാത്രം ഇടയ്ക്ക് കാണുന്നു. വള്ളക്കാരെ കാണുമ്പോൾ വള്ളം ഉലയാതിരിക്കാൻ കപ്പലുകൾ ദൂരേക്കു മാറുകയാണ്. അപകട വിവരം അറിയിക്കാൻ കഴിയുന്നില്ല. വിശപ്പും ദാഹവും സഹിച്ച് ജീവൻ കയ്യിൽപ്പിടിച്ച് അവർ ബോട്ടിൽത്തന്നെ ഇരുന്നു.

രക്ഷകരെത്തുന്നു

31ന് പകൽ 12 ആയപ്പോൾ ദൂരേന്ന് ഒരു ഫൈബർ വള്ളം കുതിച്ചു വരുന്നതു കണ്ടു. വള്ളത്തിലുള്ള ചുവപ്പു തുണിയും പഴയ കുപ്പായവുമെല്ലാം എടുത്തുയർത്തി വള്ളക്കാർക്കു നേരെ വീശി. പയ്യോളിയിലെ പി.കെ.അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബോട്ട്. അപകടത്തിൽപ്പെട്ടവരെ പെട്ടെന്ന് കരയിലെത്തിക്കാൻ അവർ മീൻപിടിത്തം മതിയാക്കി കരയിലേക്കു തിരിച്ചു. വൈകിട്ട് 6മണിയോടെ പയ്യോളിയിലെ ആവിക്കരയിൽ എത്തി. ഇന്നലെ പുതുവർഷപ്പുലരിയിൽ പൊന്നാനിയിലെ വീട്ടിലും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama