go

ട്രെയിനിൽ യാത്രക്കാരൻ ടിടിഇയെ ആക്രമിച്ചു

SHARE

പാലക്കാട് ∙ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇയ്ക്കു നേരെ യാത്രക്കാരന്റെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ ടിടിഇയ്ക്കു ചികിത്സ സഹായമൊരുക്കാൻ തയാറായില്ലെന്നും പരാതി. പാലക്കാട് ഡിവിഷനിലെ ട്രാവലിങ് ടിക്കറ്റ് എക്സാമിനറും പാലക്കാട് ടൗൺ സ്വദേശിയുമായ കെ.സജിത്തിനു നേരെയാണു കഴിഞ്ഞ രാത്രി ഒന്നരയോടെ കേരള എക്സ്പ്രസിൽ ഡ്യൂട്ടിക്കിടെ ആക്രമണമുണ്ടായത്. തലക്ക് ഗുരുതരമായ പരുക്കേറ്റ സജിത്തിനെ കാട്പാടി വെല്ലൂർ ഗവ.ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവുമായി ബന്ധപ്പെട്ടു കോയമ്പത്തൂർ സൈനിക ക്യാംപിലെ സൈനികൻ സത്യബീർ സിങിനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടായ വാക്കു തർക്കത്തിനിടെ സത്യബീർ സിങ് സജിത്തിന്റെ തലയ്ക്ക് അടിക്കുകയും നിലത്തിട്ടു തൊഴിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നാണു സത്യബീർ സിങ് ട്രെയിനിൽ കയറിയത്. ട്രെയിൻ നീങ്ങി പതിനഞ്ചു മിനിറ്റു പിന്നിട്ട ഉടൻ സജിത്ത് ടിക്കറ്റ് പരിശോധനയ്ക്ക് ആവശ്യപ്പെട്ടെങ്കിലും സത്യബീർസിങ് ടിക്കറ്റോ, കാർഡോ ഹാജരാക്കിയില്ല.

കുറച്ചു കഴിഞ്ഞ് ഇദ്ദേഹം ബഹളം വയ്ക്കുകയും സഹയാത്രികരെ അസഭ്യം പറയുകയും ചെയ്തു. ഇതു അന്വേഷിക്കാനെത്തിയ സജിത്തിനെ കടന്നു പിടിച്ച് ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അവശ നിലയിലായ സജിത്ത് റെയിൽവേ കൺട്രോൾ മുഖേന സന്ദേശം നൽകിയെങ്കിലും പൊലീസ് സഹായത്തിനെത്തിയില്ല. ട്രെയിൻ ഇൗറോഡ്, സേലം സ്റ്റേഷനുകളിലെത്തിയെങ്കിലും വിവരം അന്വേഷിക്കാൻ പോലും ഉദ്യോഗസ്ഥരെത്തിയില്ല. ട്രെയിൻ കാട്പാടിയിലെത്തിയതോടെ സത്യബീർ സിങ് അവിടെ ഇറങ്ങി.

ഇതിനിടെ സ്ഥലത്തെത്തിയ റെയിൽവേ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി സജിത്തിനെതിരെ കേസെടുത്ത് ഇരുവരെയും റെയിൽവേ സ്റ്റേഷൻ വിശ്രമമുറിയിലേക്കു മാറ്റി. എന്നാൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്ന സജിത്തിനു ചികിത്സ നൽകാൻ തയ്യാറായില്ല. സംഭവമറിഞ്ഞു രാവിലെ എട്ടരയോടെ പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർ കാട്പാടിയിലെ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ടു.

ഉദ്യോഗസ്ഥരുടെയും ഇന്ത്യൻ റെയിൽവെ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് ഓർഗനൈസേഷന്റെ ഭാരവാഹികളുടെയും സമ്മർദ്ദത്തിനൊടുവിൽ സത്യബീർ സിങിനെതിരെ കേസെടുക്കുകയും സജിത്തിനെ വെല്ലൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പാലക്കാട് മുതൽ റെനിഗുണ്ടവരെയാണ് സജിത്തിനു ഡ്യൂട്ടിയുണ്ടായിരുന്നത്. റെയിൽവേ സംരക്ഷണ സേന ട്രെയിനിലെ രാത്രികാല പട്രോളിങ് ഇല്ലാതിരുന്നതാണു പ്രശ്നങ്ങൾക്കു കാരണമെന്നു ആരോപണമുണ്ട്.

ടിടിഇക്കു മർദ്ദനം പ്രതിഷേധ കൂട്ടായ്മ നടത്തി

പാലക്കാട് ∙ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ റെയിൽവെ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് ഓർഗനൈസേഷൻ ഡിവിഷനൽ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. വർക്കിങ് പ്രസിഡന്റ് എ.സി.സുരേഷ്കുമാർ അധ്യക്ഷനായി. വി.രാജേഷ്, എൻ.എസ്.രാധാകൃഷ്ണൻ, അജി ജോസഫ്, എസ്.രാധാകൃഷ്ണൻ, പി.ആർ.രാജേഷ്, എ.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. ടിടിഇമാർക്കു സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു നിവേദനം നൽകി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama