go

കല്യാൺ ജ്വല്ലേഴ്സിന്റെ ഒരു കോടിയുടെ ആഭരണങ്ങൾ കവർന്ന പാതയിൽ പൊലീസ് വേഷത്തിലും കവർച്ച; സംഭവം ഇങ്ങനെ...

palakkad news
SHARE

ഏഷ്യയിലെ ഏറ്റവും വലിയ ചെക്പോസ്റ്റെന്ന പേരിൽനിന്ന് ഏറ്റവും ഭീതിയേറിയ ചുരമെന്ന പേരിലേക്കിറങ്ങി വാളയാർ. നികുതിവെട്ടിപ്പും ലഹരി കടത്തും കുപ്രസിദ്ധിയുണ്ടാക്കിയ വാളയാറിൽ കൊള്ള സംഘങ്ങൾ പിടിമുറുക്കിയതോടെ അതിർത്തി യാത്ര ഭീതിയിൽ

തൃശൂർ കല്യാൺ ജ്വല്ലേഴ്സിൽ നിന്നു കോയമ്പത്തൂരിലേക്കു പോയ കാർ ആക്രമിച്ച് 98.05 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തു. വാളയാറിലും സമീപത്തും ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറച്ചു നാൾ മുൻപു തൃശൂർ സ്വദേശികളായ ദമ്പതികളെ പൊലീസ് വേഷത്തിലെത്തിയ സംഘം തടഞ്ഞു സ്വർണം കവർന്നു. മണ്ണാർക്കാട് സ്വദേശികളെ തടഞ്ഞു മർദിച്ചു പണം തട്ടിയെടുത്തതും പൊലീസ് വേഷത്തിലെത്തിയവർ.
വാളയാർ മേഖല വീണ്ടും കവർച്ചക്കാരുടെ താവളമാവുകയാണ്.

കവർച്ചയും പിടിച്ചുപറിയും നിത്യസംഭവമായതോടെ തമിഴ്നാട്ടിലേക്കുള്ള രാത്രി യാത്ര ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. മനഃപൂർവം അപകടമുണ്ടാക്കിയാണു പലപ്പോഴും കൊള്ളസംഘം കവർച്ച നടത്തുന്നത്. സിനിമാ സ്റ്റൈലിൽ നിമിഷങ്ങൾ കൊണ്ടു സമ്പാദ്യം കവർന്നു സംഘം മുങ്ങും. തട്ടിയെടുക്കുന്ന വാഹനം അതിർത്തിയിലെവിടെയെങ്കിലും തള്ളും. പൊലീസ് അന്വേഷണം ഊർജിതമാക്കുമ്പോഴേക്കും പ്രതികൾ കാണാമറയത്താകും. തമിഴ്നാട് പൊലീസിന്റെ നിസ്സഹകരണം കൂടിയാകുമ്പോൾ പ്രതികളെ കണ്ടെത്തുക അസാധ്യം. അതിർത്തിയിലെ കൊള്ളയുടെ കഥകൾ ഇന്നു മുതൽ വായിക്കാം.

കോയമ്പത്തൂരിൽ നിന്നു പണവുമായി പാലക്കാട്ടേക്കു വന്ന രണ്ടു പേരുടെ കഥ. വാളയാറെത്തും മുൻപേ പണവുമായി കടന്നു, ‘പൊലീസ്...!’

2017 ഓഗസ്റ്റ് 8 ചാവടി, ദേശീയപാത

palakkad news

മണ്ണാർക്കാട് സ്വദേശിക്കുള്ള പണവുമായി തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു വരികയായിരുന്നു രണ്ടു യുവാക്കൾ. മണ്ണാ‍ർക്കാട് സ്വദേശിയുടെ സഹോദരീ പുത്രനും സുഹൃത്തും. ചാവടി കഴിഞ്ഞുള്ള ഇറക്കം. 12 പേരുടെ സംഘം കൈകാണിച്ചു. റോഡിനു സമീപം കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. കണ്ടാൽ പൊലീസ് പരിശോധന. തമിഴ് സംസാരിക്കുന്ന, ‘പൊലീസുകാർ’ കാറിന് അടുത്തെത്തി ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങാൻ കൂട്ടാക്കാത്ത രണ്ടു പേരെയും അവർ വലിച്ചിറക്കി.

palakkad news

കാറിൽനിന്ന് ഇറക്കിയവരെ സംഘം മറ്റൊരു വാഹനത്തിൽ വലിച്ചു കയറ്റി. കണ്ണിൽ മുളകുപൊടിയും വേദന സംഹാരിയും പുരട്ടി, തുണി കൊണ്ടു കെട്ടി. വാഹനത്തിനുള്ളിൽ വച്ചു കൊടിയ മർദനം. പണവുമായി വന്നവരെക്കുറിച്ചു വിവരം ലഭിക്കാതെയായപ്പോൾ മണ്ണാർക്കാടു സ്വദേശി ഫോൺ ചെയ്തു. പക്ഷേ ഫോണുകളെല്ലാം പ്രവർത്തനരഹിതമായിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞ് അദ്ദേഹത്തിന്റെ ഫോണിലേക്കു കോൾ. എത്രയും വേഗം വാളയാറിൽ എത്താനായിരുന്നു സന്ദേശം. എന്നാൽ വൈകാതെ ആ നമ്പരും പ്രവർത്തനരഹിതമായി.

palakkad news

കാറിലുണ്ടായിരുന്ന പണം കവർന്നു സംഘം യുവാക്കളെ റോഡിലേക്കു തള്ളിയിട്ടു. ഒരാളെ വനഭാഗത്തും മറ്റൊരാളെ അട്ടപ്പള്ളം ഭാഗത്തും ഉപേക്ഷിച്ചു കവർച്ചാ സംഘം കടന്നു. വാളയാറിലെത്തിയ മണ്ണാർക്കാട് സ്വദേശി കണ്ടതു പാതയരികിൽ ഉപേക്ഷിച്ച കാർ. തുടർന്നുള്ള അന്വേഷണത്തിൽ ഒരാളെ അട്ടപ്പള്ളത്തെ ഒരു വീടിന്റെ മുന്നിലും വേറൊരാളെ റോഡിലും കണ്ടെത്തി.

ഇരുവരും മർദനമേറ്റ് അവശരായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചു. പൊലീസിൽ പരാതിപ്പെടാനാകാതെ മടങ്ങി. പിന്നീട് സുഹൃത്തുക്കൾ വഴി പൊലീസുമായി ബന്ധപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. കേസിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.

ഓരോ കവർച്ചയ്ക്കും വ്യക്തമായ തിരക്കഥയുണ്ട്. പൊലീസിന്റെ വേഷം, പൊലീസ് പരിശോധനയെന്നു തോന്നിക്കാൻ സംഘത്തിന്റെ വാഹനങ്ങൾ തന്നെ നിരത്തിയിടും. മറ്റു വാഹനങ്ങൾ ശ്രദ്ധിക്കാതെ പണവും സ്വർണവുമായെത്തുന്ന വാഹനങ്ങൾ കൃത്യമായി അവർ തടയും. ഇറങ്ങാൻ കൂട്ടാക്കത്തവരെ വലിച്ചിറക്കി ആക്രമിച്ചാവും പിന്നീടുള്ള നീക്കങ്ങൾ. പിന്നെ ആക്ഷൻ സീനുകൾ. ദേശീയപാതയിൽനിന്ന് ഊടുവഴികളിലൂടെ കടക്കുന്നതോടെ ക്ലൈമാക്സ്. അതിർത്തി കവർച്ചക്കാർക്കു പലപ്പോഴും ‘ഒർജിനൽ പൊലീസിന്റെ’ സഹായവുമുണ്ട്. (അതേക്കുറിച്ചു നാളെ)

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama