go

ആയിരത്തിലേറെ വീടുകൾ ഇപ്പോഴും വെള്ളത്തിൽ

malappuram-kodanji-thiruthi
റോഡിലും പാലത്തിലും വെള്ളം കയറിയതിനാൽ പാലത്തിലൂടെ കയർപിടിച്ചു മറുകരയിലേക്ക് പോകുന്ന കൊടിഞ്ഞി തിരുത്തി പ്രദേശത്തുകാർ. ഈ പ്രദേശം പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
SHARE

തിരൂരങ്ങാടി ∙ മഴ നിന്നതോടെ ജലനിരപ്പ് താഴ്ന്നെങ്കിലും വീടുകൾ ഇപ്പോഴും വെള്ളത്തിൽതന്നെ. തിരൂരങ്ങാടി, നന്നമ്പ്ര, മൂന്നിയൂർ, എആർ നഗർ എന്നിവിടങ്ങളിൽ ഇപ്പോഴും ആയിരത്തിലേറെ വീടുകൾ വെള്ളത്തിലാണ്. നൂറോളം വീടുകളിൽനിന്ന് മാത്രമാണ് വെള്ളം ഇറങ്ങിയത്.  തിരൂരങ്ങാടിയിൽ പുളിഞ്ഞിലത്തുപാടം, വെള്ളിലക്കാട് ചുണങ്ങ്, കോട്ടുവാലക്കാട്, പതിനാറുങ്ങൽ, കാരയിൽ, തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.  ഏതാനും വീടുകളിൽ നിന്ന് മാത്രമാണ് വെള്ളം ഇറങ്ങിയത്.

malappuram-sea-attack-threat-house
കടലാക്രമണ ഭീഷണി നേരിടുന്ന പാലപ്പെട്ടി കാപ്പിരിക്കാട്ടെ വീടുകളിലൊന്ന്. തിരമാലകൾ കയറുന്നത് തടയാൻ വീടിന് മുന്നിൽ അട്ടിയിട്ട മണൽചാക്കുകളും കടൽ കവരുകയായിരുന്നു.

നന്നമ്പ്രയിൽ കൊടിഞ്ഞി കാളംതിരുത്തി, തിരുത്തി, പയ്യോളി, കാടംകുന്ന്, എരുംകുളം, പനക്കത്താഴം, പാണ്ടിമുറ്റം, ചെറുമുക്ക് പ്രദേശങ്ങളിലെ വീടുകൾ ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്. നേരിയ തോതിൽ മാത്രമാണ് ജലനിരപ്പ് താഴ്ന്നത്. വയൽ നിറഞ്ഞു കവിഞ്ഞതിന് പുറമെ പുഴ വെള്ളം കൂടി എത്തിയതാണ് ഇവിടെ പ്രളയം രൂക്ഷമാക്കിയതും ഇപ്പോഴും ജലനിരപ്പ് നിലനിൽക്കുന്നതും. 

കാളംതിരുത്തി, തിരുത്തി പ്രദേശങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്. കാളംതിരുത്തിയിൽ മുക്കാൽ ഭാഗം വീടുകളും റോഡുകളും ഇപ്പോഴും വെള്ളത്തിലാണ്. തിരുത്തി പ്രദേശത്തുകാരും ഇതേ അവസ്ഥയിലാണ്. പ്രദേശത്തുകാർക്ക് പുറമേക്ക് വരാൻ ഏക വഴി പള്ളിക്കത്തായം പാലമാണ്. മറ്റു പ്രദേശത്തു നിന്നു ഈ പാലത്തിലേക്ക് എത്തുന്നതിനുള്ള റോഡുകളും പാലവും ഇപ്പോഴും വെള്ളത്തിലാണ്.

മൂന്നിയൂരിൽ ചുഴലി, കുന്നത്ത്പറമ്പ്, കളിയാട്ടമുക്ക്. വെളിമുക്ക് ചാലി എന്നിവിടങ്ങളിൽ ഇപ്പോഴും വീടുകൾ വെള്ളത്തിലാണ്. ചെറിയ തരത്തിൽ മാത്രമേ വെള്ളം കുറഞ്ഞിട്ടുള്ളൂ. എആർ നഗറിൽ കൊളപ്പുറം, മമ്പുറം, പനമ്പുഴ ഭാഗങ്ങളിലെ വീടുകളിൽനിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. കുറഞ്ഞ പ്രദേശങ്ങളിൽ മാത്രം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.വെള്ളം കയറിയതിനെ തുടർന്ന് എല്ലാ പഞ്ചായത്തുകളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളിൽ കുടുംബങ്ങൾ തുടരുകയാണ്.  

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama