മഞ്ചേരി ∙ റിമാൻഡ് പ്രതിക്ക് ജയിൽ കവാടത്തിൽ നിക്കാഹ്. കോട്ടയ്ക്കൽ പുതുപ്പറമ്പ് ആൾക്കൂട്ട അക്രമണക്കേസ് പ്രതി പുതപ്പറമ്പ് ഷബീറിന്റെ നിക്കാഹിന് ആണ് ഇന്നലെ വൈകിട്ട് മഞ്ചേരി സ്പെഷൽ സബ് ജയിൽ പരിസരം വേദിയായത്. പുതുപ്പറമ്പ് സ്വദേശിനിയുമായി ഇയാളുടെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കേസിൽ പ്രതി ചേർക്കപ്പെട്ടതും ഇന്നലെ രാവിലെ പിടിയിലാകുന്നതും.
മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി ജയിലിലേക്ക് വിട്ടു. നിക്കാഹ് കാര്യം പൊലീസിനെ അറിയിച്ചെങ്കിലും നിസ്സഹായത പ്രകടിപ്പിച്ചു. ജയിലിൽ ആകും മുൻപ് നിക്കാഹ് നടത്താൻ 2 മണിക്കൂർ സമയം ആവശ്യപ്പെട്ടതും ലഭിച്ചില്ല. തുടർന്നാണ് കോടതിയുടെ അനുമതിയോടെ ബന്ധുക്കൾ ജയിൽ കവാടത്തിൽ നിക്കാഹ് നടത്തിയത്.