go

കുതിരാൻ തുരങ്കം തുറക്കാനാകുമോ? നിർമാണം നിലച്ചിട്ട് നാലു മാസം

palakkad news
നിർമാണം പകുതിമാത്രം പിന്നിട്ട കുതിരാൻ വലത് തുരങ്കം
SHARE

വടക്കഞ്ചേരി∙ കുതിരാൻ തുരങ്കനിർമാണം നിലച്ചിട്ട് 4 മാസം. 2019 ജനുവരിയിൽ തുരങ്കം തുറക്കുമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകന്റെ വാക്ക് പാഴാവും. കൂലി കിട്ടാതെ തൊഴിലാളികൾ സമരം തുടങ്ങിയതോടെ നാല് മാസം മുമ്പ് നിർമാണം നിലക്കുകയായിരുന്നു. ഇടത് തുരങ്കത്തിലെ ജോലികൾ 90 ശതമാനവും വലത് തുരങ്കത്തിലേത് 70 ശതമാനവും പൂർത്തിയായപ്പോഴാണ് തൊഴിലാളികളും ഡ്രൈവർമാരും വാഹനഉടമകളും പണിമുടക്കാരംഭിച്ചത്. ആറുവരി നിർമാണകമ്പനിയായ കെ.എം.സി 45 കോടി രൂപയാണ് തുരങ്കനിർമാണം നടത്തുന്ന പ്രഗതി ഗ്രൂപ്പിന് നൽകാനുള്ളതെന്ന് പ്രഗതി ഗ്രൂപ്പ് പറഞ്ഞു.

കൂലി കിട്ടാതായതോടെ 250 തൊഴിലാളികളും മുപ്പതോളം ജീവനക്കാരും സമരം തുടരുകയാണ്. തുരങ്കമുഖത്തേക്ക് മണ്ണ് ഇടിഞ്ഞ് വീണ ഭാഗങ്ങൾ നീക്കം ചെയ്ത് ബലപ്പെടുത്താനും സമയമെടുക്കും. തുരങ്കത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്ത സ്ഥലങ്ങളിൽ പോലും വെള്ളം കിനിഞ്ഞിറങ്ങി വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഡ്രൈനേജുകളുടെ പണിയും പൂർത്തിയാകാനുണ്ട്. പൊലീസിന് കൺട്രോൾ സ്റ്റേഷൻ നിർമാണവും ഇതുവരെ നടന്നിട്ടില്ല. അഗ്നിസുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കിവേണം തുരങ്കം തുറന്നുകൊടുക്കാൻ. ഇതിനും സമയമെടുക്കും.

സുരക്ഷാഭീഷണിയെന്ന് പരിസ്ഥിതി സമിതി

കുതിരാനിൽ തുരങ്കത്തിനു സമീപത്തും പരിസര പ്രദേശങ്ങളിലും മണ്ണിടിയാനുള്ള സാധ്യത കൂടുതലായതിനാൽ തുരങ്കത്തിലെ സ്ഥിതി അതീവഗുരുതരമാണെന്ന് നിയമസഭ പരിസ്ഥിതി സമിതി വിലയിരുത്തിയിരുന്നു. ഇതിലും പരിശോധന നടന്നുവരികയാണ്. പ്രളയത്തിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായ തുരങ്കത്തിന്റെ കിഴക്കുഭാഗത്തായി ഇനിയും മണ്ണിടിയാനുള്ള അപകടകരമായ അവസ്ഥയുണ്ട്.

തുരങ്കത്തിനു മുകളിൽ നിൽക്കുന്ന കട്ടിയില്ലാത്ത മണ്ണ് ഉടൻ മാറ്റണം. ഇവിടുത്തെ മണ്ണിന്റെ ഘടന പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മൈനിങ് ജിയോളജി വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. തുരങ്കത്തിനുള്ളിൽ ശക്തമായ ഉറവയുള്ളതും ചില ഭാഗങ്ങൾ അടരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama