go

പൊന്നാനി നഗരസഭാ യോഗത്തിൽ ‘ഉന്തും തള്ളും’

പൊന്നാനി നഗരസഭാ കൗൺസിൽ യോഗത്തിനിടയിൽ പ്രതിപക്ഷ, ഭരണപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ വാക്കേറ്റം.
SHARE

പൊന്നാനി ∙ ഭവനപദ്ധതിയിൽനിന്ന് അർഹരെ ഒഴിവാക്കിയെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ നിന്നിറങ്ങിപ്പോകാനൊരുങ്ങിയ പ്രതിപക്ഷ കൗൺസിലർമാരോട് ‘ഒപ്പിട്ട്, ചായ കുടിച്ച് പോയിക്കോളൂ’വെന്ന നഗരസഭാധ്യക്ഷന്റെ കമന്റ് ഉന്തും തള്ളിലും കലാശിച്ചു. ‘ചായ കുടിക്കാൻ വന്നവരല്ലെന്ന്’ പറഞ്ഞ് പ്രതിപക്ഷ കൗൺസിലർമാർ അധ്യക്ഷനുനേരെ രോഷാകുലരായെത്തി. യോഗത്തിനു ശേഷം നഗരസഭാധ്യക്ഷൻ സി.പി.മുഹമ്മദ്കുഞ്ഞി തലകറങ്ങി വീണു.

ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നഗരസഭാധ്യക്ഷനെത്തുന്നതിനു മുൻപേ പ്രതിപക്ഷ കൗൺസിലർമാരും ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു.  യുഡിഎഫ് കൗൺസിലർമാരായ വി.ചന്ദ്രവല്ലിയാണ് നഗരസഭാധ്യക്ഷന്റെ പ്രസ്താവന ചോദ്യം ചെയ്ത് ചെയറിനടുത്ത് എത്തിയത്. തൊട്ടുപിന്നാലെ അക്രമാസക്തനായി അത്തീക്ക് പറമ്പിലും വന്നു. കൗൺസിൽ അജൻഡ കീറി അധ്യക്ഷനു നേരെയെറിഞ്ഞു. മറ്റ് കൗൺസിലർമാരെല്ലാം അത്തീക്കിനെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. വാക്കേറ്റമുണ്ടായതിനു തൊട്ടുപിന്നാലെ നഗരസഭാധ്യക്ഷനെ ആക്രമിച്ചുവെന്ന ആരോപണങ്ങളും പ്രതിഷേധങ്ങളുമുയർന്നു.

പ്രതിപക്ഷ കൗൺസിലർമാരെ ആക്രമിച്ചെന്ന് ആരോപിച്ച് യുഡിഎഫും രംഗത്തുവന്നു. ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. നഗരസഭാധ്യക്ഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പ്രചാരണങ്ങൾ കൂടുതൽ കൊഴുത്തു. നഗരസഭാധ്യക്ഷനു നേരെ അക്രമാസക്തനായെത്തിയ പ്രതിപക്ഷ കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗൺസിലർമാർ രംഗത്തു വന്നു. തൊട്ടുപിന്നാലെ കൗൺസിലർ അത്തീക്കിനെ  സസ്പെൻഡ് ചെയ്തതായി നഗരസഭാധ്യക്ഷൻ അറിയിക്കുകയും ചെയ്തു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama