go

ഐഐടി ക്യാംപസ്: തീരുമാനമാകാതെ ശിലാസ്ഥാപനം

SHARE

പാലക്കാട് ∙ കേന്ദ്രസർക്കാർ പുതുതായി അനുവദിച്ച പുതിയ 6 ഐഐടികളിൽ അവസാനത്തേതായിരുന്നു കേരളം. എന്നാൽ ആദ്യം പ്രവർത്തനം ആരംഭിച്ചതും തടസങ്ങളില്ലാതെ സ്ഥലം ഏറ്റെടുത്തു കൈമാറിയതും കേരളത്തിലാണ്. കഞ്ചിക്കോട്ട് ഒരുക്കുന്ന ക്യാംപസിന്റെ ചുറ്റുമതിൽ നിർമാണം അടക്കം പൂർത്തിയായി. പക്ഷേ, മറ്റു നിർമാണങ്ങൾ അനിശ്ചിതമായി നീളുന്നത് വിവാദങ്ങൾക്കു തിരികൊളുത്തിക്കഴിഞ്ഞു. ഐഐടി ക്യാംപസ് നിർമാണം ഉടൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പക്ഷേ, ഇതു സംബന്ധിച്ച് ഇനിയും തീരുമാനമായില്ല.

ജമ്മുകശ്മീർ, തിരുപ്പതി, ഗേ‍ാവ, ഭിലായ്, ദാർവാഡ് എന്നിവടങ്ങളിലാണു മറ്റ് ഐഐടികൾ. കശ്മീരിൽ പ്രത്യേക അധികാരം ഉപയേ‍ാഗിച്ചു വനംവകുപ്പിന്റെ സ്ഥലം ഉൾപ്പെടെ ഏറ്റെടുക്കാനായെങ്കിലും മറ്റിടങ്ങളിൽ നടപടികൾ പൂർത്തിയായി വരുന്നതേയുള്ളൂ. പാലക്കാട് ഐഐടിയിലെ ആദ്യ ബിടെക് ബാച്ച് അടുത്ത വർഷം ആദ്യം പുറത്തിറങ്ങും. മറ്റിടങ്ങളിൽ ഒരു വർഷം കൂടി കഴിയും. ആദ്യ ഘട്ടത്തിൽ മാനവശേഷി മന്ത്രാലയത്തിന്റെ ഉന്നതതല യേ‍ാഗങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിനു കേരളത്തിനെതിരെ വിമർശനമുയർന്നെങ്കിലും പിന്നീട് അത് അഭിനന്ദനമായി മാറി.

സംസ്ഥാന സർക്കാർ തയാർ

സംസ്ഥാന സർക്കാർ തറക്കല്ലിടൽ ചടങ്ങിനു തയാറാണെന്നും കേന്ദ്രമാണു തുടർ നടപടി സ്വീകരിക്കേണ്ടതെന്നും മുഖമന്ത്രിയുടെ ഒ‍ാഫിസ്. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി രണ്ടു തവണ കത്തിലൂടെയും പിന്നീട് നേരിട്ടും കേന്ദ്രത്തെ വിവരമറിയിച്ചതാണ്. സ്ഥലമെടുക്കലും അനുബന്ധ നടപടികളും വേഗം പൂർത്തിയാക്കി. ബാക്കിയുള്ള പ്രവൃത്തികളും താമസിയാതെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിയുടെ പെ‍ാളിറ്റിക്കൽ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. പദ്ധതി പ്രദേശത്ത് വനംവകുപ്പിന്റെ സ്ഥലത്തിനു പകരം സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. അതെ‍ാന്നും തറക്കല്ലിടലിനു തടസ്സമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''വർഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായി സംസ്ഥാനത്തിനു ലഭിച്ച ഐഐടിയുടെ ക്യാംപസ് നിർമാണത്തിനു തിരഞ്ഞെടുപ്പിനു മുൻപെങ്കിലും തറക്കല്ലിടാൻ കേന്ദ്രസർക്കാർ തയാറാകണം. ഒന്നര വർഷം മുൻപു തന്നെ നിർമാണം ആരംഭിക്കാൻ സ്ഥാപനം തയാറായിട്ടും കേന്ദ്രസർക്കാരാണു വ്യക്തമായ തീരുമാനമെടുക്കാതെ ചടങ്ങു നീട്ടിയത്. ശിലാസ്ഥാപനത്തിനു തയാറാണെന്ന് സംസ്ഥാന സർക്കാരും പലതവണ കേന്ദ്രത്തെ അറിയിച്ചതാണ്.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവുമായി ഇക്കാര്യം ചർച്ചചെയ്തു. മുഖ്യമന്ത്രി തറക്കല്ലിട്ടാൽ മതിയെന്ന നിർദേശമുണ്ടായി. എന്നാൽ ഇത്തരം ഒരു മികവിന്റെ സ്ഥാപനത്തിന്റെ ശിലാസ്ഥാപന ചടങ്ങിനു കേന്ദ്രമന്ത്രി തന്നെ എത്തുന്നതാണ് ഉചിതമെന്ന് അദ്ദേഹം മറുപടി നൽകി. സ്ഥലമെടുപ്പും അടിസ്ഥാന സൗകര്യം ഒരുക്കലും വേഗത്തിൽ പൂർത്തിയാക്കാനായി. ഇനി ഉടൻ ശിലാസ്ഥാപനം നടത്താനാണ് കേന്ദ്രം തയാറാകേണ്ടത് ,എം.ബി. രാജേഷ് എംപി

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama