കുറ്റിപ്പുറം∙ ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പാലത്തിന്റെ പ്രതലം പ്രത്യേക രീതിയിൽ നവീകരിച്ചതിനാൽ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നിനീങ്ങി അപകടങ്ങൾ ഏറുന്നതിനെ തുടർന്നാണ് ദേശീയപാത അധികൃതരുടെ മുന്നറിയിപ്പ്. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെ 3 കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പ്രധാന കാരണം പാലത്തിന്റെ പ്രതലത്തിലെ മിനുസമാണെന്ന് പറയുന്നു.
പാലത്തിന്റെ ഇരുവശത്തുനിന്നു വന്ന കെഎസ്ആർടിസി ബസുകളും കോഴിക്കോട്ടുനിന്ന് വരികയായിരുന്ന കെഎസ്ആർടിസി മിന്നൽ ബസുമാണ് അപകടത്തിൽപെട്ടത്. പിന്നിലുണ്ടായിരുന്ന മിന്നൽ ബസ് ബ്രേക്ക് ചെയ്തെങ്കിലും നിരങ്ങിനീങ്ങി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ 5 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കട്ടിയേറിയ ടാർ കൂടുതൽ അടങ്ങിയ പ്രത്യേക മിശ്രിതം ഉപയോഗിച്ചാണ് കുറ്റിപ്പുറം പാലത്തിന്റെ പ്രതലം നവീകരിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കോൺക്രീറ്റ് പ്രതലത്തിൽ നേരിട്ട് റബറൈസ് ചെയ്യാൻ കഴിയാത്തതിനാലാണ് പ്രത്യേക ടാർ മിശ്രിതം പൂശിയത്. ഈ മിശ്രിതമാണ് ഇപ്പോൾ അപകട സാധ്യത ഉയർത്തുന്നത്. പാലത്തിന്റെ മുകൾഭാഗം ജനുവരി 15ന് ശേഷമേ റബറൈസ് ചെയ്യൂ. അതുവരെ നിലവിലെ അവസ്ഥ തുടരുമെന്നതിനാൽ വാഹനങ്ങൾ താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
മറക്കരുത്, ഈ നിർദേശങ്ങൾ
∙ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ വേഗം കുറയ്ക്കണം. ഇതിനായി പാലത്തിന്റെ ഇരുവശത്തും ഉടൻ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കും.
∙ പ്രത്യേകതരം ടാർ ഉപയോഗിച്ചുള്ള കോട്ടിങ് ആയതിനാൽ പാലത്തിന്റെ പ്രതലത്തിൽ മിനുസം കൂടുതലാണ്. ബ്രേക്ക് ചെയ്താൽ വാഹനങ്ങൾ തെന്നി നീങ്ങാനും അപകടത്തിനും സാധ്യതയുണ്ട്. വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിച്ചുവേണം കടന്നുപോകാൻ.
∙ മഴ പെയ്യുന്ന സമയത്ത് അപകട സാധ്യത ഏറെയാണ്. ചാറ്റൽ മഴയുള്ള സമയത്ത് പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ സാവധാനം മാത്രമേ പാലത്തിലൂടെ സഞ്ചരിക്കാൻ പാടൂ. പാലത്തിൽവച്ച് വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്.
∙ പാലത്തിന്റെ അവസാനവട്ട ടാറിങ്ങിനായി 45 ദിവസത്തിലധികം സമയം വേണം. ശബരിമല തീർഥാടനകാലം കഴിഞ്ഞശേഷം രാത്രിയിൽ പാലം അടച്ചിട്ട ശേഷമേ ടാറിങ് നടത്താനാകൂ. അതുവരെ പാലത്തിൽ വേഗനിയന്ത്രണം ഏർപ്പെടുത്തും.