go

പുഴയിൽ ഒരു മാതൃകാ വില്ലേജ് ഓഫിസ്

കക്കോറയിൽ ചാലിയാറിനോടു ചേർന്നു നിർമിച്ച പന്തീരങ്കാവ് വില്ലേജ് ഓഫിസ്. ഓഗസ്റ്റിലെ പ്രളയത്തിൽ വില്ലേജ് ഓഫിസിന്റെ അവസ്ഥ (ഇൻസെറ്റിൽ)
SHARE

സ്വകാര്യവ്യക്തികളെപ്പോലെത്തന്നെ  സർക്കാരും കയ്യേറ്റക്കാര്യത്തിൽ ഒട്ടും മോശമല്ല. ഒളവണ്ണ പഞ്ചായത്തിലെ കക്കോറയിൽ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത പന്തീരങ്കാവ് വില്ലേജ് ഓഫിസ് നിർമിച്ചത് ചാലിയാറിനോടു ചേർന്നാണ്. വെള്ളം കയറാതിരിക്കാൻ നാലു മീറ്ററോളം ഉയരമുള്ള കോൺക്രീറ്റ് പില്ലറുകൾ നിർമിച്ച് അതിനു മുകളിലാണു കെട്ടിടമുണ്ടാക്കിയത്. ഈ വർഷത്തെ പ്രളയത്തിൽ ഈ പില്ലറുകൾ വെള്ളത്തിനടിയിലായിരുന്നു.

പന്തീരങ്കാവിൽ തന്നെ തീരദേശ പരിപാലന നിയമത്തിൽ പറയുന്ന ദൂരപരിധി പാലിക്കാതെ നിർമിച്ച ഒരു ബഹുനിലക്കെട്ടിടത്തിന് സർക്കാർ ഇതുവരെ കെട്ടിടനമ്പർ നൽകിയിട്ടില്ല. എന്നാൽ തൊട്ടടുത്ത് ഇതേ രീതിയിൽ നിർമിച്ച സർക്കാർ കെട്ടിടത്തിൽ ഒരു വർഷമായി ഈ ‘മാതൃകാ വില്ലേജ് ഓഫിസ്’ പ്രവർത്തിക്കുന്നു. റിസോർട്ടിന് ബോട്ട്ജെട്ടി നിർമിക്കാനും കച്ചവടസ്ഥാപനങ്ങൾ പണിയാനും യഥേഷ്ടം പുഴ കയ്യേറാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വനാതിർത്തികൾ ജണ്ടകെട്ടി സംരക്ഷിക്കും പോലെ പുഴയ്ക്കും വേണം കൃത്യമായ അതിർത്തി അടയാളങ്ങൾ. നാട്ടുകാർക്ക് കണ്ടാൽത്തന്നെ മനസ്സിലാകുന്ന തരത്തിലുള്ള അടയാളമായിരിക്കണം അത്. അങ്ങനെയെങ്കിൽ പരാതിപ്പെടാൻ അവർ തയാറാകും. കയ്യേറ്റങ്ങൾ കുറയുകയും ചെയ്യും.

കേരളത്തിലെ വന നശീകരണത്തെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തയാറാക്കിയ മാപ്പ്

മണൽവാരും മുൻപ്

നിലവിൽ മണൽവാരലിനു നിരോധനമുള്ള പുഴയാണ് ചാലിയാർ. എന്നാൽ, കഴിഞ്ഞ രണ്ട് പ്രളയത്തോടെ പുഴയുടെ ആഴം കുറഞ്ഞെന്നും അധികം വന്ന മണൽ നീക്കണമെന്നും വാദിക്കുന്നവരുണ്ട്. വാരാൻ പറഞ്ഞാൽ മുച്ചൂടും വാരിപ്പോകുന്നതാണ് അനുഭവം. കരയോടു ചേർന്നുള്ള മണലായിരിക്കും ആദ്യം വാരുക. ഇത് വൻ ദുരന്തത്തിനു തന്നെ കാരണമായേക്കാം. കരയോടു ചേർന്നുള്ള പ്രകൃതിദത്ത രക്ഷാഭിത്തികളാണ് ഈ മണൽത്തിട്ടകൾ. മാത്രമല്ല പുഴയിലെ ജലത്തെ മണ്ണിലേക്ക് ആഗിരണം ചെയ്യുന്നതിൽ അവ വഹിക്കുന്ന പങ്കും വലുതാണ്. മണൽ ഇല്ലെങ്കിൽ ചേമ്പിലയിൽ വീണ വെള്ളം പോലെ പുഴയൊഴുകും.

നമ്മൾ താമസിക്കുന്ന കരകൾ പലതും ഇല്ലാതാകും. അതുകൊണ്ട് എത്ര വാരണം, എവിടെനിന്നൊക്കെ വാരണം എന്ന കൃത്യമായ പഠനത്തോടെ വേണം അനുമതി നൽകാൻ. റവന്യു ഉദ്യോഗസ്ഥരുണ്ടാക്കുന്ന തട്ടിക്കൂട്ട് പഠന റിപ്പോർട്ടുകൾ ഒട്ടും വിശ്വാസയോഗ്യമല്ലെന്നു കൂടി വ്യക്തമാക്കട്ടെ. മാത്രമല്ല, മണൽ വാരാൻ  അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകിയാൽ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുക. കാര്യവും കാരണവും നിങ്ങൾക്കു തന്നെ അറിയാം. രാഷ്ട്രീയം കളിച്ചു കളിച്ച് പുഴയെത്തന്നെ ഇല്ലാതാക്കിക്കളയും.

അതും പ്രളയക്കണക്കിൽ പെടുമോ ?

ഏതാണ്ട് ഒരേ കാലഘട്ടത്തിൽ വന്ന 2 പാലങ്ങൾ. ഇത്തവണത്തെ പ്രളയത്തിൽ ഒരു പാലം ഒലിച്ചുപോയി. മറ്റൊന്ന് കട്ടയ്ക്ക് പിടിച്ചുനിന്നു. പറ‍ഞ്ഞുവരുന്നത് നിലമ്പൂരിലെ കൈപ്പിനി പാലത്തെക്കുറിച്ചാണ്. പൂക്കോട്ടുമണ്ണ റഗുലേറ്ററും പനങ്കയം പാലവും കഴിഞ്ഞാണ് ചാലിയാറിൽ കൈപ്പിനി പാലം വരുന്നത്. പനങ്കയം പാലത്തിൽ അടിഞ്ഞു കൂടിയ മരങ്ങളുടെ ചിത്രം നമ്മൾ കണ്ടതാണ്.

പക്ഷേ, പാലം കുലുങ്ങിയില്ല. പ്രളയവഴിയിൽ പനങ്കയത്തിനുശേഷം വരുന്ന കൈപ്പിനി നെടുകെപ്പിളർന്ന് ഒലിച്ചുപോയി. സംശയം ഇതാണ്: പ്രളയക്കണക്കിൽ കൈപ്പിനിയെ ഉൾപ്പെടുത്താമോ ? ശാസ്ത്രീയ വിശദീകരണങ്ങൾ പലതുമുണ്ടാകും. ഇതുവെറും സംശയം മാത്രമാണ്. സംശയിക്കാൻ 15 കോടി രൂപ (കൈപ്പിനിയിൽ പുതിയ പാലം നിർമിക്കാൻ ഇത്രയും വേണ്ടി വരുമെന്നാണ് മരാമത്ത് വകുപ്പ് പറയുന്നത്) കൊടുക്കേണ്ടല്ലോ?

പുഴയുടെ ചരിത്രം മാറി

ഓഗസ്റ്റിലെ കുത്തൊഴുക്കോടെ സ്വന്തം ചരിത്രം തന്നെ ചാലിയാർ മുറിച്ചു കടന്നു. 10.5 മീറ്ററാണ് ഇതുവരെ ചാലിയാറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ജലനിരപ്പ്. അതനുസരിച്ചാണ് പുഴയിലെ തടയണകളും പാലങ്ങളും എല്ലാം നിർമിച്ചിരിക്കുന്നത്. പക്ഷേ, ഓഗസ്റ്റിൽ ചരിത്രം മാറി. 12.04 മീറ്റർ എന്ന റെക്കോർഡ് ജലനിരപ്പിലേക്ക് പുഴ ഉയർന്നു. ചാലിയാറിൽ നിലവിലുള്ള നിർമിതികളെല്ലാം കാലഹരണപ്പെട്ടു കഴിഞ്ഞെന്നു സാരം.

തടയണ = തുമ്പിക്കയ്യില്ലാത്ത ആന

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം   വരുന്നതിനോടു ചേർന്ന് വളരെ തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തതാണ് പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിജ്. കയ്യടികൾ, പത്രത്തിൽ ഫോട്ടോ, എല്ലാം ഗംഭീരമായി വരികയും ചെയ്തു. പക്ഷേ,  പ്രധാനപ്പെട്ട ഒരു ചോദ്യം ആരും ചോദിച്ചില്ല. ജലസേചനമാണ് റഗുലേറ്ററിന്റെ ലക്ഷ്യമെങ്കിൽ കനാലുകൾ എവിടെ? മൂന്നു വർഷം കഴിഞ്ഞിട്ടും പൂക്കോട്ടുമണ്ണ റഗുലേറ്ററിൽനിന്ന് എവിടേക്കും ജലസേചനം നടക്കുന്നില്ല.

23 കോടി രൂപ കൊടുത്ത് തുമ്പിക്കയ്യില്ലാത്ത ആനയെ വാങ്ങിയ അവസ്ഥയാണ് നമ്മുടേത്. ഇതു തന്നെയാണ് മമ്പാട് പഞ്ചായത്തിലുള്ള ഓടായിക്കൽ റഗുലേറ്ററിന്റെ അവസ്ഥയും. ചാലിയാറിലെ തടയണകൾ വെള്ളം തടഞ്ഞുനിർത്തുന്നു എന്നതൊഴിച്ചാൽ മറ്റൊരു ഉപകാരവും ഇതുവരെ ചെയ്തിട്ടില്ല. മാത്രമല്ല, തടയണകൾ വന്നതിനു ശേഷമാണ് പലയിടങ്ങളിലും വെള്ളപ്പൊക്കം പതിവായ‌തെന്ന ആരോപണവുമുണ്ട്. 

ഡാം വന്നാൽ എല്ലാം ശരിയാകുമോ?

പ്രളയം തടയുക എന്ന ലക്ഷ്യത്തോടെ പോത്തുകല്ല് പഞ്ചായത്തിലെ അമ്പുട്ടാൻപൊട്ടിയിൽ ഡാം നിർമിക്കാനാണ് അധികൃതരുടെ നീക്കം. 1500 കോടി രൂപ ചെലവുവരുന്ന പദ്ധതി കരാറുകാർക്കും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഏറെ ഗുണം കിട്ടുന്ന കാര്യമാണെന്നതിൽ സംശയമില്ല. പക്ഷേ, പരിസ്ഥിതി പ്രവർത്തകർ ഈ നിർദിഷ്ട ഡാമിനു മുൻപിലേക്ക് ചില ചോദ്യത്തടയണകൾ വയ്ക്കുന്നുണ്ട്. അവ ഇതാണ്:

1. പോത്തുകല്ലിൽനിന്ന് ഏറെ താഴെ വച്ചാണ് പ്രധാന പോഷക നദികളെല്ലാം ചാലിയാറിൽ ചേരുന്നത്. അപ്പോൾ പോത്തുകല്ലിൽ ഡാം പണിതിട്ട് എന്താണു കാര്യം?

2. ജലസേചന സൗകര്യവും ഡാമിന്റെ ലക്ഷ്യമാണെന്നു പറയുന്നുണ്ട്. നിലവിൽ ഓടായിക്കൽ, പൂക്കോട്ടുമണ്ണ റഗുലേറ്ററുകൾ തന്നെ നോക്കുകുത്തികളായി തുടരുമ്പോൾ ഡാം പണിയേണ്ടത് അത്യാവശ്യമാണോ?

3. കുത്തിയൊഴുകുന്ന നദിയായ ചാലിയാറിൽ ഡാം സാധ്യമല്ലെന്ന് പണ്ട് ബ്രിട്ടിഷുകാർ നടത്തിയപഠനത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ടെക്റ്റോണിക് ആക്ടിവിറ്റി (ഭൗമാന്തർഭാഗത്തെ ചലനങ്ങൾ) ഏറ്റവും കൂടിയ സ്ഥലമാണ് ചാലിയാറിന്റെ തടങ്ങളെന്ന് അടുത്തകാലത്തു നടത്തിയ ഒരു  പഠനത്തിലും പറയുന്നു. നിലവിൽ പ്രളയത്തെ പേടിച്ചാൽ മതി. ഇനി ഡാം തകരുമോ എന്നു കൂടി പേടിക്കേണ്ടി വരുമോ? 

2018 ലെ പ്രളയം; നമ്മളെന്തു പഠിച്ചു

ഒരു ചുക്കും പഠിച്ചില്ല. 2018 ലെ പ്രളയമുണ്ടായപ്പോൾ അധികൃതർ പറഞ്ഞു: പ്രളയ മാപ്പുണ്ടാക്കും, പരിസ്ഥിതി ദുർബല പ്രദേശങ്ങളെ അടയാളപ്പെടുത്തും. ജനങ്ങൾക്കു മുന്നറിയിപ്പു ലഭ്യമാക്കും. രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സംവിധാനം ഒരുക്കും. സൂപ്പർ, കലക്കി, കിടുക്കി. ശരി ആ മാപ്പെവിടെ, മുന്നറിയിപ്പെവിടെ, രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിച്ചതെവിടെ? ചാലിയാറിന്റെ തീരത്തുള്ളവർക്ക് ഇതൊന്നും കിട്ടിയതായി അറിവില്ല. മലപ്പുറം ജില്ലയിൽ ആകെ 3 പ്രധാന നദികളേ ഉള്ളൂ. കടലുണ്ടിയും ചാലിയാറും ഭാരതപ്പുഴയും. ഇവയെക്കുറിച്ചെന്തെങ്കിലും പഠനം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കയ്യിലുണ്ടോ ? ഇല്ല. ഈ പുഴകളിൽ ജലനിരപ്പുയർന്നാൽ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് വല്ല പിടിയുമുണ്ടോ? ഇല്ല. വല്ലാത്തൊരു ദുരന്തം തന്നെ!

കാടുകൾക്ക് വേര് നഷ്ടപ്പെടുമ്പോൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനമനുസരിച്ച് 1973 മുതൽ 2016 വരെയുള്ള 43 വർഷത്തിനിടെ കേരളത്തിലെ 50 ശതമാനം വനഭൂമി ഇല്ലാതായി. ഏകദേശം 9 ലക്ഷം ഹെക്ടർ കാട് മറ്റാവശ്യങ്ങൾക്കായി നമ്മൾ മാറ്റിയെടുത്തു. നഷ്ടമായത് പശ്ചിമഘട്ടത്തിന്റെ ഹരിതമേലാപ്പാണെന്നു പറയേണ്ടതില്ലല്ലോ.  കാടുകളും മരങ്ങളും ഇല്ലാതാകുമ്പോൾ സംഭവിക്കുന്ന ഒരു പ്രധാന കാര്യം ഉരുൾപൊട്ടലുകൾ വർധിക്കുമെന്നതാണ്. ഓഗസ്റ്റിൽ മാത്രം 80 ഉരുൾപൊട്ടലുകൾ കേരളത്തിലുണ്ടായെന്നാണു കണക്ക്. ഇതിൽ 90 ശതമാനവും പശ്ചിമഘട്ട മേഖലയിലാണ് സംഭവിച്ചതും.

ചാലിയാറിലെ വെള്ളപ്പൊക്കത്തെ ഇത്രത്തോളം രൂക്ഷമാക്കിയതും വന നശീകരണത്തെത്തുടർന്നുള്ള ഉരുൾപൊട്ടലുകളാണ്. കാടിന്റെ വേരുപടലം നഷ്ടപ്പെട്ട മണ്ണ് കനത്തമഴയിൽ താഴോട്ടിറങ്ങിപ്പോരും. നിലമ്പൂർ മേഖലയിൽ അനുഭവമുള്ളതാണ്. ഈ ഓഗസ്റ്റിൽ ഉണ്ടായ ഉരുൾപൊട്ടലുകളെക്കുറിച്ചും പ്രളയത്തെക്കുറിച്ചും സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) നടത്തിയ പ്രാഥമിക പഠനത്തിൽ ഇങ്ങനെ പറയുന്നു: അമിതമായ പ്രകൃതിചൂഷണമാണ് മലപ്പുറത്തെ ഉരുൾപൊട്ടലുകൾക്ക് കാരണമായത്. പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളിൽ മുള, തായ്‌വേരുള്ള വൃക്ഷങ്ങൾ എന്നിവ വളർത്തണം. 30 ഡിഗ്രിയിൽ കൂടുതൽ െചരിവുള്ള പ്രദേശങ്ങളിൽ ഭൂവിനിയോഗം നിയന്ത്രിക്കണം. മലയോരത്തു പ്രത്യേകിച്ചും ദീർഘകാല വിളകളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama