go

ഹിന്ദുസ്ഥാനി സംഗീതം ജനപ്രിയമാക്കാന്‍ ലക്ഷ്യമിട്ട് അല്‍ഫോന്‍സ് ജോസഫ്

SHARE

കൊച്ചി: ഭാരത സാംസ്‌കാരിക പൈതൃകത്തോട് ഇഴചേര്‍ന്ന ഹിന്ദുസ്ഥാനി സംഗീതത്തെ കേരളത്തില്‍ കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ടു പ്രമുഖ സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്. കളമശേരിയിലുള്ള ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ പുതുതായി ആരംഭിച്ച ഹിന്ദുസ്ഥാനി സംഗീത വിഭാഗത്തില്‍ മൂന്നു പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ നേതൃത്വത്തിലാവും ക്ലാസുകളെന്ന് അദ്ദേഹം അറിയിച്ചു.

ഉയര്‍ന്ന നിലവാരമുള്ള ഹിന്ദുസ്ഥാനി സംഗീത വിദ്യാഭ്യാസംഗുരുമുഖത്തുനിന്നു പഠിപ്പിക്കുന്ന രീതിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എ.ആര്‍. റഹ്മാനൊപ്പം ആരോമലേ എന്ന ഗാനം അനശ്വരമാക്കിയ അല്‍ഫോന്‍സ് പറയുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞനും പദ്മശ്രീ പണ്ഡിറ്റ് ജിതേന്ദ്ര അഭിഷേകിയുടെ ശിഷ്യനുമായ പണ്ഡിറ്റ് സുധാകര്‍ ഗോപാല്‍ ദിയോലെയാണ് ക്രോസ്‌റോഡ് കളമശേരി കാമ്പസില്‍ ആരംഭിച്ച പുതിയ വകുപ്പിനു നേതൃത്വം നല്‍കുക.

ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മവിഭൂഷന്‍ ഹരിപ്രസാദ് ചൗരസ്യയുടെ പ്രധാനപ്പെട്ട ശിഷ്യന്‍മാരില്‍ ഒരാളുമായ പുല്ലാങ്കുഴല്‍ വിദ്ഗധന്‍ സമീര്‍ റാവു, സിത്താര്‍ വാദകനും കൃഷ്ണകുമാര്‍, ഉസ്താദ് ബാലെ ഖാന്‍, ഉസ്താദ് ഹമീദ് ഖാന്‍ എന്നിവര്‍ക്കു കീഴില്‍ സിത്താര്‍ പഠിക്കുകയും ചെയ്ത പോള്‍സണ്‍ ജോസഫ് എന്നിവരും പരിശീലനം നല്‍കും. സംഗീത സംവിധായകന്‍ അല്‍ഫോന്‍സിന്റെ സഹോദരന്‍ കൂടിയായ പോള്‍സണ്‍, ധാര്‍വാഡിലെ കര്‍ണാടക് സര്‍വകലാശാലയില്‍നിന്ന് സിത്താര്‍ മാസ്റ്റേഴ്‌സ് ബിരുദത്തില്‍ സ്വര്‍ണമെഡല്‍
ജേതാവാണ്.

സംഗീത വ്യവസായരംഗത്തു യുവ സംഗീതജ്ഞരെ സജ്ജരാക്കുന്നതിനു ലക്ഷ്യമിട്ട് അടുത്തിടെ ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഓഫ് മ്യൂസിക് ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷനില്‍ സ്‌പെഷ്യലൈസ്ഡ് ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സ് അവതരിപ്പിച്ചിരുന്നു. ഗന്ധര്‍വ മഹാവിദ്യാലയ സിലബസിലെ പ്രാരംഭിക് മുതല്‍ വിശാരദ് വരെയുള്ളവ പാലിച്ച് ഏഴു വര്‍ഷ കാലയളവിലായാണു ക്രോസ്‌റോഡ്‌സില്‍ പുതിയ ഹിന്ദുസ്ഥാനി മ്യൂസിക് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് പണ്ഡിറ്റ് സുധാകര്‍ ദേവ്‌ലി പറഞ്ഞു. ഇതു ബാച്ചിലര്‍ ബിരുദത്തിനു
തുല്യമാണെന്നും വാശിയിലെ അഖില്‍ ഭാരതീയ ഗാന്ധര്‍വ മഹാവിദ്യാലയ മണ്ഡലുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.

ഈ പ്രോഗ്രാമിലൂടെ, കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്ന തരത്തില്‍, ക്രോസ്‌റോഡ്‌സ് വിദ്യാര്‍ഥികളെ ജൂനിയേഴ്‌സ് (8-12 വയസ്), സീനിയേഴ്‌സ് (16-24 വയസ്) സജ്ജരാക്കും. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഓള്‍ ഇന്ത്യ റേഡിയോ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഈ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും. ആറു വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കായി മെലഡി, റിഥം, ഹാര്‍മണി എന്നിങ്ങനെ സംഗീതത്തിന്റെ മൂന്നു പ്രധാന ഘടകങ്ങളെക്കുറിച്ച് ലളിതമായ ക്ലാസിക്കല്‍ സംഗീത പരിശീലനവും നല്‍കും. അങ്കണവാടികളില്‍ സമഗ്ര സംഗീത വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി കേരള സര്‍ക്കാരുമായി ചര്‍ച്ചകള്‍
പുരോഗമിക്കുകയാണെന്നും അല്‍ഫോന്‍സ് ജോസഫ് അറിയിച്ചു.

ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍നിന്നു സംഗീതത്തില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ അല്‍ഫോന്‍സ് ജോസഫ്, സംഗീത വിദ്യാഭ്യാസത്തിലും ചികിത്സാ, സാമൂഹികപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള സംഗീത പരീക്ഷണങ്ങളിലും സജീവമാണ്. കര്‍ണാടിക് മ്യൂസിക്കില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സംഗീതജ്ഞനാണ് അല്‍ഫോണ്‍സ്. ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഇദ്ദേഹം ഈണമിട്ട ശ്രദ്ധേയ
ഗാനങ്ങള്‍ നിരവധിയാണ്.

സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്റെ വേള്‍ഡ് ടൂര്‍ ഉള്‍പ്പെടെ പ്രാദേശികമായും അന്തര്‍ദേശീയമായും 500 ലധികം കണ്‍സേര്‍ട്ടുകളില്‍ പ്രതിഭ തെളിയിച്ചു. നാലു വര്‍ഷക്കാലം സിനിമാ മേഖലയിലെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തി അല്‍ഫോന്‍സ് ജോസഫ്
രൂപപ്പെടുത്തിയ കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡ് (കെഎംഎല്‍) എന്ന പ്രീ സ്‌കൂള്‍ സംഗീത പാഠ്യപദ്ധതി ശ്രദ്ധേയമായിരുന്നു. അല്‍ഫോന്‍സ് ജോസഫ്, പണ്ഡിറ്റ് സുധാകര്‍ ഗോപാല്‍ ദിയോലെ, സമീര്‍ റാവു ,പോള്‍സണ്‍ കെ.ജെ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama