go

ഡോക്ടർ അകത്തുണ്ട്; ബോർഡിൽ മാത്രം

 Malappuram News
നിലമ്പൂർ ജില്ലാ ആശുപത്രി ഒപിയിൽ ഫിസിഷ്യൻമാരുടെ പരിശോധനാ മുറി തുറക്കാത്ത നിലയിൽ. ഏഴിന് 10.45ന് എടുത്ത ചിത്രം.
SHARE

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഡോക്ടറെ  കാണാനെത്തിയ രോഗിയുടെ അനുഭവം

രാവിലെ 9.00

ഒപി ടിക്കറ്റെടുത്ത് ഫിസിഷ്യന്റെ മുറിക്ക് സമീപം ആണുങ്ങളുടെ വരിയിൽ മൂന്നാമതായി നിന്നു. സ്ത്രീകളുടെ വരിയിൽ അധികം പേരുണ്ട്. 8ന് മുൻപുതന്നെ വരിയിൽ സ്ഥാനം പിടിച്ചവരാണ് ഏറെയും. ഒപി സമയം 8 മുതൽ 1 വരെയാണ്. ആശുപത്രിയിൽ 2 ഫിസിഷ്യന്മാരുണ്ട്. ഒരാൾ നെഞ്ച് രോഗ വിദഗ്ദയാണ്. 9 ആയിട്ടും മുറി തുറന്നിട്ടുപോലുമില്ല. 

9.45 

വരി നിൽക്കുന്നത് കണ്ട് സൂപ്രണ്ടും ലേ സെക്രട്ടറിയും വിവരം തിരക്കി. ഫിസിഷ്യൻ ഉടൻ വരുമെന്ന് പറഞ്ഞ് അവർ പോയി. സമയം ഇഴഞ്ഞു നീങ്ങി. അതിനിടെ ജീവനക്കിരിൽ ഒരാൾ 11നേ ഡ‍ോക്ടർ വരാറുള്ളു എന്ന് പറഞ്ഞു. മുന്നിൽ നിന്ന ആസ്മ രോഗി തളർന്ന് നിലത്തിരുന്നു. 

11.00

ജീവനക്കാരൻ പറഞ്ഞപോലെ നെഞ്ചു രോഗ വിദഗ്ധ എത്തി. ശ്വാസം മുട്ടലുള്ളവർ മാത്രം വന്നാൽ മതി. മറ്റുള്ളവർക്ക് വേറെ ഡോക്ടർ വരും എന്ന അറിയിപ്പ് നൽകി. പകുതി പേരും വരി നിന്നത് വെറുതെയായി. 

11.30

ഊഴമെത്തി ഡോക്ടറെ കണ്ടപ്പോൾ 11.30. രണ്ടാമത്തെ ഫിസിഷ്യൻ അപ്പോഴും ഒപിയിൽ എത്തിയിട്ടില്ല. ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് വാങ്ങി കഴിച്ചെങ്കിലും വരി നിന്ന് ക്ഷീണം അധികരിച്ചതിനാൽ രോഗം മൂർച്ഛിച്ച് വൈകിട്ട് സ്വകാര്യ ആശുപത്രിയിൽ അഭയം തേടേണ്ടി വന്നു.

ഇതൊക്കെ ഇവിടയേ നടക്കൂ

ആശുപത്രിയിലെ മറ്റ് സ്പെഷ്യൽറ്റി വിഭാഗങ്ങളിലും സ്ഥിതി വ്യതസ്തമല്ല. ഡോക്ടർമാർ വൈകിയാണ് ആശുപത്രിയിൽ എത്തുന്നത്. വന്നപാടെ വാർഡിൽ പരിശോധനയ്ക്കു പോകും. ഒപിയിൽ എത്തുന്നത് മണിക്കൂറുകൾ കഴിഞ്ഞ്. ഒപി പരിശോധന പേരിന് നടത്തി നിശ്ചിത സമയത്തിന് മുൻപ് ക്ലിനിക്കിലേക്ക് മുങ്ങുന്നവരാണ് ഏറെയും. ക്ലിനിക്കിൽ ചെന്ന് കാണുന്ന രോഗികളാണ് അധികവും അഡ്മിറ്റിലുള്ളത്. അതുകൊണ്ടാണ് വാർഡ് പരിശോധനയിൽ കൂടുതൽ ശുഷ്കാന്തി കാണിക്കുന്നതെന്ന് പരാതിയുണ്ട്. 

ഒപിയിൽ ഒരു മണിക്കു ശേഷവും രോഗികൾ ബാക്കിയുണ്ടെങ്കിൽ അവരെ പരിശോധിക്കാറില്ല. അത്യാഹിത വിഭാഗത്തിലേക്ക് പറഞ്ഞുവിടാറാണ് പതിവ്. അവിടെയും മണിക്കൂറുകൾ കാത്തിരിക്കണം. 

ഏറെക്കാലമായി ആശുപത്രിയിൽ സൂപ്രണ്ടില്ല. ശിശുരോഗ വിദഗ്ധനാണ് ചുമതല. അദ്ദേഹം ഒപിയിൽ ഇരിക്കാറില്ല. ക്ലിനിക്കിൽനിന്ന് വാർഡിൽ അഡ്മിറ്റ് ചെ‌യുന്നവരെ പരിശോധിച്ച ശേഷം മിക്ക ദിവസവും വൈകിയാണ് ഓഫിസിലെത്തുന്നത്. ഒപി ബ്ലോക്കിൽ സിസിടിവി, പഞ്ചിങ് സമ്പ്രദായം സ്ഥാപിക്കാൻ നീക്കം നടത്തിയെങ്കിലും ഡോക്ടർമാരുടെ എതിർപ്പുമൂലം നടക്കാതെപോയി. 

മോട്ടറും ഡോക്ടറുടെ വഴിയേ

∙ ജില്ലാ ആശുപത്രിയിലെ മോട്ടർ പണിമുടക്കി. രാത്രി മുതൽ വെള്ളം കിട്ടാതെ രോഗികളും ജീവനക്കാരും വലഞ്ഞു. 8ന് രാത്രി 10നാണ് മോട്ടോർ കത്തി പമ്പിങ് മുടങ്ങിയത്. 

ലൈനിലെ അറ്റകുറ്റപ്പണി കാരണം 2 ദിവസമായി ജല അതോറിറ്റിയുടെയും വെള്ളം കിട്ടുന്നില്ല. പ്രസവം, ഡയാലിസിസ് വാർഡുകളിൽ ഉൾപ്പെടെ രോഗികൾ കഷ്ടത്തിലായി. പുതിയ മോട്ടോർ വാങ്ങി ഉച്ചക്ക് 12.30ന് പ്രശ്നം പരിഹരിച്ചു. അപ്പോഴേക്കും ജല അതോറിറ്റിയുടെയും വെള്ളമെത്തി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama