മുംബൈ∙ തന്റെ അനുവാദമില്ലാതെ തനിക്കു ജന്മം നൽകി എന്ന് പരാതിപ്പെട്ട് ഇരുപത്തേഴുകാരൻ മാതാപിതാക്കൾക്കെതിരെ കോടതിയിലേക്ക്. റാഫേൽ സാമുവൽ യുട്യൂബ് വിഡിയോ വഴിയാണ് ഇക്കാര്യം അറിയിച്ചത്. വിഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
ഈ ഭൂമിയിലേക്ക് ഓരോ വ്യക്തിയും അവരുടെ അനുവാദമില്ലാതെയാണ് ജനിച്ചുവീഴുന്നത്. അതുകൊണ്ടുതന്നെ അവരുടെ ചെലവുകൾ ഉൾപ്പെടെ വഹിച്ച് ജീവിതം സുഗമമാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. മാതാപിതാക്കൾ മക്കളെ നിക്ഷേപമായോ ഇൻഷുറൻസ് പോളിസിയായോ കാണരുത്. അവരുടെ സ്വകാര്യ സന്തോഷത്തിന്റെ അവശേഷിപ്പാണ് ഓരോ കുഞ്ഞും. ജനസംഖ്യാവർധന അടക്കം സാമൂഹ്യപ്രാധാന്യമുള്ള ഒരു വിഷയമാണ് താൻ ഉന്നയിക്കുന്നതെന്നും യുവാവ് പറഞ്ഞു.
എന്നാൽ ജനിക്കുന്നതിനു മുൻപേ എങ്ങനെയായിരുന്നു തങ്ങൾ മകന്റെ അനുവാദം ചോദിക്കേണ്ടിയിരുന്നതെന്ന വാദവുമായി റാഫേലിന്റെ മാതാപിതാക്കൾ തിരിച്ചടിച്ചു. ഇരുവരും അഭിഭാഷകരാണ്.