go

ക്യാംപുകളിൽനിന്ന് മടക്കം

malappuram-cleaning-house
ചേലേമ്പ്ര പടന്നയിൽ പ്രളയത്തെ തുടർന്ന് ചെളി നിറഞ്ഞ വീട്ടിൽ ശുചീകരണ ജോലിയിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകർ.
SHARE

എടപ്പാൾ ∙ മഴയുടെ ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാംപിലുള്ളവർ വീടുകളിലേക്ക്. എടപ്പാൾ എംഎച്ച് സ്കൂളിൽ പ്രവർത്തിച്ചിരുന്ന ക്യാംപിലെ 20 കുടുംബങ്ങൾ മാത്രമാണ് ഇവിടെ തുടരുന്നത്.  എലിയത്തുതറ, പെ‍ാൽപ്പാക്കര തുടങ്ങിയ ഭാഗങ്ങളിലുള്ളവരാണിവർ. ഈ ഭാഗങ്ങളിൽ വെള്ളക്കെട്ട് കുറ‍ഞ്ഞെങ്കിലും ശുചിമുറി ഉൾപ്പെടെയുള്ളവ ഉപയോഗശൂന്യമാണ്. 

വട്ടംകുളം കുറ്റിപ്പാല മാതാ അമൃതാനന്ദമയി മഠത്തിൽ പ്രവർത്തിച്ചിരുന്ന വട്ടംകുളം പഞ്ചായത്തിലെ ക്യാംപിലെ എല്ലാവരും വീടുകളിലേക്ക് മടങ്ങി. വെള്ളം ഇറങ്ങിയ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കാണ് അധികൃതർ മുൻതൂക്കം നൽകുന്നത്. കിണറുകൾ ക്ലോറിനേഷൻ നടത്തിയും വീടുകൾ ശുചീകരിച്ചു നൽകിയും സന്നദ്ധ പ്രവർത്തനം നടന്നുവരുന്നു. 

പഞ്ചായത്ത്–ആരോഗ്യ വകുപ്പ് അധികൃതരും കുടുംബശ്രീ, സന്നദ്ധ–രാഷ്ട്രീയ സംഘടനാ പ്രവർത്തകരും ഇതിന് നേതൃത്വം നൽകുന്നു. എടപ്പാൾ പഞ്ചായത്തിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ യോഗം ചേർന്നു. പ്രസിഡന്റ്‌ പി.പി.ബിജോയ്‌ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങൾ, സ്ഥിരം സമിതി അംഗങ്ങൾ, റവന്യു ജീവനക്കാർ, ആരോഗ്യ വകുപ്പ്‌ ജീവനക്കാർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മൃഗങ്ങൾക്ക് ആരോഗ്യ ക്യാംപ്  

∙ മൃഗസംരക്ഷണ വകുപ്പും വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയും ചേർന്ന് പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ പൊന്നാനി മേഖലയിൽ പ്രളയ ദുരിതത്തിൽ അകപ്പെട്ട കന്നുകാലി, വളർത്തു മൃഗങ്ങൾക്കായുള്ള ആരോഗ്യ പരിരക്ഷാ ക്യാംപും അവശ്യമരുന്നു വിതരണവും സംഘടിപ്പിക്കുന്നു. ഇന്ന് 2ന് ഈശ്വരമംഗലം വെറ്ററിനറി പോളി ക്ലിനിക്കിലാണ് ക്യാംപ് നടക്കുക.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama